ADVERTISEMENT

ന്യൂഡൽഹി∙ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസനം മുൻഗണനാ പട്ടിക ഒന്നിൽ നിന്ന് രണ്ടിലേക്കു മാറ്റിയതിനെതിരെ കേരളം ഒറ്റക്കെട്ടായി ചെലുത്തിയ സമ്മർദം ഫലം കണ്ടു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ റദ്ദാക്കി. കേരളത്തോടു വിവേചനം കാട്ടില്ലെന്നും ഒന്നാം മുൻഗണനാ പട്ടികയിലുൾപ്പെടുത്തി സംസ്ഥാനത്തു ദേശീയപാത വികസിപ്പിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇന്ന് ഉത്തരവിറക്കും. കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവു വളരെ കൂടുതലാണ്. എന്നാൽ എത്ര ചെലവു വന്നാലും ദേശീയപാത വികസിപ്പിക്കാൻ താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതരുമായും ഗഡ്കരി ചർച്ച നടത്തി.

കഴിഞ്ഞ അഞ്ചിന് മലയാള മനോരമയാണു കേരളത്തിനു വൻ തിരിച്ചടിയാകുന്ന കേന്ദ്രസർക്കാർ തീരുമാനം പുറത്തുവിട്ടത്. ഇതിനു പിന്നാലെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ നിതിൻ ഗഡ്കരിയുമായി ഫോണിൽ ചർച്ച നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി ജി. സുധാകരൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും തീരുമാനം പിൻവലിക്കണമെന്നു ഗഡ്കരിയോടു കത്തിലൂടെ ആവശ്യപ്പെട്ടു.

മരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവു ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തി. മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്തതോടെയാണു നടപടി പിൻവലിക്കാൻ കേന്ദ്രം തയാറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com