ADVERTISEMENT

കറുകച്ചാൽ ∙ വിദേശത്ത് ലോട്ടറി അടിച്ചെന്ന് നാട്ടിലെ ബന്ധുക്കളെയും മാതാപിതാക്കളെയും അറിയിച്ച്  ലക്ഷങ്ങൾ തട്ടിയ തിരുവനന്തപുരം സ്വദേശികളായ 3 അംഗ സംഘത്തെ വാകത്താനം പൊലീസ് പിടികൂടി. തിരുവനന്തപുരം കമലേശ്വരം മണക്കാട് മുട്ടത്തറ വടുവത്ത് കോവിലിന് സമീപം പുതുവേൽപുത്തൻ വീട്ടിൽ ദിലീപ് (ശ്യാം-28), തിരുവനന്തപുരം കടകംപള്ളി ടൈറ്റാനിയം ചർച്ച് റോഡിൽ ശാലിനി നിവാസിൽ എൻ.സതീശ് (55), തിരുവനന്തപുരം അണ്ടൂർകോണം വില്ലേജിൽ കോയ്തൂർകോണം വെള്ളൂർ പുതുവേൽ പുത്തൻ വീട്ടിൽ നസീം (36) എന്നിവരാണു പിടിയിലായത്. വാകത്താനം നാലുന്നാക്കലിൽ കഴിഞ്ഞ മാസം ആദ്യം നടന്ന സമാന തട്ടിപ്പിൽ കോട്ടയം റെയിൽ വേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പികൂടിയത്.

വീടുകളിൽ തനിച്ചു താമസിക്കുന്നവരും പ്രായമായവരുമായ വ്യക്തികളുടെ മക്കൾ, ബന്ധുക്കൾ വിദേശത്തുണ്ടെങ്കിൽ,  അവരുടെ ലാൻഡ് ഫോൺ നമ്പരുകൾ കൈവശപ്പെടുത്തി അതിലേക്ക് നിങ്ങളുടെ മകന് അല്ലെങ്കിൽ മകൾക്ക് വിദേശത്ത് ഒരു ലോട്ടറി അടിച്ചിരിക്കുന്നതായി എസ്ടിഡി ബൂത്തുകളിൽ നിന്നു വിളിച്ചറിയിക്കുന്നു. തുക വിദേശത്തു മാറിയാൽ കൂടുതൽ തുക ടാക്സ് ഇനത്തിൽ കൊടുക്കേണ്ടിവരുമെന്നും അറിയിക്കും.  ഇവിടെത്തന്നെ തുക മാറാൻ സഹായിക്കാമെന്നും ഇതിനായി 40000 രൂപ മുതൽ കമ്മിഷനായും  ആവശ്യപ്പെടും. പണമില്ലെങ്കിൽ സ്വർണാഭരണങ്ങൾ നൽകിയാലും മതി.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ‍ നിർദേശ പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ.എൻ.രാജൻ, വാകത്താനം സിഐ പി.വി.മനോജ് കുമാർ, എസ്ഐ പി.പി.ജസ്റ്റിൻ, എഎസ്ഐമാരായ ജോർജുകുട്ടി, സിബിച്ചൻ, മാത്യു, എസ്‌സിപിഒ സിജു.കെ.സൈമൺ, ‍സിവിൽ പൊലീസ് ഓഫിസർമാരായ ഹരികുമാർ, സന്ദീപ്, ആന്റണി, അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

സംസാരം പാടില്ല: അടയാളം കുപ്പിവെള്ളം

ലോട്ടറി അടിച്ച വിവരം ഒരു കാരണവശാലും ഉടമയെ അറിയിക്കരുതെന്നും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ഫോൺ കോളുകൾ നിരീക്ഷിക്കുകയാണെന്നും ലോട്ടറിയുടെ കാര്യങ്ങൾ ഫോണിൽ സംസാരിച്ചാൽ ഉദ്യോഗസ്ഥരെത്തി പണം കൊണ്ടുപോകുമെന്നും പറഞ്ഞ് പണം കൈമാറുന്നതു വരെ ഫോൺ കോളുകൾ വിലക്കിയാണ് തട്ടിപ്പ്.

തട്ടിപ്പിൽ വീണു എന്നു മനസിലായാൽ പ്രായമായവരെ റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നീ സ്ഥലങ്ങളിലേക്ക് വിളിച്ചു വരുത്തും. വരുമ്പോൾ തിരിച്ചറിയുന്നതിനായി മിനറൽ വാട്ടറിന്റെ ഒരു ബോട്ടിൽ അടയാളമായി  കരുതണമെന്നും പറയും. ആളെ എളുപ്പത്തിൽ കണ്ടെത്തുന്നതിനാണ് ഈ ടെക്നിക്. സ്ഥലത്ത് ക്യാമറ ഉണ്ടെങ്കിൽ മുൻകൂട്ടി പരിശോധന നടത്തിയ ശേഷം ക്യാമറയ്ക്കു മറഞ്ഞു നിന്നാണ് പണവും സ്വർണവും വാങ്ങുക. പണം കൊടുത്ത ശേഷം ദിവസങ്ങൾ കഴിഞ്ഞും പണം കിട്ടാതെ വരുകയും കാര്യമറിയാൻ‍ സംഘത്തെ വിളിക്കുമ്പോൾ ഫോൺ കിട്ടാതെ വരുകയും ചെയ്യുമ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുക. വാകത്താനം പൊലീസ് സ്റ്റേഷനിൽ 3, തൃക്കൊടിത്താനം, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഓരോ കേസുകളുമാണ് നിലവിലുള്ളത്.

എറണാകുളത്ത് 2 കേസുകളിൽ അന്വേഷണം നടക്കുകയാണ്. വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ 3 കേസുകളിലായി 61000 രൂപയും 7 പവൻ സ്വർണാഭരണങ്ങളും തൃക്കൊടിത്താനത്ത് 20000 രൂപയും 1.75 പവൻ സ്വർണ വളയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ‍ 20000 രൂപയും ‍2018 ഒക്ടോബറിൽ എറണാകുളത്ത് 1.5 പവൻ തൂക്കം വരുന്ന കോയിനും ഒരു പവന്റെ സ്വർണ വളകളും, 2015ൽ  5 പവൻ തൂക്കം വരുന്ന സ്വർണ മാലയുമാണ് പലർക്കുമായി നഷ്ടപ്പെട്ടത്.തിരുവല്ലയിലും സമാന രീതിയിൽ കേസുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com