ADVERTISEMENT

കോട്ടയം ∙ കെവിൻ വധക്കേസിൽ കോടതിയിൽ സാക്ഷിവിസ്താരത്തിനിടെ സാക്ഷിക്കു പ്രതിയുടെ വധഭീഷണി. ‘കെവിൻ തീർന്നു, മറ്റൊരുത്തനുണ്ട്, അവനെ കയ്യൊഴിയും’ കെവിൻ കൊല്ലപ്പെട്ട രാത്രിയിൽ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഇങ്ങനെ തന്നോടു ഫോണിൽ പറഞ്ഞതായി 26–ാം സാക്ഷി ലിജോ കോടതിയിൽ മൊഴി നൽകി. ഈ മൊഴി കേട്ടപ്പോൾ എട്ടാം പ്രതി നിഷാദ് കൊല്ലുമെന്ന് ആംഗ്യം കാണിച്ചതായി ലിജോ കോടതിയോടു പരാതിപ്പെട്ടു. നിഷാദിനെതിരെ കേസെടുക്കാൻ കോടതി ഉടനെ തന്നെ പൊലീസിനു നിർദേശം നൽകി. കൂടാതെ നിഷാദിന്റെ അഭിഭാഷകനെ വിളിച്ചുവരുത്തിയ ജഡ്ജി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകി.

കേസിലെ ഒന്നാം സാക്ഷി അനീഷിന്റെ ക്രോസ് വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് 26–ാം സാക്ഷി ലിജോയെ ഇന്നലെ വിസ്തരിച്ചത്. നീനുവിന്റെ കുടുംബസുഹൃത്താണ് ലിജോ. കെവിനെ കൊലപ്പെടുത്തിയെന്നു പ്രതി സാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞതായി മൊഴി നൽകിയതോടെ ലിജോ കേസിലെ നിർണായക സാക്ഷിയായി. കെവിൻ കൊല്ലപ്പെട്ടതാണെന്ന തങ്ങളുടെ വാദം ബലപ്പെടുത്തുന്നതിനാണു പ്രോസിക്യൂഷൻ ലിജോയെ ആദ്യ ഘട്ടത്തിൽ തന്നെ വിസ്തരിച്ചത്. നാലാം പ്രതി റിയാസിനെ സാക്ഷിവിസ്താരത്തിനിടെ ലിജോ തിരിച്ചറിഞ്ഞു.

കെവിനും നീനുവും തമ്മിലുള്ള അടുപ്പത്തെ പറ്റി നീനുവിന്റെ പിതാവ് ചാക്കോ ജോണും സഹോദരൻ സാനുവും തന്നോടു സംസാരിച്ചിട്ടുണ്ടെന്നും ലിജോ പറഞ്ഞു. കെവിന്റെ ഫോട്ടോകൾ ചാക്കോ തനിക്കു നൽകിയെന്നും വിദേശത്തുള്ള സാനുവിന് അവ അയച്ചു കൊടുത്തെന്നും ലിജോ സമ്മതിച്ചു. നീനുവിനെ തേടി കോട്ടയത്തേക്കു പോയ സംഘത്തിൽ ലിജോയുമുണ്ടായിരുന്നു. നീനുവിനു സുഖമില്ലെന്നു പറഞ്ഞാണ് ആ ദിവസം കോട്ടയത്തു പോകാൻ ചാക്കോ തന്നെ വിളിച്ചതെന്നും ലിജോ മൊഴി നൽകി.

ചാക്കോയുടെ ഫോൺ സന്ദേശത്തിലെ ശബ്ദവും സാനു ചാക്കോയുടെ മൊബൈൽ ഫോണിലേക്ക് അയച്ച വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും ലിജോ തിരിച്ചറിഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയ കാർ അനീഷ് ഇന്നലെ കോടതി വളപ്പിൽ വച്ച് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട കെവിന്റെ ഭാര്യയും കേസിലെ പ്രധാന സാക്ഷികളിൽ ഒരാളുമായ നീനു ഇന്നു കോടതിയിൽ ഹാജരാകും. കേസിലെ 23–ാം സാക്ഷി മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്ജ് മാനേജർ അനിൽകുമാർ, 11–ാം സാക്ഷി ജോസഫ് ജേക്കബ് (രാജൻ) എന്നിവർക്കും ഇന്നു സാക്ഷിവിസ്താരത്തിനു ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.

പരാതിയിൽ തുടങ്ങി വധത്തിൽ എത്തി

പ്രതികൾ നീനുവിനെയും കെവിനെയും അന്വേഷിച്ച് കൊല്ലത്തു നിന്നു കോട്ടയത്തിനു പോയ ദിവസങ്ങളിലെ സംഭവങ്ങൾ ലിജു ഇങ്ങനെ കോടതിയിൽ വിവരിച്ചു: ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി കെവിനെതിരെ പരാതി നൽകി. നീനുവും കെവിനും മാന്നാനത്ത് ബന്ധു അനീഷ് സെബാസ്റ്റ്യനൊപ്പമാണ് താമസിക്കുന്നതെന്ന് അറിഞ്ഞു. അനീഷിനെ ഫോണിൽ വിളിച്ചു നീനുവുമായി മാന്നാനം പൊലീസ് സ്റ്റേഷനിൽ വരാൻ പറഞ്ഞു. നീനുവിനെയും കൂട്ടി കെവിൻ സ്റ്റേഷനിൽ എത്തി.

നീനുവിനെ കൊല്ലത്തെ വീട്ടിലേക്കു കൊണ്ടുപോകാൻ ചാക്കോയോട് മാന്നാനം സ്റ്റേഷനിലെ എസ്ഐ പറഞ്ഞു. നീനു പിതാവിനൊപ്പം പോകാൻ തയാറായില്ല. കെവിനൊപ്പം ജീവിക്കുമെന്നു പറഞ്ഞു. ചാക്കോ സ്റ്റേഷനിൽനിന്നു നീനുവിനെ ബലമായി വലിച്ചിറക്കി കാറിൽ കയറ്റാൻ ശ്രമിച്ചു. കുതറി മാറുന്നതിനിടെ നീനു കാറിന്റെ അടിയിലേക്കു വീണു. ഇതുകണ്ട് കെവിൻ എത്തി നീനുവിനെ കൊണ്ടുപോകുന്നതു തടഞ്ഞു. ഈ സമയം എസ്ഐ വീണ്ടും ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് കെവിന്റെ ഒപ്പം പോകുന്നതെന്ന് എഴുതിത്തരാൻ നീനുവിനോട് എസ്ഐ ആവശ്യപ്പെട്ടു. നീനു എഴുതിക്കൊടുത്തു. എസ്ഐയും ചാക്കോയും രസീതിൽ ഒപ്പിട്ടു.

അടുത്ത ദിവസം നീനുവിന്റെ സഹോദരൻ സാനു വിദേശത്തുനിന്നു നാട്ടിൽ എത്തി. സാനുവും കൂടെയുള്ളവരും പല കാറുകളിലായി കോട്ടയത്തേക്കു പോയി. അന്നു രാത്രി സാനു ഫോണിൽ വിളിച്ചു. മദ്യപിച്ചു കാർ ഓടിച്ചതിനു പൊലീസ് പിടിച്ചുവെന്നും 2000 രൂപ നൽകിയപ്പോൾ വിട്ടുവെന്നും സാനു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു. കെവിൻ തീർന്നതായി പറഞ്ഞു. പൊലീസ് അന്വേഷിക്കുന്നുണ്ട്, അതിനാൽ ഗൾഫിലേക്ക് തിരികെ പോകുമെന്നും സാനു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com