ADVERTISEMENT

കൊല്ലം ∙ ഭീകരസംഘടനയായ ഐഎസിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്യുന്നതു തടയാൻ ലക്ഷ്യമിട്ടു രഹസ്യാന്വേഷണ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തി. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളും അവഗണിച്ചു. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിമിനു സംസ്ഥാനത്തു ശക്തമായ കണ്ണികളുണ്ടെന്ന വിവരങ്ങൾക്കു പിന്നാലെയാണു, മാസങ്ങൾക്കു മുൻപ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് പുറത്തായത്.

കഴിഞ്ഞ ജൂണിലും അതിനു മുൻപുമായി കാസർകോട്ടെ രണ്ടു കുടുംബങ്ങളിൽ നിന്നുള്ള 10 പേർ യെമനിലേക്കു കടന്നുവെന്ന വിവരത്തെത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണു സംസ്ഥാന സർക്കാർ പാടെ അവഗണിച്ചത്. കാസർകോട് കുമ്പള സ്വദേശിയും കുടുംബവും മംഗളൂരുവിൽ നിന്നു ദുബായ് വഴിയും ബൈക്കൂർ സ്വദേശിയും കുടുംബവും കൊച്ചിയിൽ നിന്ന് ഒമാൻ വഴിയും യെമനിൽ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിൽ 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു.

ഐഎസിൽ ആകൃഷ്ടരാകുന്നവർ യെമനിലാണ് ആദ്യം എത്തുകയെന്നു വിശദീകരിക്കുന്ന റിപ്പോർട്ടിൽ അവിടേക്ക് പോകാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടികളും ശുപാർശ ചെയ്തിരുന്നു. യെമനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ കർശനമായി നിരീക്ഷിക്കണമെന്നു റിപ്പോർട്ടിലുണ്ട്. ആളുകളെ കടത്തിയെന്നു തെളിഞ്ഞാൽ അവർക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങണം. യെമനിലെ ജീവിതം സംബന്ധിച്ചു തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ചില ഗ്രൂപ്പുകൾ നടത്തുന്നുണ്ടെന്നും ഇതു തടയാൻ അവിടുത്തെ യഥാർഥ സ്ഥിതിയെക്കുറിച്ചു മാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടത്തണമെന്നും റിപ്പോർട്ട് നിർദേശിച്ചിരുന്നു.

യെമനിലേക്ക് ആളെ കടത്തുന്ന പശ്ചാത്തലത്തിൽ, ഇതിനെതിരെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം കർശന നടപടി ശുപാർശ ചെയ്തു കേന്ദ്ര സർക്കാർ 2017 സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങളും സംസ്ഥാന സർക്കാർ അവഗണിച്ചു. യെമനിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിക്കാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടാൽ പാസ്പോർട്ട് പിടിച്ചെടുക്കുകയോ അസാധുവാക്കുകയോ ചെയ്യണമെന്നും കേന്ദ്ര നിർദേശത്തിലുണ്ടായിരുന്നു. ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള ഇത്തരം കമ്പനികളുടെ ഡയറക്ടർമാക്കെതിരെ കേസെടുക്കണം. ഇന്ത്യക്കാരെ യെമനിലേക്കു കടത്തുന്ന വിദേശ കപ്പൽ കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഭാവിയിൽ അവർക്ക് ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com