ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള മുസ്‌ലിംവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്ത്. എൽഡിഎഫ് ശ്രീധരൻപിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. പ്രസംഗം വിവാദമായതോടെ, വാചകങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയവികാരമിളക്കി വിടാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലാണു വിവാദ പരാമർശം.

പ്രസംഗം ഇങ്ങനെ: ‘പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ.’ ഈ പരാമർശത്തിനെതിരെയാണ് സിപിഎമ്മും കോൺഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്.

‘പരാമർശം ആപൽക്കരം’

മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശം ആപൽക്കരവും വർഗീയധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്നും ശ്രീധരൻപിള്ളയ്ക്കെതിരെ പരാതി നൽകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറ​ഞ്ഞു. പ്രസ്താവന പിൻവലിച്ച് ശ്രീധരൻപിള്ള മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘യോഗി മോഡൽ’ പ്രചാരണം കേരളത്തിൽ നടപ്പാക്കാൻ കഴിയുമെന്ന് ബിജെപി കരുതരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലീമസമായ വർഗീയ പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശ്രീധരൻ പിള്ളയ്ക്കെതിരെ ആറ്റിങ്ങൽ എൽഡിഎഫ് സെക്രട്ടറി കൂടിയായ വി. ശിവൻകുട്ടി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.

‘ദുർവ്യാഖ്യാനം ചെയ്യുന്നു’

മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ഭീതിയിൽ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ പരാമർശങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയവികാരമിളക്കി വിടാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. ബാലാക്കോട്ടിൽ കൊല്ലപ്പെട്ട പാക്ക് ഭീകരരെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന സാം പിത്രോദ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയെ പരാമർശിച്ച് ഉന്നയിച്ച ചോദ്യം ദുർവ്യാഖ്യാനം ചെയ്ത് നേട്ടം കൊയ്യാമെന്നാണ് സിപിഎം, കോൺഗ്രസ് നേതാക്കൾ വ്യാമോഹിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രസംഗത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമർശവും ഇല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

ലീഗിലെ ഒരു വിഭാഗം പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നു: വി. മുരളീധരൻ

തൊടുപുഴ ∙ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ് മുസ്‌ലിം ലീഗിലെ ഒരു വിഭാഗമെന്നും അതുകൊണ്ടാണ് അമിത് ഷാ അവരെ പാക്കിസ്ഥാനോട് ഉപമിച്ചതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ എംപി. എന്നാൽ, അതു വയനാടിനെ ആകെ ഉപമിച്ചതാണെന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ശബരിമലയിൽ സർക്കാർ നടത്തിയ അതിക്രമങ്ങൾക്കെതിരെയാണു തിരഞ്ഞെടുപ്പിൽ ബിജെപി ശബ്ദമുയർത്തുന്നത്. അത് ശബരിമലയുടെ പേരിലുള്ള വോട്ടഭ്യർഥന അല്ല. സംസ്ഥാന സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനം ആണ് ബിജെപി തുറന്നു കാട്ടുന്നതെന്നും മുരളീധരൻ പറഞ്ഞു.

പരാമർശം പുച്ഛിച്ചു തള്ളുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം∙ മുസ്‌ലിം ലീഗിനെതിരായ ബിജെപി നേതാക്കളുടെ പരാമർശം പുച്ഛിച്ചു തള്ളുന്നതായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മോദിയുടെയും യോഗിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല. ശബരിമല വിഷയത്തിൽ തുടക്കം മുതലേ വിശ്വാസികൾക്കൊപ്പം നിന്ന പാർട്ടിയാണു ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം ലീഗ് വർഗീയകക്ഷിയാണെന്ന പ്രചാരണം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ശബരിമല വിഷയത്തിൽ നിയമനിർമാണത്തിന് അവസരം കിട്ടിയപ്പോൾ ഒളിച്ചോടിയ നരേന്ദ്ര മോദി ഇപ്പോൾ കരഞ്ഞിട്ടു കാര്യമില്ല. കോൺഗ്രസും യുഡിഎഫും ഇക്കാര്യത്തിൽ ആദ്യം മുതലേ ശക്തമായ നിലപാട് എടുത്തു. വിശ്വാസസംരക്ഷണത്തിന് നിയമപരമായ തീർപ്പിനു ശ്രമിച്ചത് കോൺഗ്രസ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com