ADVERTISEMENT

തിരുവനന്തപുരം ∙ കാസർകോട് ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന കണ്ണൂർ കല്യാശേരി പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ 2 പോളിങ് ബൂത്തുകളിൽ 3 പേർ കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ സ്ഥിരീകരിച്ചു. ഇവർക്കെതിരെ കേസ് എടുക്കും. മുസ്‍ലിം ലീഗ് പ്രവർത്തകർക്കെതിരെ സിപിഎം നൽകിയ പരാതിയിലെ നാലാമന്റെ കാര്യം കൂടുതൽ പരിശോധിച്ചു വ്യക്തത വരുത്താൻ കാസർകോട് കലക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ് എന്നിവർ 2 തവണ വീതവും കെ.എം. മുഹമ്മദ് 3 തവണയും 69, 70 ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണു കലക്ടറുടെ റിപ്പോർട്ട്. മുഹമ്മദ് രണ്ടാമതു ചെയ്തതു സഹായി വോട്ടാണ്. കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ നിർദേശപ്രകാരമാണു മൂന്നാം വോട്ട്് ചെയ്തതെന്നും ഇയാൾ മൊഴി നൽകി. ഈ ഏജന്റിനെതിരെയും നടപടി സ്വീകരിക്കും. മൊഴി നൽകാതെ ഗൾഫിലേക്കു കടന്ന അബ്ദുൽ സമദിനെതിരെ വാറന്റ്് പുറപ്പെടുവിക്കും.

കെ.എം. ആഷിഖ് 2 തവണ ബൂത്തിൽ പ്രവേശിച്ചെങ്കിലും ഒരു തവണ വോട്ട് ചെയ്യുന്നതേ കണ്ടെത്തിയിട്ടുള്ളൂ. ഇയാൾ രണ്ടാം വോട്ട് ചെയ്തോ എന്നു വിശദമായി അന്വേഷിക്കാനാണു കാസർകോട് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കള്ളവോട്ടു കേസിൽ ഉൾപ്പെട്ടവർ ഇപ്പോൾ ഏഴായി. കണ്ണൂർ പിലാത്തറ എയുപി സ്കൂളിൽ കളളവോട്ട് ചെയ്തതിനു പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നും തൃക്കരിപ്പൂർ കൂളിയാട് ഹൈസ്കൂളിലെ 48–ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്തതിന് ഒന്നും സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തിരുന്നു. എല്ലാവർക്കും ഇന്ത്യൻ ശിക്ഷാനിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം ഒരു വർഷം വരെ തടവും പിഴയുമാണു ലഭിക്കാവുന്ന ശിക്ഷ.

വൈകിട്ടു നാലിനു ശേഷം തുരു തുരാ വോട്ട്

തിരുവനന്തപുരം ∙ കണ്ണൂർ ജില്ലയിലെ കല്യാശേരി പുതിയങ്ങാടിയിൽ ഇന്നലെ കണ്ടെത്തിയ 3 കള്ളവോട്ടുകളും വൈകിട്ടു 4നു ശേഷമാണു നടന്നതെന്നു കാസർകോട് കലക്ടറുടെ റിപ്പോർട്ട്. പുതിയങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ 69, 70 ബൂത്തുകൾ കണ്ണൂർ ജില്ലയിലാണെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശപ്രകാരം കാസർകോട് കലക്റോടാണു തെളിവെടുപ്പ് നടത്തിയത്.

70 ാം നമ്പർ ബൂത്തിൽ 4.10 നു പ്രവേശിച്ച മുഹമ്മദ് ഫായിസ് 4.16നു വോട്ട്് ചെയ്തു. തുടർന്ന് തൊട്ടടുത്തുള്ള 69 ാം ബൂത്തിൽ 4.30ന് എത്തി 4.44നു രണ്ടാം വോട്ട്. അബ്ദുൽ സമദ് 4.38ന് 69 ാം ബൂത്തിലെത്തി 4.47നു വോട്ട് ചെയ്തു. ഇതേ ബൂത്തിൽ വീണ്ടും 5.27ന് എത്തി 5.29നു രണ്ടാം വോട്ട് ചെയ്തു. കെ.എം. മുഹമ്മദ് 69 ാം നമ്പർ ബൂത്തിൽ 4.05നു കയറി 4.08ന് ആദ്യ വോട്ട് ചെയ്തു. പിന്നീട് ഇതേ ബൂത്തിൽ 4.15ന് എത്തി സഹായിവോട്ട് രേഖപ്പെടുത്തി. തുടർന്ന് 5.26നു വീണ്ടുമെത്തി ഗൾഫിലുള്ള സക്കീറിന്റെ പേരിൽ 5.28നു മൂന്നാം വോട്ട്് രേഖപ്പെടുത്തി. കള്ളവോട്ട് ചെയ്തെന്ന ആരോപണം കലക്ടറുടെ മുൻപാകെ ആദ്യം നിഷേധിച്ചെങ്കിലും കോൺഗ്രസ് ബൂത്ത്് ഏജന്റ്് പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണു സക്കീറിന്റെ വോട്ട് ചെയ്തതെന്നു പിന്നീട് മൊഴിമാറ്റി.

രണ്ടാം വോട്ട്് ചെയ്തെന്നു വ്യക്തതയില്ലാത്തതു കെ.എം. ആഷിഖിന്റെ കാര്യത്തിലാണ്. 4.59നു ബൂത്തിൽ പ്രവേശിച്ചെങ്കിലും 5.11 വരെ വോട്ട് ചെയ്തില്ല. പുറത്തുപോയ ശേഷം 5.14നെത്തി വോട്ട് ചെയ്തു.

ഉദ്യോഗസ്ഥരുടെ പങ്ക്: ഒരാഴ്ചയ്ക്കകം റിപ്പോർട്ടിന് നിർദേശം

പുതിയങ്ങാടി ബൂത്തിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു. കുറ്റക്കാരെങ്കിൽ ഇവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. ക്രമക്കേട് അറിഞ്ഞിരുന്നില്ലെന്നും 4 മണിക്കു ശേഷം നല്ല തിരക്കായിരുന്നുവെന്നുമാണു പ്രിസൈഡിങ് ഓഫിസറും ഒന്നു മുതൽ മൂന്നുവരെ പോളിങ് ഓഫിസർമാരും മൊഴി നൽകിയത്. ടിവി ക്ലിപ്പിങ്ങുകളും വിഡിയോയും പരിശോധിച്ചാണു കലക്ടർ ക്രമക്കേട് കണ്ടെത്തിയത്. സെക്ടറൽ ഓഫിസറുടെയും ബൂത്ത് ലവൽ ഓഫിസറുടെയും സഹായത്തോടെ ആരോപണവിധേയരെ തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെയും മൊഴിയെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com