ADVERTISEMENT

തിരുവനന്തപുരത്തു കുറവൻകോണം മമ്മീസ് കോളനിയിലെ ബാബു പോളിന്റെ വസതിക്കു മുന്നിൽ സന്ദർശകർക്കായി ഒരു ബോർഡുണ്ട്. ആർക്കും അവടെ വന്നു ബെല്ലടിക്കാം. ആളുണ്ടെങ്കിൽ വാതിൽ തുറക്കും. തുറന്നില്ലെങ്കിൽ  ആഗതന്റെ പേരും ഫോൺ നമ്പറും സഹിതം ഒരു കുറിപ്പ് എഴുതി പെട്ടിയിൽ നിക്ഷേപിക്കാം. വൈകാതെ വിളി ഉറപ്പ്.

ഇനി ഒരിക്കലും ആ വാതിൽ നിങ്ങൾക്കുവേണ്ടി തുറക്കില്ല. ഇനിയൊരിക്കലും ഒരു ഫോൺകോൾ നിങ്ങളെത്തേടി എത്തില്ല. ഇനി ആ ബോർഡ് നിങ്ങൾ കാണില്ല. സിവിൽ സർവീസ് ജയിച്ച് ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ പിൻബലത്തിൽ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വിരാജിച്ചവർ ഏറെ. എന്നാൽ സ്വന്തം വ്യക്തി പ്രഭാവംകൊണ്ട് ഐഎഎസിനപ്പുറം വിളങ്ങിയയാളാണു ഡോ. ബാബുപോൾ.

ഐഎഎസിൽ നിന്നു പിരിഞ്ഞശേഷം ഏറെക്കുറെ രണ്ടു പതിറ്റാണ്ട് മാധ്യമങ്ങളിൽ  നിറഞ്ഞുനിന്നശേഷമാണു ബാബുപോൾ വിടവാങ്ങിയത്. അത് അദ്ദേഹത്തിന്റെ രചനാവൈഭവം കൊണ്ടും പാണ്ഡിത്യംകൊണ്ടും പ്രഭാഷണചാതുര്യം കൊണ്ടുമായിരുന്നു. പ്രതിഭയും പ്രശസ്തിയും  അദ്ദേഹത്തിനു താരപരിവേഷം നൽകി. പ്രായത്തെ തോൽപ്പിച്ച് 77–ാം വയസുവരെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചു. എറണാകുളം ജില്ലയിലെ കുറുപ്പംപടി ഗ്രാമത്തിൽ  സാധാരണ സ്കൂളിൽ പഠിച്ചിട്ടും സ്കൂൾ ഫൈനൽ പരീക്ഷയിൽ മൂന്നാം റാങ്ക്, എൻജിനീയറിങ്ങിൽ ബിരുദം. പ്രഫഷനൽ രംഗത്തു നിന്നു സിവിൽ സർവീസിനു പോകുന്നവർ അത്യപൂർവമായിരുന്ന കാലത്ത് ഏഴാം റാങ്കിൽ വിജയം. 

യുവ ഐഎഎസുകാരന്റെ സിവിൽ എൻജിനീയറിങ് ബിരുദമാണ് അദ്ദേഹത്തിനു കർമ മണ്ഡലത്തിൽ ഉയർച്ചയ്ക്കു വഴിയൊരുക്കിയത്. സെക്രട്ടേറിയറ്റിന്റെ റവന്യൂ വിഭാഗത്തിൽ ഡപ്യൂട്ടി സെക്രട്ടറിയായി ആരും അറിയാതിരുന്ന ബാബുപോളിനെ കണ്ടെത്തി കുഴഞ്ഞുമറിഞ്ഞു കിടന്ന ഇടുക്കി ഡാം നിർമാണം പുനരുജ്ജീവിപ്പിക്കാൻ അയച്ചത് അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനാണ്. ഇടുക്കി ഡാം നിർമാണം അവസരവും വെല്ലുവിളിയുമായിരുന്നു. സിവിൽ എൻജിനീയറിങ് ജ്ഞാനവും കാര്യശേഷിയും നയതന്ത്രവും നാലു വർഷംകൊണ്ട് ലക്ഷ്യം കാണാൻ ബാബുപോളിനെ സഹായിച്ചു.

ഇടുക്കി കലക്ടർ സ്ഥാനം ഒഴിയുമ്പോൾ ഡിസി കിഴക്കേമുറി പറഞ്ഞതനുസരിച്ച് ‘ഗിരിപർവം’ എഴുതി. മലയാളത്തിലെ ആദ്യ സർവീസ് സ്റ്റോറി. പിന്നെ യാത്രാവിവരണമായും പഠനഗ്രന്ഥമായും പുസ്തകങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടായി. എങ്കിലും ബാബുപോൾ എന്ന വ്യക്തിയെ ചരിത്രം രേഖപ്പെടുത്തുക ബൈബിൾനിഘണ്ടുവായ വേദശബ്ദരത്നാകരത്തിന്റെ കർത്താവ് എന്ന നിലയിലായിരിക്കും. ഇടുക്കി കലക്ടറായിരിക്കെ ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഉയർന്നതിനൊപ്പം ബാബുപോളിന്റെ യശസും ഉയർന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ചെയർമാൻ പദവിയിലും  മികവുകാട്ടി. 

പക്ഷേ, ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ തനിക്ക് പ്രധാന വകുപ്പുകൾ നൽകാതിരിക്കാൻ ആരൊക്കെയോ ഒത്തുകളിച്ചു എന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നു. സർവീസ് സ്റോറിയിൽ അതു പരാമർശിക്കുന്നുണ്ട്. കുറേക്കാലം ധന സെക്രട്ടറിയായതൊഴിച്ചാൽ സുപ്രധാന വകുപ്പുകളൊന്നും  ലഭിച്ചില്ല. നായനാർ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികം തുടങ്ങി വകുപ്പുകൾ കുറെക്കാലം ഭരിച്ചു. ഒടുവിൽ റവന്യൂ ബോർഡംഗമായി സിവിൽ സർവീസിൽ നിന്നു പിരിഞ്ഞു. നർമ്മം കലർന്ന ശൈലിയിൽ എഴുതിയിരുന്ന ബാബുപോളിന്റെ പുസ്തകങ്ങൾക്ക് നല്ല വായനക്കാരുണ്ട്. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞുള്ള സമകാലീന സംഭവങ്ങളെ വിലയിരുത്തുന്ന പത്രപംക്തികൾ ശ്രദ്ധേയമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കും. 

‘അച്ചൻ, അച്ഛൻ, ആചാര്യൻ’ എന്ന ഗ്രന്ഥം പിതാവ് പി.പൗലോസ് കോർ എപ്പിസ്കോപ്പയെക്കുറിച്ചാണ്. തന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പിതാവിനെ  അച്ഛൻ എന്ന നിലയിലും പള്ളിയിലച്ചൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും വിലയിരുത്തുന്നതായിരുന്നു അത്. െഎഎഎസുകാരനായിരുന്ന സഹോദരൻ റോയി പോളിനോടുള്ള സ്നേഹം മിക്ക ഗ്രന്ഥങ്ങളിലും നിറഞ്ഞു നിൽക്കുന്നു.

ആദ്യത്തെ ശിപായി രാമൻ നായർ മുതൽ അവസാനം സേവിച്ച മന്ത്രി ടി.കെ.രാമകൃഷ്ണൻ വരെ നാലുപതിറ്റാണ്ട് ഒപ്പംനടന്ന സഹപ്രവർത്തകരുടെയെല്ലാം പേര് ഓർത്തുവയ്ക്കുകയും അവരെക്കുറിച്ചുള്ള കഥകൾ  പുസ്തകങ്ങളിലും നർമ്മ സംഭാഷണങ്ങളിലും  നിറയുകയും ചെയ്തു. സെക്രട്ടേറിയറ്റിലെ അനുഭവങ്ങളിൽ നിന്നു പകർത്തിയ ഒട്ടേറെ രസങ്ങളുണ്ട്. അതിലൊന്ന്– ബാബുപോൾ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ  കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് തിരഞ്ഞെടുപ്പ്. സർക്കാർ പ്രതിനിധി എന്ന നിലയിൽ ബാബു പോളിന് വോട്ടുണ്ട്. ആ വോട്ടു കിട്ടിയാലേ തന്റെ  സ്ഥാനാർഥി ജയിക്കൂ എന്നതിനാൽ വോട്ട് ഇന്നയാൾക്കു ചെയ്യണമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖർ നിർദേശിച്ചു. വോട്ടെണ്ണിയപ്പോൾ മന്ത്രിയുടെ സ്ഥാനാർഥി തോറ്റു. ബാബു പോളിന്റെ കസേരയും പോയി. അതെക്കുറിച്ചു ബാബുപോൾ എഴുതി–‘ ആകെ പോൾ ചെയ്ത വോട്ടും ബാബു പോൾ ചെയ്ത വോട്ടും തമ്മിലുള്ള പൊരുത്തക്കേടാണ് പ്രശ്നമായത്’. 

മരണത്തെ അദ്ദേഹം ഭയപ്പെട്ടില്ല. 60 വയസു കഴിഞ്ഞതുമുതൽ മരണത്തെ വരവേൽക്കാൻ തയ്യാറായിരുന്നു. മക്കൾ അകലെയായതുകൊണ്ടും താമസം തനിച്ചായതുകൊണ്ടും മരിച്ചാൽ എന്തു ചെയ്യണമെന്നു കുറിപ്പും എഴുതിവച്ചിരുന്നു.

പ്രവചനത്തിൽ അഗ്രഗണ്യൻ 

തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനുള്ള ഡോ. ഡി. ബാബുപോളിന്റെ അസാമാന്യമായ കഴിവിനു മുന്നിൽ പണ്ട് അടിയറവ് പറഞ്ഞത് കോൺഗ്രസ് ഹൈക്കമാൻഡും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും. 1987ൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഒരു ദിവസം ഡൽഹിയിൽ നിന്ന് ബാബു പോളിനൊരു ഫോൺകോൾ, മറുതലയ്ക്കൽ കേന്ദ്ര ഷിപ്പിങ് മന്ത്രി രാജേഷ് പൈലറ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ത്യാഗരാജൻ. കേരളത്തിൽ യുഡിഎഫ് ജയിക്കുമോ എന്നാണ് പൈലറ്റിന് അറിയേണ്ടത്. അടുത്തയാഴ്ച മറുപടി നൽകാമെന്നായി ബാബു പോൾ. കൃത്യം ഒരാഴ്ച കഴിഞ്ഞ് പൈലറ്റിന്റെ വിളിയെത്തി-. 'യൂ ലൂസ്, ഉറപ്പായും തോൽക്കും'–ബാബുപോൾ മറുപടി നൽകി. 65 അല്ലെങ്കിൽ 75 സീറ്റ് ലഭിക്കും, പക്ഷേ, ഇടതുപക്ഷം അധികാരത്തിൽ വരും.

കണക്കിന്റെ വിശദാംശങ്ങൾ അടങ്ങിയ 'കേരള ഇലക്ഷൻസ് 87, ആൻ ആം ചെയർ അനാലിസിസ്' എന്ന കുറിപ്പ് വിമാനത്തിൽ ഡൽഹിക്കയച്ചു. കേരളപര്യടനം കഴിഞ്ഞെത്തിയ രാജീവ് ഗാന്ധിക്ക് പൈലറ്റിന്റെ കയ്യിലിരുന്ന ഈ കണക്ക് അംഗീകരിക്കാനായില്ല. എന്നാൽ ഫലം വന്നപ്പോൾ ബാബുപോൾ പറഞ്ഞ കണക്ക് ശരിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com