ADVERTISEMENT

ഫലം വരും മുൻപേ ‘ലീഗിന്റെ കുട്ടികൾ’ പച്ച ലഡു ഉണ്ടാക്കിവയ്ക്കുന്ന ലോക്സഭാ മണ്ഡലമാണു മലപ്പുറം. മലപ്പുറത്തിന്റെ പഴയ രൂപമായ മഞ്ചേരിയിലുൾപ്പെടെ നടന്ന 17 തിരഞ്ഞെടുപ്പുകളിൽ 16 ലും വിജയിച്ചത് മുസ്‌ലിം ലീഗ്. സംസ്ഥാനത്തെ 18 ലോക്സഭാ മണ്ഡലങ്ങളും തൂത്തുവാരിയ 2004 ലെ എൽഡിഎഫ് തരംഗത്തിൽ മാത്രം യുഡിഎഫിനെ കൈവിട്ട‌ു. ലീഗിന്റെ മറ്റൊരു മണ്ഡലമായ പൊന്നാനിയിൽ ഭൂരിപക്ഷം കുറയുന്നത് പാർട്ടിയെ അലട്ടുമ്പോൾ ഓരോ തിരഞ്ഞെടുപ്പിലും കരുത്തു കൂടുന്നതാണ് മലപ്പുറത്തെ കഥ.

ചരിത്രം ലീഗിനൊപ്പമാണെങ്കിലും വർത്തമാനകാലം അവർക്കു മറുപടി നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. മലപ്പുറത്തെ ബേക്കറികളിൽ ചുവന്ന ജിലേബിക്ക് ഓർഡർ കൊടുക്കാൻ സമയമായെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വോട്ട് വിഹിതം കൂട്ടാൻ ബിജെപിയും രംഗത്തുണ്ട്.

ജനകീയ സ്ഥാനാർഥികൾ

ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആണ് സീറ്റ് നിലനിർത്താൻ ഇറങ്ങുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് (5.15 ലക്ഷം) നേടി 2017 ലെ ഉപതിരഞ്ഞെടുപ്പിലൂടെ എംപിയായ അദ്ദേഹത്തിനു ലോക്സഭയിലേക്ക് ഇതു രണ്ടാമങ്കം. 7 തവണ എംഎൽഎയും കരുണാകരൻ, ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗവുമായിരുന്ന അനുഭവസമ്പത്താണു ബലം.

graph-1

പോരാടി കീഴടങ്ങുകയായിരുന്നു സിപിഎമ്മിന്റെ പതിവെങ്കിൽ ഇത്തവണ അട്ടിമറിയാണു ലക്ഷ്യം. ബാലസംഘം ഭാരവാഹിയായി തുടങ്ങി, വിവിധ ഘടകങ്ങൾ പിന്നിട്ട് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.പി. സാനുവിനെ സ്ഥാനാർഥിയാക്കിയത് അങ്ങനെയാണ്. സ്ഥാനാർഥികളിൽ ബേബിയായ സാനുവിന്റെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടമാണിത്. മലപ്പുറത്തും പുറത്തും കേന്ദ്രസർവകലാശാലകളിലും സമരം നയിച്ച് യുവവോട്ടർമാർക്ക് പരിചിതൻ. 1991 ൽ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയോടു തോറ്റ വി.പി.സക്കറിയയുടെ മകനാണ് വർഷങ്ങൾക്കിപ്പുറം അതേ കുഞ്ഞാലിക്കുട്ടിയെ നേരിടുന്നത്. അന്നു സക്കറിയയ്ക്ക് 27 വയസ്സ്, സാനുവിനു രണ്ടും.

എബിവിപിയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും സംസ്ഥാന പ്രസിഡന്റായി മണ്ഡലത്തിൽ മുഴുവൻ ബന്ധങ്ങളുള്ളയാളാണ് ബിജെപി സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ. 2016 ൽ കോട്ടയ്ക്കൽ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. പിഡിപി (നിസാർ മേത്തർ), എസ്ഡിപിഐ (പി.അബ്ദുൽമജീദ് ഫൈസി) സ്ഥാനാർഥികളും രംഗത്തുണ്ട്.

ലീഗിന്റെ റെക്കോർഡ് പുസ്തകം

7 നിയമസഭാ മണ്ഡലങ്ങളും ലീഗിനൊപ്പമാണ്. രൂപീകരണം മുതലുള്ള ചരിത്രം നോക്കിയാൽ പെരിന്തൽമണ്ണയിൽ അഞ്ചും മങ്കടയിൽ രണ്ടും തവണ എൽഡിഎഫ് ജയിച്ചിട്ടുണ്ട്. 2017 ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 6 മണ്ഡലങ്ങളിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂട്ടാൻ ലീഗിനു കഴിഞ്ഞു. മലപ്പുറത്തു മാത്രം നേരിയ കുറവുണ്ടായി. തദ്ദേശഭരണ സ്ഥാപനങ്ങളിലും യുഡിഎഫിനാണു മേൽക്കൈ. തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും വിധം ഇടപെടൽ നടത്താൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

graph-2

ലീഗ് നേതാക്കളായ ഇബ്രാഹിം സുലൈമാൻ സേട്ടിനെ 4 തവണയും ഇ. അഹമ്മദിനെ 6 തവണയും മലപ്പുറം ജയിപ്പിച്ചു. 2004 ൽ ടി.കെ.ഹംസയുടേതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസഗോൾ. 2014 ൽ അഹമ്മദിനു ലഭിച്ച 1,94,739 വോട്ട് ഭൂരിപക്ഷം സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പു റെക്കോർഡാണ്. പല തവണ ജയിച്ച അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ സിപിഎം ശക്തമായ പ്രചാരണം അഴിച്ചുവിട്ട തിരഞ്ഞെടുപ്പായിരുന്നു അത്. 2017 ൽ അഹമ്മദിന്റെ മരണശേഷമുള്ള ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച ഭൂരിപക്ഷം 1.71 ലക്ഷം.

ചർച്ചകളിൽ എന്നും ഡൽഹി

ലീഗിന്റെ ദേശീയമുഖങ്ങളായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെയും ഇ. അഹമ്മദിന്റെയും കാലം മുതൽ ദേശീയരാഷ്ട്രീയം ചർച്ച ചെയ്യാനാണു മലപ്പുറത്തിന് ഇഷ്ടം. പ്രാദേശിക വിഷയങ്ങൾ ചർച്ചയാക്കാൻ ഇടതുപക്ഷം ശ്രമിക്കാറുണ്ടെങ്കിലും ഒടുവിൽ ദേശീയ, മതനിരപേക്ഷ, ന്യൂനപക്ഷ രാഷ്ട്രീയ ഗതിക്കൊപ്പം ഒഴുകുന്നതാണു മലപ്പുറത്തിന്റെ സ്വഭാവം. രാഹുൽ ഗാന്ധി തൊട്ടടുത്ത മണ്ഡലമായ വയനാട്ടിൽ മത്സരിക്കാനെത്തുക കൂടി ചെയ്തതോടെ ഇക്കുറി അത്തരം ചർച്ചകളുടെ ആക്കം കൂടും.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും മുത്തലാഖ് ബിൽ ചർച്ചയിലും പാർലമെന്റിൽ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചുകൊണ്ടാണ് എൽഡിഎഫ് പ്രചാരണം തുടങ്ങിയത്. സഭയിലുണ്ടായിരുന്ന എൽഡിഎഫ് എംപിമാർ സംവരണ, മുത്തലാഖ് ബിൽ ചർച്ചകളിൽ എടുത്ത നിലപാട് എന്തെന്ന് ലീഗ് തിരിച്ചുചോദിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ന്യൂനപക്ഷ വിഷയങ്ങളിൽ ലീഗ് എടുത്ത നിലപാടുകൾ, വിവിധ കാലങ്ങളിലെ കുഞ്ഞാലിക്കുട്ടിയുടെ വികസന നേട്ടങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഗുണം ചെയ്യുമെന്ന് ലീഗ് കരുതുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ സ്ഥിതി, റെയിൽവേ സൗകര്യങ്ങൾ എന്നിവയാണു പ്രാദേശിക വിഷയങ്ങൾ.

അനുകൂലം- പ്രതികൂലം

പി.െക. കുഞ്ഞാലിക്കുട്ടി (67)
∙ അനുകൂലം:
ലീഗിലെ ഏറ്റവും ജനകീയനായ നേതാവ്. അനുഭവ സമ്പത്ത്.
വാർഷിക സമ്മേളനത്തോടെ ഉണർന്ന പാർട്ടിഘടകങ്ങൾ.

∙ പ്രതികൂലം:
ലോക്സഭാ ഹാജർനിലയെച്ചൊല്ലിയുള്ള വിമർശനം.
എതിരാളിയായി യുവസ്ഥാനാർഥി.

വി.പി. സാനു (30)
∙ അനുകൂലം:
യുവവോട്ടർമാർ പിന്തുണയ്ക്കുമെന്ന വിശ്വാസം.
പ്രചാരണത്തിലെ യുവപങ്കാളിത്തം.

∙ പ്രതികൂലം:
കരുത്തനായ യുഡിഎഫ് സ്ഥാനാർഥി
അയൽമണ്ഡലത്തിൽ രാഹുൽ ഗാന്ധി

വി.ഉണ്ണിക്കൃഷ്ണൻ (53)
∙ അനുകൂലം:
അധ്യാപക സംഘടനാ നേതാവായുള്ള മണ്ഡല പരിചയം.
ആചാരസംരക്ഷണ സമരം

∙ പ്രതികൂലം:
വൈകിത്തുടങ്ങിയ പ്രചാരണം.
ന്യൂനപക്ഷ വിഷയങ്ങളിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരായ ചർച്ച.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ആകെ വോട്ട് : 13,40,547 പുരുഷന്മാർ: 6,74,752 വനിതകൾ: 6,65,791 ട്രാൻസ്ജെൻഡേഴ്സ്: 4 ലോക്സഭ – 2014 ആകെ വോട്ടർമാർ: 11,98,444 പോൾ ചെയ്തത്: 8,53,467 പോളിങ് ശതമാനം: 71.26% ഭൂരിപക്ഷം: 1,94,739 ഇ.അഹമ്മദ് (മുസ്‍ലിം ലീഗ്): 4,37,723 – 51.29% പി.കെ. സൈനബ (സിപിഎം): 2,42,984 – 28.47% എൻ. ശ്രീപ്രകാശ് (ബിജെപി): 64,705 – 7.58% ലീഡ് 2014 – 1,94,739 1.കൊണ്ടോട്ടി: 31,717 യുഡിഎഫ് 2.മഞ്ചേരി: 26,062 യുഡിഎഫ് 3.പെരിന്തൽമണ്ണ: 10,614 യുഡിഎഫ് 4.മങ്കട: 23,461 യുഡിഎഫ് 5.മലപ്പുറം: 36,324 യുഡിഎഫ് 6.വേങ്ങര: 42,632 യുഡിഎഫ് 7.വള്ളിക്കുന്ന്: 23,935 യുഡിഎഫ് ലീഡ് 2016 – 1,18,696 1.കൊണ്ടോട്ടി: 10,654 യുഡിഎഫ് 2.മഞ്ചേരി: 19,616 യുഡിഎഫ് 3.പെരിന്തൽമണ്ണ: 579 യുഡിഎഫ് 4.മങ്കട: 1 508 യുഡിഎഫ് 5.മലപ്പുറം: 35,672 യുഡിഎഫ് 6.വേങ്ങര: 38,057 (23,310*) യുഡിഎഫ് 7.വള്ളിക്കുന്ന്:12,610 യുഡിഎഫ് *ഉപതിരഞ്ഞെടുപ്പ് ലീഡ് 2017 (ലോക്സഭാ ഉപതിരഞ്ഞെടുപ്പ്)– 1,71,023 1.കൊണ്ടോട്ടി: 25,904 യുഡിഎഫ് 2.മഞ്ചേരി: 22,843 യുഡിഎഫ് 3.പെരിന്തൽമണ്ണ: 8,527 യുഡിഎഫ് 4.മങ്കട: 19,262 യുഡിഎഫ് 5.മലപ്പുറം: 33,281 യുഡിഎഫ് 6.വേങ്ങര: 40,529 യുഡിഎഫ് 7.വള്ളിക്കുന്ന്: 20,677 യുഡിഎഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com