ADVERTISEMENT

തിരുവനന്തപുരം/പാലക്കാട് ∙ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷിന്റെ പ്രചാരണ റാലിക്കിടെ വടിവാൾ കണ്ടെത്തിയെന്ന വാർത്തയെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാനും റിപ്പോർട്ട് നൽകാനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ടിക്കാറാം മീണ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിർദേശം നൽകി.

രണ്ടു കാര്യങ്ങളാണു ഡിജിപിയോട് സിഇഒ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു ശരിയാണെങ്കിൽ കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണം. ഇതേക്കുറിച്ചു വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടികൾ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക ഡിജിപിയെ മീണ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒരുതരത്തിലുള്ള ആയുധവും കൈവശം വയ്ക്കാൻ പാടില്ലെന്നു കർശന നിർദേശമുണ്ടെന്നും ഇത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എം.ബി. രാജേഷിന്റെ പ്രചാരണ പര്യടനം അ‍ഞ്ചാം തീയതി കടമ്പഴിപ്പുറം പഞ്ചായത്തിലെ ഉമ്മനഴി എത്തിയപ്പോഴാണു വിവാദ സംഭവം. സ്ഥാനാർഥിയുടെ വാഹനത്തിനൊപ്പം റാലിയായി എത്തിയ സ്കൂട്ടർ വളവു തിരിയുന്നതിനിടെ റോഡിലേക്കു ചരിഞ്ഞപ്പോൾ ആയുധം റോഡിലേക്കു തെറിച്ചു വീണു. 

പിന്നിലെത്തിയ ഇരുചക്രവാഹനങ്ങളിൽ ചിലതു വീണ വാഹനത്തെ കടന്നു പോയെങ്കിലും ഒരാൾ ആയുധം മറയുംവിധം ചേർത്തു നിർത്തി. വീണ വാഹനത്തിന്റെ പുറകിൽ ഇരുന്ന യുവാവ് ആയുധം റോ‍ഡിൽ നിന്ന് എടുക്കുകയും ഓടിച്ചിരുന്നയാൾ വാഹനം നേരെ നിർത്തുകയും ചെയ്തു. തുടർന്ന് ഇവരും റാലിക്കൊപ്പം തന്നെ മുന്നോട്ടു നീങ്ങി. സമീപത്തു നിന്നിരുന്നവരിൽ  ഒരാൾ പകർത്തിയ വിഡിയോയിൽ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. എന്നാൽ, നിലത്തുവീണ ആയുധം ഏതു തരത്തിലുള്ളതാണെന്നു ദൃശ്യങ്ങളിൽ വ്യക്തമല്ല.

ഈ ആയുധം വടിവാളാണെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകി. എന്നാൽ ഇതു കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന മടവാളാണെന്ന നിലപാടിലാണു സിപിഎം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com