sections
MORE

മക്കൾ അവൾക്ക് ജീവനായിരുന്നു, ആ കുട്ടിയെ തെറ്റു പറയില്ല: 7 വയസ്സുകാരന്റെ മുത്തശ്ശി

Thodupuzha Child Abuse
SHARE

തിരുവനന്തപുരം ∙ ‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി. വിധിയാവാം. പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ - തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭർത്താവിന്റെ മാതാവിന്റെ വാക്കുകൾ. 

‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’.– അധ്യാപികയായി വിരമിച്ച അമ്മ തേങ്ങലോടെ പറയുന്നു. 

‘അധ്യാപികയായി ഒപ്പം പ്രവർത്തിച്ച സുഹൃത്തിന്റെ മകളാണ് . ചെറിയ പ്രായം മുതൽ ആ കുട്ടിയെ അറിയാമായിരുന്നു. ഓട്ടോമൊബീൽ എൻജിനീയറിങ് പഠനം കഴിഞ്ഞ മകനുവേണ്ടി അവളെ ആലോചിച്ചു. വിവാഹശേഷം വർക്ക്ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാൽ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നതു നോക്കി നിൽക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിർദയനാണ് അരുൺ. അവന്റെ ഭീഷണിക്കു മുന്നിൽ അവൾ പതറിയിരിക്കാം. 

അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിനും എനിക്കും പെൻഷനുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയും. ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. മുത്തച്ഛൻ ഇപ്പോഴും ആശുപത്രിയിൽ കുട്ടിക്കരികിലാണ്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നും ഇവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA