ADVERTISEMENT

തിരുവനന്തപുരം∙ പ്രഗൽഭനായ ഭരണാധികാരിയും അനുഗൃഹീതനായ എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു ഇന്നലെ നിര്യാതനായ ഡോ.ഡി. ബാബു പോൾ. സർക്കാർ സർവീസിൽ ഇരിക്കെ മലയാളത്തിൽ തന്നെ ഫയൽ എഴുതണമെന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ  മലയാളം കുറിപ്പുകൾ പലതും സെക്രട്ടേറിയറ്റിൽ ചിരിയും ചിന്തയും പടർത്തിയിരുന്നു. സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തുന്നത്. കേരള സർവകലാശാല വൈസ് ചാൻസലർ, കെഎസ്ആർടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 

വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് ബാവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന് സഭ ബാർ ഈത്തോ ബ്രീറോ (സഭയുടെ വിശ്വസ്ത പുത്രൻ) എന്ന പദവി നൽകി. അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിതമായ കേരള സിവിൽ സർവീസ് അക്കാദമിയുടെ ‘മെന്റർ എമിരറ്റസ്’ ആയിരുന്നു. തിരുവനന്തപുരത്ത് മലയാള മനോരമയുടെ വിദ്യാരംഭം ഗുരുവും.

കഥ ഇതുവരെ, ഗിരിപർവം, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ, ക്രംലിൻ–ബർലിൻ, അച്ഛൻ അച്ചൻ‌ ആചാര്യൻ, ഉത്തരസ്യാം ദിശി, രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻചാണ്ടി വരെ തുടങ്ങിയവയാണ് കൃതികൾ. 4000 ടൈറ്റിലുകളും 6 ലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദരത്നാകര’മെന്ന ബൈബിൾ നിഘണ്ടുവും രചിച്ചു.

ആക്ഷേപഹാസ്യ ശൈലിയിൽ ലേഖനങ്ങൾ എഴുതിയിരുന്ന അദ്ദേഹം മാധ്യമം ദിനപത്രത്തിൽ സ്ഥിരംപംക്തിയും കൈകാര്യം ചെയ്തിരുന്നു. ബൈബിളിലെ 150 സങ്കീർത്തനങ്ങളിൽ 90 എണ്ണത്തിന് അദ്ദേഹം വ്യാഖ്യാനം പൂർത്തിയാക്കിയിരുന്നു. ബാക്കി പൂർത്തിയാക്കുന്നതിനു മുമ്പായിരുന്നു മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com