മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായ വിടവാങ്ങൽ

KM-Mani-36
യാത്രാമൊഴി: കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ വിതുമ്പുന്ന മകൻ ജോസ് കെ. മാണി എംപി. തോമസ് ചാഴികാടൻ, കൊച്ചു മകൻ കെ.എം.മാണി ജൂനിയർ എന്നിവർ സമീപം. ചിത്രം: മനോരമ.
SHARE

മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായ മരണമായിരുന്നു മാണിയുടെതെന്ന് അദ്ദേഹത്തിന്റെ മരുമകൻ എം.പി. ജോസഫ് അറിയിച്ചു. ഒന്നര ആഴ്‍ചയിലേറെയായി ചികിത്സയിൽ കഴിഞ്ഞിരുന്ന മാണിയുടെ നില ഇന്നലെ രാവിലെ ഭേദപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ഉച്ചയോടെ വീണ്ടും വഷളായി.

ശ്വാസകോശ രോഗം വർധിച്ചതും ന്യൂമോണിയ നിയന്ത്രണാതീതമായതുമാണ് പ്രശ്നമായതെന്ന് ലേക്‌ഷോർ ആശുപത്രി ക്രിട്ടിക്കൽ കെയർ ചീഫ് ഡോ. മോഹൻ മാത്യുവും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്.കെ. അബ്ദുള്ളയും പറഞ്ഞു.

പി.ടി. ചാക്കോയുടെ ജന്മദിനത്തിൽ മാണിയുടെ വിടവാങ്ങൽ

കോട്ടയം ∙ പി.ടി. ചാക്കോയുടെ ജന്മദിനത്തിലാണ് കെ.എം. മാണിയുടെ വേർപാട്. പി.ടി. ചാക്കോയുടെ 104 –ാം ജന്മദിനമായിരുന്നു ഇന്നലെ. കെ.എം. മാണിയുടെ രാഷ്ട്രീയ പ്രവേശനത്തിനു വഴിയൊരുക്കിയത് പി.ടി. ചാക്കോ ആയിരുന്നു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ ബന്ധു കൂടിയാണു പി.ടി. ചാക്കോ.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു പി.ടി. ചാക്കോയുടെ ചരമദിനത്തിൽ കെ.എം. മാണി അടക്കം വിവിധ കേരള കോൺഗ്രസ് നേതാക്കൾ തിരുനക്കരയിൽ ഒത്തു ചേർന്നിരുന്നു. 

കഥയെഴുത്തിൽ തുടക്കം

ചെറുപ്പത്തിൽ കഥകൾ എഴുതിയിട്ടുണ്ട് കെ.എം മാണി. പിന്നീട് പക്ഷേ അതു വിട്ടു. ഒട്ടേറെ പുസ്തകങ്ങൾ എഴുതി. 

അവയിൽ ചിലത്: ജനക്ഷേമം ജനങ്ങളുടെ അവകാശം, കാർഷിക സമ്പദ്ഘടനയും കേരളവും, വികസനവും വിഭവശേഷിയും, അധ്വാനർഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും, ചാക്കോയിലെ ആത്മീയ മനുഷ്യൻ (പി.ടി ചാക്കോയെക്കുറിച്ച്) 

കെ.എം മാണി പറഞ്ഞത്

∙ ''ഞാൻ ഓവർ ടൈം ആണു ചെയ്യുന്നത്. ഇരുന്നു ഭക്ഷണം കഴിക്കാറില്ല. ഇരുന്നാൽ 20 മിനിറ്റ് പോകില്ലേ? പാർട്ടിക്കു വേണ്ടി ഓവർ ടൈം, സർക്കാരിനു വേണ്ടി ഓവർ ടൈം...''

∙ ''‍ഞാൻ ജീവിതത്തിൽ ഏറ്റവുമധികം കരഞ്ഞിട്ടുള്ളതും ക്ലേശിച്ചിട്ടിട്ടുള്ളതും സിഗരറ്റ് വലിച്ചു ചുമച്ചു ചുമച്ചാണ്.''

∙ ''ഡയറിയെഴുതാത്തതിനാൽ തീയതികൾ പലതും അറിയില്ല. എന്നാൽ അതിനൊരു സഹായം കിട്ടിയിട്ടുണ്ട്. ജോർജ് ജെ. മാത്യു പാർട്ടിയിൽ നിന്നു പുറത്തു പോയപ്പോൾ എനിക്കെതിരെ ‘അടിയൊഴുക്കുകൾ’ എന്നൊരു പുസ്തകം എഴുതി. പല തീയതികളും അറിയാൻ അതിൽ നോക്കിയാൽ മതി''

∙ ''മുഖ്യമന്ത്രിയാകണമെന്നു മോഹമൊന്നുമില്ല. ആകരുതെന്നുമില്ല. പക്ഷേ അങ്ങനെ, മുഖ്യമന്ത്രിയാകണമെന്നൊരു ആഗ്രഹമോ പദ്ധതിയോ ഒന്നും ഇല്ല. പിന്നെ, വരുമ്പോൾ വരട്ടെ, പിടിച്ചു വാങ്ങേണ്ട കാര്യമില്ല. കിട്ടേണ്ട സമയത്തു കിട്ടും. അർഹതയുള്ളതു കിട്ടും.''

∙ ''അവസരം കിട്ടുമ്പോൾ സമൂഹത്തിനു വേണ്ടി, രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതു പ്രധാനമാണ്. ചെയ്യേണ്ട അതിപ്രധാന കാര്യങ്ങളൊക്കെ ബജറ്റുകളിൽ കൊണ്ടുവന്നിട്ടുണ്ടെന്നു തന്നെയാണു വിശ്വാസം. ഒന്നും വിട്ടു പോയിട്ടില്ല.''

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA