ADVERTISEMENT

പൊഴുതന (വയനാട്) ∙ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം ശ്രീധന്യ സുരേഷ് (26) എന്ന പേരിലൂടെ കേരളം ഓർത്തുവയ്ക്കും. 410 ാം റാങ്കിലൂടെ, സിവിൽ സർവീസ് പട്ടികയിലെത്തിയ ആദിവാസി യുവതി. ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയിൽനിന്നുള്ള ആദ്യ വ്യക്തിയായേക്കും.

കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. മുൻവർഷങ്ങളിലെ സിവിൽ സർവീസ് നിയമന രീതി അനുസരിച്ച് പട്ടികവർഗ വിഭാഗത്തിൽ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.

കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. ഒടുവിൽ സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങൾക്കില്ലായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു.

കയ്യില്‍ ബാൻഡേജുമായി വിജയാഘോഷം

പൊഴുതന ∙ ശ്രീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ വയറിങ് പോലും ശരിയാക്കിയിട്ടില്ല. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്. 

ഒന്നാം റാങ്ക് ദലിത് യുവാവിന്

kansihk
കനിഷക് കടാരിയ

ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ രാജസ്ഥാന്. െഎെഎടി ബോംബെയിലെ ബി ടെക് ബിരുദധാരിയും ഡേറ്റ അനലിസ്റ്റുമായ കനിഷക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. കനിഷക് പട്ടികജാതി വിഭാഗത്തിൽ നിന്നാണ്.

ഗുവാഹത്തി െഎെഎടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ ജയ്പുർ സ്വദേശി അക്ഷത് ജയിനാണു രണ്ടാം റാങ്ക്. ഡൽഹിയിൽ  നിന്നുള്ള യുപി സ്വദേശി ജുനൈദ് അഹമ്മദിനാണു മൂന്നാം സ്ഥാനം. അഞ്ചാം റാങ്ക് നേടിയ ശ്രുതി ജയന്ത് ദേശ്മുഖാണ് വനിതകളിലെ ഉയർന്ന റാങ്കുകാരി. 759 പേരാണു റാങ്ക് പട്ടികയിലുള്ളത് – 577 പുരുഷന്മാരും 182 വനിതകളും.

കേരളത്തിൽ ഒന്നാമത് ശ്രീലക്ഷ്മി

r-sreelakshmi
ആർ. ശ്രീലക്ഷ്മി

തിരുവനന്തപുരം ∙ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമതെത്തിയത് ആലുവ കടുങ്ങല്ലൂർ സ്വദേശി ആർ. ശ്രീലക്ഷ്മി (റാങ്ക് 29). മറ്റു ചില റാങ്ക് ജേതാക്കൾ– 49) രഞ്ജിന മേരി വർഗീസ്, ബദിയടുക്ക, കാസർകോട്; 66) അർജുൻ മോഹൻ, പയ്യന്നൂർ, കണ്ണൂർ; 132) ജിഷ്ണു ജെ. രാജു, ചെമ്പഴന്തി, തിരുവനന്തപുരം; 210) പി. നിഥിൻരാജ്, രാവണിശ്വരം, കാസർകോട്; 234) പി. വിഷ്ണുരാജ്, എറവ്, തൃശൂർ;  298) എ.ബി. ശിൽപ, വെള്ളൂർ, തിരുവനന്തപുരം; 299) വീണ എസ്. സുധൻ, കായംകുളം. 301. ആര്യ ആർ. നായർ, കൂരോപ്പട, കോട്ടയം; 321) സൂരജ് ബെൻ, മൂവാറ്റുപുഴ; 329) ഡോ. നിർമൽ ഔസേപ്പച്ചൻ, തുമ്പോളി, ആലപ്പുഴ; 334) പി.പി. അർച്ചന, പയ്യന്നൂർ; 353) എസ്. ഗൗതം രാജ്, ചവറ, കൊല്ലം; 390) പി. മുഹമ്മദ് സജ്ജാദ്, കരുവാരക്കുണ്ട്, മലപ്പുറം; 397) ദിവ്യ ചന്ദ്രൻ, ശാസ്തമംഗലം, തിരുവനന്തപുരം; 405) എം.പി. അമിത്ത്, വേങ്ങേരി, കോഴിക്കോട്; 421) ടി. ഫറാഷ്, അരീക്കോട്, മലപ്പുറം; 461) ശ്വേത സുഗതൻ, ചാലക്കുടി. 

civil-service-exam-winners-3
മുന്നിലെത്തിയ മലയാളികളും റാങ്കും: രഞ്ജിന മേരി വർഗീസ് (49), അർജുൻ മോഹനന്‍ (66), ജിഷ്ണു ജെ. രാജു (132), പി. നിഥിൻരാജ് (210), പി. വിഷ്ണു രാജ് (234), എ.ബി. ശിൽപ (298), വീണ എസ്. സുതൻ (299)

∙ 'ഈ നേട്ടം ആദിവാസി വിഭാഗത്തിൽപ്പെട്ട ഏറെ കുട്ടികൾക്കു പ്രചോദനമായേക്കുമെന്നതിലാണ് ഏറ്റവും വലിയ സന്തോഷം. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് ഇവിടെ വരെയെത്തിയത്. സഹായിച്ച എല്ലാവർക്കും ഏറെ നന്ദി.' - ശ്രീധന്യ സുരേഷ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com