ADVERTISEMENT

എറണാകുളത്ത് ഇക്കുറി മൽസരം ഇത്തിരി സീരിയസാണ്. യുഡിഎഫ് കോട്ട കാത്തു സൂക്ഷിക്കാൻ യുവനിരയിൽ നിന്നൊരു ജനപ്രിയ നായകൻ, ഹൈബി ഇൗഡൻ എംഎൽഎ. യുഡിഎഫിന്റെ വിജയഗോപുരത്തിന്റെ കല്ലുകൾ ഒന്നൊന്നായി അടർത്താൻ സിപിഎമ്മിന് അവതരിപ്പിക്കാവുന്ന ഏറ്റവും ജനകീയ മുഖം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്. സിവിൽ സർവീസിലും രാഷ്ട്രീയത്തിലും പേരെടുത്ത കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.

ചരിത്രത്തിലും കണക്കുകളിലും എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അതെല്ലാം എറണാകുളത്തിന്റെ കാര്യത്തിൽ യുഡിഎഫിന് അനുകൂലമാണ്. എന്നാൽ ഇടയ്ക്കിടെയുണ്ടായ അപ്രതീക്ഷിത ചുഴലികൾ എൽഡിഎഫിന്റെ പേരിലും വിജയം രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം മാറുകയല്ലേയെന്ന ചോദ്യത്തിൽ എൻഡിഎയുടെ പ്രതീക്ഷ.

പൊതുരാഷ്ട്രീയത്തിനൊപ്പം സമുദായങ്ങളും ചെറുചെറു ഗ്രൂപ്പുകളുടെ നിലപാടുകളും നിർണായകമാവുമ്പോൾ, മൽസരം കടുപ്പമുള്ളതാവുന്നു. വികസനത്തിന്റെയും പരാധീനതകളുടെയും രണ്ടറ്റം കൂട്ടിമുട്ടിക്കുകയാണു മണ്ഡലം. മെട്രോയും ഇൻഫോ പാർക്കും വൻ വ്യവസായ സ്ഥാപനങ്ങളും ഒരു വശത്ത്. ഒപ്പം, വികസനം അൽപംപോലും എത്തിനോക്കാത്ത തീരപ്രദേശവും. തകർച്ച നേരിടുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഇതേ മണ്ഡലത്തിൽതന്നെ. മണ്ഡലത്തിന്റെ വലിയൊരുഭാഗം മഹാപ്രളയത്തിന്റെ ദുരന്തമറിഞ്ഞു. ഇൗ പ്രശ്നങ്ങളിലെല്ലാം മുന്നണി സ്ഥാനാർഥികൾ എങ്ങനെ ഇടപെട്ടുവെന്ന് വോട്ടർമാർ ഓർക്കും.

ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എറണാകുളം മണ്ഡലം 18 തവണ വോട്ടുചെയ്തു. 13 ലും യുഡിഎഫിനു വിജയം. 5 വട്ടം എൽഡിഎഫ് ജയിച്ചു അതിൽ മൂന്നും ഉപതിരഞ്ഞെടുപ്പ്. സിപിഎം സ്വന്തം ചിഹ്നത്തിൽ വിജയിച്ചത് ഒരിക്കൽ മാത്രം, 1967 ൽ വി. വിശ്വനാഥ മേനോനിലൂടെ. എന്നാൽ 2009 ൽ സിന്ധു ജോയി സിപിഎം സ്ഥാനാർത്ഥിയായി കെ.വി. തോമസിനെതിരെ നടത്തിയ പ്രകടനത്തിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ.വി. തോമസിനെ വിറപ്പിക്കാൻ സിന്ധുവിനു കഴിഞ്ഞു, 11790 വോട്ടു മാത്രം വ്യത്യാസം. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളുടെ സഹായത്തിലാണ് അന്നു യുഡിഎഫ് ജയിച്ചത്. ഇൗ കണക്കുവച്ചാണു ഇടതുമുന്നണിയുടെ പ്രചാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, കളമശേരി, പറവൂർ, തൃക്കാക്കര മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ എന്നിവ ഇടതിനൊപ്പവും നിന്നു.

ഗോദയിൽ ഇവർ

ഹൈബി ഇൗഡൻ എന്ന പേരുകേട്ടപ്പോഴേ ആശ്വാസത്തിന്റെ മന്ദഹാസം യുഡിഎഫ് ക്യാംപിൽ നിറഞ്ഞു. പ്രവർത്തകർ ഉഷാറായി. എറണാകുളം നിയമസഭാ മണ്ഡലത്തിൽ രണ്ടുവട്ടം തുടർച്ചയായി തിളക്കമാർന്ന വിജയം. എറണാകുളത്തിന്റെ മുൻ എംപിയും എംഎൽഎയുമായ ജോർജ് ഇൗഡന്റെ മകൻ. എല്ലാ പ്രായക്കാർക്കും ഒരുപോലെ വാൽസല്യം തോന്നുന്ന പ്രകൃതം. വിശ്രമമില്ലാത്ത പ്രവർത്തനം. പ്രളയത്തിനു ശേഷം വീടു നഷ്ടപ്പെട്ടവർക്കായി 100 വീടുകൾ നിർമിക്കാനുള്ള ബൃഹദ് പദ്ധതിയിലാണ് അദ്ദേഹം.

‘‘എറണാകുളത്ത് ഒട്ടേറെ പ്രഗൽഭ എംഎൽഎമാരുണ്ടായിട്ടുണ്ടെങ്കിലും മണ്ഡലത്തിൽ എന്തെങ്കിലും ചെയ്ത ജനപ്രതിനിധി ഹൈബി മാത്രമാണ്’’ – അടുത്ത സുഹൃത്തു കൂടിയായ വി.ഡി. സതീശൻ എംഎൽഎ പറയുന്നു. ‘‘പ്രളയ കാലത്തു മണ്ഡലത്തിലാകെ നിറഞ്ഞുനിന്നുള്ള പ്രവർത്തനമായിരുന്നു. കെഎസ്‌യുവിൽ തുടങ്ങി സംഘടനാ രംഗത്തു പടിപടിയായി വളർന്നുവന്ന ഹൈബിക്കു രാഷ്ട്രീയത്തിൽ ധാരാളം അനുഭവസമ്പത്തു ചുരുങ്ങിയ കാലത്തിനുള്ളിൽ നേടാനായി. ചെറുപ്പക്കാരുമായി ഏറെ താദാത്മ്യം പ്രാപിക്കാൻ കഴിയുന്നു. ഇതിനൊപ്പം പ്രായമായവരുടെ വാൽസല്യവും ഹൈബിക്കു ലഭിക്കുന്നുവെന്നതാണ് വലിയ പ്രത്യേകത’’

കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ മൽസരിപ്പിച്ച് 87,047 വോട്ടിന്റെ പരാജയവും അതിലേറെ പഴിയും ഏറ്റുവാങ്ങിയ ഇടതുമുന്നണിയിൽ സിപിഎമ്മിന്റെയും മുന്നണിയുടെയും എല്ലാ ഘടകങ്ങളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ട പേരാണ് രാജീവിന്റേത്.പാർട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയിൽ, ജൈവ പച്ചക്കറി കൃഷിപോലെ വേറിട്ട പരിപാടികൾ നടപ്പാക്കിയതും പക്വതയുള്ള പെരുമാറ്റവും രാഷ്ട്രീയത്തിനപ്പുറത്തും രാജീവിനു സ്വീകാര്യത വർധിപ്പിക്കുന്നു. പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും മുൻനിരയിൽ ദിവസങ്ങളോളം രാജീവ് ഉണ്ടായിരുന്നു. രാജ്യസഭാ എംപി എന്ന നിലയിൽ പാർലമെന്റിനകത്തും പുറത്തും നടത്തിയ പ്രവർത്തനങ്ങൾ പ്രചാരണത്തിൽ മുന്നണിയുടെ തുറുപ്പുചീട്ടാണ്.

‘‘നവീന ആശയങ്ങൾ വിജയകരമായി നടപ്പാക്കാനുള്ള കഴിവ്, ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം, രാഷ്ട്രീയം എങ്ങനെ വ്യത്യസ്തമായും മാതൃകാപരമായും നടപ്പാക്കാമെന്ന പരീക്ഷണം. ഇതെല്ലാം പി. രാജീവിനെ വേറിട്ടതാക്കുന്നു’’– എസ്. ശർമ എംഎൽഎ പറയുന്നു. ‘‘നല്ല പാർലമെന്റേറിയൻ എന്ന ബഹുമതി പലർക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ യാത്രയയപ്പു വേളയിൽ, പി. രാജീവിനെ വീണ്ടും പാർലമെന്റിലേക്കു കൊണ്ടുവരണമെന്നു രാജ്യസഭയിലെ എല്ലാ കക്ഷി നേതാക്കളും ഒരേപോലെ ആവശ്യപ്പെട്ടതു മറ്റൊരു അംഗത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ്.’’

‘ലേറ്റായാലും ലേറ്റസ്റ്റ്’ എന്നതാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ രീതി. ബിഡിജെഎസിനു നീക്കിവച്ച സീറ്റിൽ അവസാന നിമിഷം ബിജെപി സ്ഥാനാർത്ഥിയായി അൽഫോൻസിന്റെ രംഗപ്രവേശം. ഡൽഹിത്തിരക്കിൽ നിന്ന് അദ്ദേഹം മണ്ഡലത്തിലെത്തിയിട്ടില്ല. ആരെയും കൂസാത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്നു പേരുകേട്ട കണ്ണന്താനം രാഷ്ട്രീയത്തിലേക്കു വൈകിയെത്തിയ ആളാണ്. എന്നിട്ടും ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കാഞ്ഞിരപ്പള്ളിയിൽ ജയം. ബിജെപിയിൽ ചേർന്ന അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും ചില കണക്കുകൂട്ടലോടെയാണ്. എറണാകുളത്തെ സ്ഥാനാർഥിത്വവും അതിന്റെ ഭാഗം.

ഏൽപ്പിച്ച ജോലികൾ ഭംഗിയായി നിർവഹിച്ചയാൾക്കു പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തവും മോശമാക്കിക്കൂടാ. യുഡിഎഫിനും എൽഡിഎഫിനും എതിരെ ചിന്തിക്കുന്ന എറണാകുളത്തെ വോട്ടർമാർക്കു കൂടെക്കൂട്ടാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥി. ‘‘ഏതു കാര്യം ചെയ്യാൻ തീരുമാനിച്ചാലും അതു പൂർത്തിയാക്കാൻ ഏതറ്റം വരെ പോകാനും തയാറുള്ള നേതാവ്’’– ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസിനു കണ്ണന്താനത്തെ കുറിച്ചു പറയാനുള്ളത് ഇതാണ്. ‘‘ടൂറിസം, ഐടി മന്ത്രിയെന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു. വിനയത്തോടെയുള്ള പെരുമാറ്റം, വ്യക്തി ബന്ധങ്ങൾ, സത്യസന്ധനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പേര്. കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരുന്നപ്പോഴും എറണാകുളത്തായിരുന്നു താമസം.’’

അണിയറ

ഏതു മൽസരത്തിലും വിജയി ഒന്നേയുള്ളു. അതിനപ്പുറത്തേക്കു പ്രസക്തിയില്ല. വിജയിയുടെ കസേരയിലേക്കു നടന്നുകയറാൻ ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നു. നഗരകേന്ദ്രവും കടൽത്തീരവും ഉൾപ്രദേശങ്ങളും ഒരുപോലെ സ്ഥാനാർഥികളെ ഉഷ്ണിപ്പിക്കുന്നു. സർവസ്വീകാര്യരെന്ന ലേബൽ 3 പേർക്കുമുണ്ട്. വോട്ടർമാർക്കിടയിലെ ‘മാസ് അപ്പീൽ’ ഹൈബിയുടെ മുതൽക്കൂട്ട്. മികച്ച പാർലമെന്റേറിയൻ ഇമേജ് രാജീവിന്. രാഷ്ട്രീയപ്രവർത്തനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നയാൾ അൽഫോൻസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ 10% വോട്ട് വ്യത്യാസമുണ്ട്. എന്നാൽ 2009 ൽ ഇതു വെറും 2 % മാത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടു വിഹിതത്തിൽ ഉണ്ടാവുന്ന ക്രമാനുഗത വർധനയിലാണു ബിജെപിയുടെ പ്രതീക്ഷ.

∙ 'മെട്രോ പദ്ധതിയിൽ കാര്യമായ പുരോഗതിയില്ല. മെട്രോ ഇൻഫോ പാർക്കിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ദീർഘിപ്പിക്കണം. ചെല്ലാനം മുതൽ മുനമ്പം വരെയുള്ള തീരമേഖലയ്ക്കു തീര പരിപാലന നിയമം, കടൽഭിത്തി നിർമാണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുണ്ട്. തീര മേഖലയ്ക്കു പാക്കേജ് നടപ്പാക്കണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം വലിയ സ്വപ്നമാണ്.' - ഹൈബി ഇൗഡൻ 

∙ 'വോട്ടർമാരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ ചേർത്ത് വികസന കാഴ്ചപ്പാടു തയാറാക്കും. മെട്രോ കാക്കനാടിനും മറ്റു പ്രദേശങ്ങളിലേക്കും ദീർഘിപ്പിക്കണം. ചരക്കു ഗതാഗത ഹബ് ആയി കളമശേരിയെ മാറ്റണം. തീരദേശം, പരമ്പരാഗത വ്യവസായ മേഖല എന്നിവയുടെ സംരക്ഷണത്തിനു നൂതന പദ്ധതികൾ വേണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ വേണം.' - പി. രാജീവ് 

∙ 'ടൂറിസം ഭൂപടത്തിൽ എറണാകുളത്തെ ലോകത്തെ പ്രധാന ലക്ഷ്യം ആക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ലോകത്തെ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ കമ്പനികളെ കൊച്ചിയിൽ കൊണ്ടുവരണം. തീരമേഖലയിൽ താമസിക്കുന്നവർക്കു സ്ഥിര വരുമാനം ഉറപ്പാക്കണം. പുതിയ രാഷ്ട്രീയ ൈശലി രൂപപ്പെടുത്തണം.' - അൽഫോൻസ് കണ്ണന്താനം

English summary: Ernakulam Loksabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com