ADVERTISEMENT

തിരുവനന്തപുരം ∙ ഫോൺ വന്നപ്പോൾ വേദിയിൽനിന്നു പുറത്തുപോയ കെ. മുരളീധരൻ എംഎൽഎ മൂന്നു മിനിറ്റിനു ശേഷം തിരികെവന്നതു ‘സ്ഥാനാർഥി’ ആയിട്ടാണെന്നു മറ്റുള്ളവർ അറിഞ്ഞില്ല. മുരളി ഒന്നും മിണ്ടിയതുമില്ല.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനായിരുന്നു വേദി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ കാർത്തിക തിരുനാൾ തിയറ്ററിൽ തിങ്ങിനിറഞ്ഞു പ്രവർത്തകരും നേതാക്കളും. ഉമ്മൻ ചാണ്ടിയായിരുന്നു ഉദ്ഘാടകൻ. പ്രസംഗത്തിനു ശേഷം അദ്ദേഹം മുരളിയെ മാറ്റിനിർത്തി അൽപനേരം സംസാരിച്ചു. 

ഉമ്മൻ ചാണ്ടി പോയ ശേഷമാണു മുരളിക്കു ഫോൺ വരുന്നത്. അങ്ങേത്തലയ്ക്കൽ രമേശ് ചെന്നിത്തല. ‘ഉടൻ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും’. മുരളി ചിരിച്ചു ഫോൺ പോക്കറ്റിലിട്ടു വേദിയിലേക്കു മടങ്ങി.

ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പ്രസംഗിക്കുകയായിരുന്നു അപ്പോൾ. ഇതിനിടെ മൊബൈൽ ഫോണുകളിലൂടെ ആ വാർത്ത പടർന്നു: വടകരയിൽ മുരളീധരൻ സ്ഥാനാർഥി! അപ്പോഴും മുരളിയുടെ മുഖത്തു ഭാവഭേദമില്ല. ഷിബുവിനു പിന്നാലെ പ്രസംഗിച്ച അദ്ദേഹം ഈ വിഷയം തൊട്ടതേയില്ല. ‘കൊലപാതക രാഷ്ട്രീയത്തിന്റെ അംബാസഡർമാരാണു സിപിഎം നേതാക്കൾ. ചോര കണ്ടു കൊതി തീരാത്തവർ സമാധാനം പ്രസംഗിക്കുന്നു.

അരിഞ്ഞുതള്ളിയവർ സ്വതന്ത്രമായി വിലസുന്ന ഈ നാട്ടിൽ കണ്ണീരോടെ കഴിയുന്ന അമ്മമാർ യുഡിഎഫിനൊപ്പം നിൽക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരുന്നത് 44 അംഗങ്ങൾ. ഇപ്പോൾ അതു 48 ആയി. സംഘപരിവാറിനെ വളർത്തുന്ന സിപിഎം ഇതു കാണുന്നില്ലേ’– മുരളി പ്രസംഗിച്ചു നിർത്തിയതും എം. വിൻസന്റ് എംഎൽഎ അദ്ദേഹത്തെ ഷാൾ അണിയിച്ചു. അപ്പോൾ സി.പി.ജോൺ പ്രഖ്യാപിച്ചു: വടകരയിൽ യുഡിഎഫിനെ നയിക്കാൻ നമ്മുടെ മുരളീധരൻ.

പ്രവർത്തകർ അതോടെ ആവേശത്തിലായി. മുദ്രാവാക്യം വിളികളും കയ്യടികളും. ഹാളിനു പുറത്തുനിന്നവർ അകത്തേക്ക് ഇരമ്പിക്കയറി വന്നു. അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പറഞ്ഞു മുരളി കാറിലേക്ക്. ഇനി ലക്ഷ്യം വടകര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com