കാത്തിരിക്കുന്നു, വയനാട്ടിൽ ഒരമ്മ!

rajamma-rajappan
SHARE

നായ്ക്കട്ടി (വയനാട്) ∙ ‌കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ഞങ്ങളുടെ നാടിനോടുള്ളതു ‘ജന്മബന്ധ’മാണ്- വയനാട്ടുകാർക്ക് ഇനി ഉറപ്പിച്ചുപറയാം. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചോരക്കുഞ്ഞായി രാഹുലിനെ ഏറ്റുവാങ്ങിയത് ഒരു വയനാട്ടുകാരിയാണ്; ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ രാജപ്പൻ.

1970 ജൂൺ 19 ന് ന്യൂഡൽഹി ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു രാഹുലിന്റെ ജനനം. അന്ന് ലേബർ റൂമിൽ ഡ്യൂട്ടിയായിരുന്നു നഴ്സായ രാജമ്മയ്ക്ക്. അവർ ഓർമിക്കുന്നു: ‘രാവിലെ 9 മണിയോടെ സോണിയ ഗാന്ധിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കു രണ്ടരയോടെ സുഖപ്രസവം. ഒത്ത വണ്ണവും നിറയെ മുടിയുമുള്ള കുഞ്ഞായിരുന്നു.’

രാഹുലിനെ കാണാൻ അച്ഛൻ രാജീവ് ഗാന്ധിയും അന്ന് പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി ഇന്ദിരാഗാന്ധിയും ആശുപത്രിയിലെത്തി. കുഞ്ഞുരാഹുലിനെ ആശുപത്രിയിൽ ഒരാഴ്ചയോളം ശുശ്രൂഷിച്ചതു രാജമ്മയും സഹപ്രവർത്തകരുമാണ്.

ഹോളി ഫാമിലിയിൽ സേവനമനുഷ്ഠിക്കുമ്പോൾ അഹമ്മദാബാദ് മിലിട്ടറി ആശുപത്രിയിൽ ജോലി കിട്ടി. ഭർത്താവ് രാജപ്പനും അതേ ആശുപത്രിയിലായിരുന്നു ജോലി. ലെഫ്റ്റനന്റായ ശേഷം പട്ടാളത്തിൽ നിന്നു പിരിഞ്ഞു. ഇപ്പോൾ 72 വയസ്സായി രാജമ്മയ്ക്ക്.

വയനാട്ടിൽ ആദ്യമായി രാഹുൽ വന്നപ്പോൾ അടുത്തുകാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആവശ്യവുമായി അങ്ങോട്ടു സമീപിക്കാൻ മടി. കൽപറ്റയിലെ റോഡ് ഷോ ടിവിയിൽ കണ്ടു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകനായ പി.സി. അസൈനാർ വഴി എഐസിസി നേതൃത്വം ഇടപെട്ട് ബത്തേരിയിൽ രാഹുലിന്റെ റാലിക്കിടെ കൂടിക്കാഴ്ചയ്ക്കു പദ്ധതിയിട്ടെങ്കിലും നടന്നില്ല. രാജമ്മയ്ക്ക് ആ സമയത്തു വിദേശത്തു പോകേണ്ടിവന്നതാണു കാരണം. അടുത്ത പ്രാവശ്യം രാഹുൽ വരുമ്പോൾ കാണണം. കുഞ്ഞായിരിക്കുമ്പോഴേ ഞാൻ കൈയിലെടുത്ത കുട്ടിയല്ലേ - രാജമ്മ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA