ADVERTISEMENT

സൽക്കാരപ്രിയരാണു കോഴിക്കോട്ടുകാർ. വീട്ടുകാരായാലും വിരുന്നുകാരായാലും വയറുനിറച്ചു വിളമ്പും. സാഹിത്യമാകട്ടെ, സിനിമയാകട്ടെ, രാഷ്ട്രീയമാകട്ടെ അതിഥി സ്നേഹം കോഴിക്കോടിന്റെ മുഖമുദ്രയാണ്. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ ലേശം ആശയക്കുഴപ്പത്തിലാണ് വോട്ടർമാർ. ‘രാഘവേട്ടനും’ ‘പ്രദീപേട്ടനും’ വോട്ടരങ്ങിൽ നിറഞ്ഞുനിൽക്കുമ്പോൾ അതു സ്വാഭാവികം.

യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന്റെയും എൽഡിഎഫ് സ്ഥാനാർഥി എ. പ്രദീപ്കുമാറിന്റെയും അടിത്തറ ജനസ്വീകാര്യതയാണ്. കഴിഞ്ഞ 10 വർഷമായി കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന രാഘവനല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേരും കോൺഗ്രസിന് ആലോചിക്കാനുണ്ടായിരുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനം ഒൗദ്യോഗികമായി വരുന്നതിനു വളരെ മുൻപുതന്നെ അനൗദ്യോഗിക സ്ഥാനാർഥിയായി അദ്ദേഹം പ്രചാരണം തുടങ്ങി.

സിറ്റിങ് എംപിയെ പിടിച്ചുകെട്ടാൻ സിപിഎം കണ്ടെത്തിയതു ജനപ്രിയനായ സിറ്റിങ് എംഎൽഎയെയാണ്. അങ്ങനെ കോഴിക്കോട് നോർത്ത് എംഎൽഎ പ്രദീപ്കുമാർ ഇടതു സ്ഥാനാർഥിയായി രംഗത്തെത്തി.  യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബുവിനെ രംഗത്തിറക്കിയാണു ബിജെപി കോഴിക്കോടിന്റെ കരംപിടിക്കാൻ ശ്രമിക്കുന്നത്.

ആതിഥ്യ മര്യാദ

കർണാടകയിൽ നിന്നെത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടിനെയും (മു‍സ്‍ലിം ലീഗ്) കൊച്ചിയിൽ നിന്നെത്തിയ വി.എ. സെയ്ദ് മുഹമ്മദിനെയും (കോൺഗ്രസ്) മലപ്പുറത്തു നിന്നു വന്ന ഇ.കെ. ഇമ്പിച്ചിബാവയെയും (സിപിഎം) കണ്ണൂരിൽ നിന്നെത്തിയ എം.കെ. രാഘവനെയും (കോൺഗ്രസ്) കടാക്ഷിച്ചിട്ടുണ്ട് ഈ മണ്ഡലം. കെ. മുരളീധരനെയും എം.പി. വീരേന്ദ്രകുമാറിനെയും ജയിപ്പിക്കുകയും തോൽപിക്കുകയും ചെയ്തിട്ടുണ്ട് കോഴിക്കോട്ടുകാർ. മുരളി 3 തവണ (1989, 91, 99) കോഴിക്കോടിന്റെ എംപിയായി. കെ.എ. ദാമോദര മേനോനും (1952) സി.എച്ച്. മുഹമ്മദ്കോയയും (1962) കെ.ജി. അടിയോടിയും (1984) കോഴിക്കോടിനെ പാർലമെന്റിൽ പ്രതിനിധീകരിച്ചവരാണ്.

മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണു സിപിഎമ്മിനു കൊടിപാറിക്കാനായത് – 1980 ൽ ഇ.കെ.ഇമ്പിച്ചിബാവ. 96 ലും 2004 ലും ഇടതു പിന്തുണയോടെ വീരേന്ദ്രകുമാർ ജയിച്ചതുകൂടി മാറ്റിനിർത്തിയാൽ ലോക്സഭയിലേക്കു വേറെ ഇടത് എംപിമാർ പോയിട്ടില്ല. 9 തവണ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. 3 തവണ ജയം ലീഗിനൊപ്പം. 2009 ൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ഇടതുപാളയം വിട്ടു യുഡിഎഫിലേക്കു വന്ന വീരേന്ദ്രകുമാറും സംഘവും ഇത്തവണ എൽഡിഎഫിനൊപ്പമാണ്. 

പോരാളികൾ

പയ്യന്നൂരിൽ നിന്നു വന്നു കോഴിക്കോടിന്റെ മനംകീഴടക്കിയ രാഘവന്റെ ലക്ഷ്യം ഹാട്രിക് വിജയമാണ്. 2009 ൽ 838 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ച രാഘവൻ പക്ഷേ, കഴിഞ്ഞ തവണ സിപിഎമ്മിലെ എ. വിജയരാഘവനെ 16,883 വോട്ടുകൾക്ക് മറികടന്നു. ജനക്കൂട്ടമാണു ദൗർബല്യം. എവിടെയും ഓടിയെത്തും. ‘രാഘവേട്ടാ’ എന്നു വിളിച്ച് ആർക്കും ഏതു സമയത്തും സമീപിക്കാം. 

എം.കെ. രാഘവനെ കോൺഗ്രസ് വീണ്ടുമിറക്കിയപ്പോൾ ആശയക്കുഴപ്പത്തിലായതു സിപിഎമ്മാണ്. രാഘവൻ എന്ന ജനപ്രിയ സിനിമയെ മറികടക്കാൻ പല ചേരുവകളും സിപിഎം പരിഗണിച്ചു. ഒടുവിലാണു ബ്ലോക്ക് ബസ്റ്റർ എംഎൽഎയെത്തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചതും പ്രദീപ് ഇറങ്ങിയതും. തുടർച്ചയായ മൂന്നാം തവണ എംഎൽഎയാണ് പ്രദീപ്. എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് രാഷ്ട്രീയം. ലോക്സഭയിലേക്കു ബസ് പിടിക്കാൻ താൽപര്യമില്ലാതെ മാറിനിൽക്കുകയായിരുന്ന പ്രദീപ് പക്ഷേ, സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ പ്രചാരണത്തിൽ അതിവേഗം മുന്നിലെത്തി.

അഭിഭാഷകവൃത്തിയിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ ജൂനിയറും രാഷ്ട്രീയത്തിൽ ശിഷ്യനുമായ പ്രകാശ് ബാബുവിലൂടെ യുവാക്കളെ ആകർഷിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു. ശബരിമല വിഷയത്തിൽ പത്തനംതിട്ടയിൽ ഒട്ടേറെ സമരങ്ങൾക്കു നേതൃത്വം ന‍ൽകിയ യുവനേതാവ് അപ്രതീക്ഷിതമായി റിമാൻഡിലായത് വോട്ടാക്കാനും ശ്രമം നടക്കുന്നു.  

വികസനപ്പോര്

ആരാണ് വികസന നായകൻ എന്ന ചർച്ചയാണു മണ്ഡലത്തിലാകെ. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ 1,823 കോടിയുടെ പദ്ധതി കൊണ്ടുവന്നതിലും എല്ലാ പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സ്റ്റേഷനായി കോഴിക്കോടിനെ മാറ്റിയതിലും ഗവ. മെഡിക്കൽ കോളജിൽ 44.50 കോടി രൂപ ചെലവിൽ ടെർഷ്യറി കാൻസർ സെന്റർ സ്ഥാപിച്ചതിലുമുള്ള ‘രാഘവൻ ടച്ച്’ കാണണമെന്നു യുഡിഎഫ് പറയുന്നു. സർക്കാർ സ്കൂളുകളെ മുൻനിരയിലെത്തിക്കാൻ പ്രദീപിന്റെ നേതൃത്വത്തിൽ നോർത്ത് മണ്ഡലത്തിൽ നടപ്പാക്കിയ ‘പ്രിസം’ പദ്ധതിയുടെ മികവാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്.

10 വർഷത്തെ ‘നാടിന്റെ നൻമയും വികസനവും രാഘവൻ’ എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് മുന്നേറുമ്പോൾ ‘പാഴായ 10 വർഷങ്ങൾ’ എന്നാരോപിച്ച് എൽഡിഎഫ് നീങ്ങുന്നു. ആരുടെ വികസനത്തിനാണു ജനം മാർക്കിടുകയെന്ന് പ്രവചിക്കുക അസാധ്യം. കോൺഗ്രസിലെയും സിപിഎമ്മിലെയും ആഭ്യന്തര പ്രശ്നങ്ങളും അടിയൊഴുക്കുകയും ആരെയാണു വീഴ്ത്തുകയെന്നു പറയാനാവില്ല. ലോക് താന്ത്രിക് ജനതാദളിന്റെയും ഐഎൻഎല്ലിന്റെയും ഇടതു പ്രവേശവും വോട്ടുപോരിനെ സ്വാധീനിക്കും. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ കോട്ടങ്ങളും പ്രചാരണായുധമാക്കിയാണു ബിജെപി യുവനേതാവിനെ രംഗത്തിറക്കിയിരിക്കുന്നത്. 

English summary: Kerala Election 2019, Kozhikode Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com