യൂണിയനുകളെ കെഎസ്ആർടിസി പ്രീണിപ്പിക്കുന്നു: െഹെക്കോടതി

High Court of Kerala
SHARE

കൊച്ചി∙ എംപാനലുകാരെ തുടരാൻ അനുവദിക്കുക വഴി ട്രേഡ് യൂണിയനുകളെ പ്രീണിപ്പിക്കാൻ കെഎസ്ആർടിസി ബോധപൂർവം ശ്രമിക്കുകയാണെന്നു ഹൈക്കോടതിയുടെ വിമർശനം. ആവർത്തിച്ചു വരുന്ന കോടതിവിധികളുടെ തത്വം കെഎസ്ആർടിസിക്ക് അറിയാത്തതല്ലെന്നും പറഞ്ഞു.

നേരത്തേ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ നിർദേശിച്ച വിധിയിലെ നിഗമനങ്ങൾ നിലനിൽക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. 180 ദിവസം കഴിഞ്ഞും ജോലിയിൽ തുടർന്ന എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള കോടതിയുടെ മുൻഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി ഇടപെട്ടിരുന്നില്ല. പിഎസ്‌സി ലിസ്റ്റിലുള്ളവർ കാത്തു നിൽക്കെ എംപാനലുകാരെ തുടരാ‍ൻ അനുവദിക്കുന്നതിലെ നിയമലംഘനം കണ്ടക്ടർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തമാക്കിയതാണെന്നു കോടതി പറഞ്ഞു. 

ഡ്രൈവർ നിയമനം: കേസ് ഇങ്ങനെ:

റിസർവ് ഡ്രൈവർ തസ്തിക ഒഴിവുകൾ കെഎസ്ആർടിസി റിപ്പോർട്ട് ചെയ്തില്ലെന്നാരോപിച്ച് 2012ലെ റാങ്ക് ലിസ്റ്റിലുള്ളവർ 2014ൽ ഹർജി നൽകി. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ 2015 ജൂൺ 30ന് കോടതി ഇടക്കാല ഉത്തരവു നൽകി. നോൺ ജോയിനിങ് ഡ്യൂട്ടി ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നും എന്നാൽ കോടതിയുടെ തുടർ ഉത്തരവില്ലാത പിഎസ്‌സി ശുപാർശ നൽകേണ്ടതില്ലെന്നുമായിരുന്നു ഇടക്കാല ഉത്തരവ്.  കെഎസ്ആർടിസി 2455 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഇടക്കാല ഉത്തരവിനെതിരെ കെഎസ്ആർടിസി റിവ്യൂ ഹർജി നൽകി.

2016 ഡിസംബർ 31ലെ കണക്കനുസരിച്ചു 1473 എംപാനൽ ഡ്രൈവർമാർ ജോലിയിലുണ്ടെന്നു റിവ്യൂ ഹർജിയിൽ പറഞ്ഞിരുന്നു. ഇൗ ഒഴിവുകളും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. ഈയാവശ്യം ഹർജിയിൽ തന്നെ ഉന്നയിക്കാവുന്നതാണെന്നും മുൻഉത്തരവു പുനഃപരിശോധിക്കാൻ കാരണമില്ലെന്നും പറഞ്ഞ് റിവ്യൂ ഹർജി തള്ളിയതിനെതിരെ ഉദ്യോഗാർഥികൾ അപ്പീലും നൽകി.

വിധി നടപ്പാക്കാൻ സാവകാശം തേടുന്നത്  പരിശോധിക്കും: മന്ത്രി 

കുട്ടനാട് (ആലപ്പുഴ) ∙ കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള വിധി നടപ്പാക്കുന്നതിൽ സാവകാശം ചോദിക്കുന്നത് ഉൾപ്പെടെ നിയമവശങ്ങൾ പരിശോധിക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിയമോപദേശം തേടാൻ എംഡിക്കു നിർദേശം നൽകിയിട്ടുണ്ട്. ഇത്രയധികം ഡ്രൈവർമാരെ ഒരുമിച്ചു പിരിച്ചുവിടുന്നതു പ്രതിസന്ധി ഉണ്ടാക്കും. തിരഞ്ഞെടുപ്പുകാലത്തു സർവീസുകൾ മുടക്കേണ്ടി വരുന്നതു സർക്കാരിനു തിരിച്ചടിയാകും. പിഎസ്‌സി നിയമനങ്ങൾ നടത്തണമെന്നു തന്നെയാണു സർക്കാർ നിലപാട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA