ADVERTISEMENT

മാണി സാറിന്റെ ‘ആദ്യ ഭാര്യ’യായി കരിങ്ങോഴയ്ക്കൽ തറവാട്ടിലേക്കു കുട്ടിയമ്മ വന്നുകയറിയത് 1957 നവംബർ 28നായിരുന്നു. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ ആയിരുന്നു വിവാഹം. അന്നു മാണിക്കു പ്രായം 25, കുട്ടിയമ്മയ്ക്ക് 22.

km-mani-and-wife-7
കുട്ടിയമ്മയും കെ.എം. മാണിയും

കെപിസിസി അംഗവും കോട്ടയം ഡിസിസി സെക്രട്ടറിയുമായിരുന്ന മാണി അന്ന് പാലാ ബാറിലെ തിരക്കുള്ള അഭിഭാഷകനുമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരേ നിയോജക മണ്ഡലത്തിലെ എംഎൽഎ ആവുന്നയാളുടെ ഭാര്യ എന്ന റെക്കോർഡ് തന്റെ പേരിലാവുമെന്നു കുട്ടിയമ്മ അന്ന് ആലോചിച്ചിട്ടു പോലുമുണ്ടാവില്ല. വാഴൂർ ഈസ്‌റ്റ് കൂട്ടുങ്കൽ (പരിപ്പീറ്റത്തോട്ട്) പരേതനായ കെ.സി. തോമസിന്റെ മകളാണു കുട്ടിയമ്മ.

km-mani-and-wife-8
കെ.എം. മാണിയും ഭാര്യ കുട്ടിയമ്മയും

കുട്ടിയമ്മ തന്റെ ‘ആദ്യ ഭാര്യ’യും പാലാ നിയോജകമണ്ഡലം ‘രണ്ടാം ഭാര്യ’യെന്നുമാണു കെ.എം.മാണി വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം കുട്ടിയമ്മയുടെ പിന്തുണയാണെന്നു പറയാൻ കെ.എം. മാണിക്ക് മടിയില്ലായിരുന്നു.

K.M. Mani

‘വീടിനെക്കാൾ കാര്യമായി നാടിനെ നോക്കും. പിന്നെ ജനം സ്നേഹിക്കാതിരിക്കുമോ?’ എന്നായിരുന്നു ഓരോ വിജയത്തിലും കുട്ടിയമ്മയുടെ പതിവു മറുപടി. ‘‍ഞാൻ വീട്ടുകാര്യമൊന്നും നോക്കാറില്ല. കുട്ടികളുടെ വിദ്യാഭ്യാസവും കൃഷിയുമെല്ലാം കുട്ടിയമ്മ നോക്കുന്നതുകൊണ്ടാണു ടെൻഷനില്ലാതെ പൊതുരംഗത്തു നിൽക്കാനാവുന്നത്. അതിൽ കൂടുതൽ ഭാഗ്യമെന്തു വേണം’ എന്ന മറുപടികൊണ്ട് ഓരോ വിജയത്തിലും കുട്ടിയമ്മയുടെ കൂട്ട് ചെറുതല്ലെന്നു പറയാൻ മാണിയും മറന്നില്ല. ഒന്നും രണ്ടുമല്ല, 62 വർഷമായി കുട്ടിയമ്മയുടെ ആ ഓട്ടത്തിന്.

KM-Mani-34

ഓരോ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെയും തലേന്നു ബന്ധുക്കൾ തറവാട്ടിൽ ഒത്തുകൂടും. വിജയമറിഞ്ഞാൽ മാണിയുടെ ആദ്യ ഫോൺ കുട്ടിയമ്മയ്ക്കാണ്. കുട്ടിയമ്മ ഫലം പ്രഖ്യാപിച്ചു വീട്ടിലുള്ളവർക്കു മധുരം വിതരണം ചെയ്യുന്നതായിരുന്നു പതിവ്.

km-mani-41

പ്രിയപ്പെട്ട ഭാര്യയെ കല്യാണവീട്ടിൽ മറന്നുപോയ ചരിത്രവുമുണ്ട് കെ.എം. മാണിക്ക്. വീട്ടിൽ വന്നു പ്രത്യേകം ക്ഷണിച്ച പ്രവർത്തകന്റെ കല്യാണത്തിനു തലേന്നുതന്നെ കുട്ടിയമ്മയുമായി പോയി. പക്ഷേ, മണ്ഡലത്തിലെ ഏതോ തർക്കം പറഞ്ഞുതീർത്തു വരാനിറങ്ങിയ മാണി ആ വഴി പാലായ്ക്കു പോന്നു. രാത്രി ഒന്നരയ്ക്കു പാതി വഴി പിന്നിട്ടപ്പോഴാണു കുട്ടിയമ്മ കൂടെയില്ലെന്നോർത്തത്. തിരികെച്ചെന്നപ്പോൾ കല്യാണവീട്ടിൽ പാചകക്കാർക്കൊപ്പം ജോലിയിലാണു കുട്ടിയമ്മ.

km-mani-with-pranab-mukerjee
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ പള്ളിയിൽ രാഷ്ട്രപതി പ്രണബ് മുഖർ‌ജിയോടൊപ്പം കെ.എം. മാണി. (2009)

തിരിച്ചുപോകുമ്പോൾ കുട്ടിയമ്മ ചോദിച്ചു: ‘അതേയ്, വല്ല അമേരിക്കയിലോ മറ്റോ ആണ് എന്നെ ഇങ്ങനെ മറന്നുവച്ചതെങ്കിൽ തിരിച്ചുകിട്ടുമായിരുന്നോ...?’ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ദൂരയാത്ര പോകുമ്പോൾ കൂടെയുള്ളവരെ തിരക്കുന്ന ശീലം അന്നു തുടങ്ങിയെന്നു കുട്ടിയമ്മ പറയും.

km-mani-with-pope
ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി, കെ.എം മാണി, ടി.എം ജേക്കബ് എന്നിവർ ഒപ്പം

കെ.എം. മാണിയുടെ ബജറ്റ് അവതരണത്തെക്കുറിച്ചു ‘നിത്യത്തൊഴിൽ അഭ്യാസം’ എന്നായിരുന്നു കുട്ടിയമ്മ പറഞ്ഞിരുന്നത്. ബജറ്റൊക്കെ റെഡിമണിയാക്കും എന്നു പറയുമ്പോഴും പാലായുടെ വീട്ടുബജറ്റ് കുട്ടിയമ്മ വിട്ടുകൊടുത്തില്ല. വ്യക്തി ബജറ്റിൽ കെ.എം. മാണിക്ക് ചെലവു കമ്മിയാണെങ്കിലും ഭാര്യയ്ക്കു സാരിയോ മറ്റോ വാങ്ങാൻ കയറിയാൽ ധൂർത്തടിക്കാൻ മടിയില്ലെന്നായിരുന്നു വീട്ടുബജറ്റിലെ തമാശ.

km-mani-39
മാണി, എംജിആർ, ആർ. ബാലകൃഷ്ണപിള്ള

കുട്ടിയമ്മ ഒരിക്കൽപോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ താൽപര്യം കാണിച്ചില്ല. 2011ലാണ് ആദ്യമായി ഒരു പൂർവവിദ്യാർഥി സംഗമത്തിന്റെ ഉദ്ഘാടകയായി അരങ്ങത്തെത്തിയത്. ഭർത്താവിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് ഒരായുസ്സ് മുഴുവൻ നിഴലായി കൂടെനിൽക്കാനാണ് അവർ ഇഷ്ടപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com