ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 2 ബൂത്തുകളിലായി 10 പേർ 13 കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തിയെന്നും ഇവർക്കെതിരെയും കള്ളവോട്ടിനു കൂട്ടുനിന്ന 3 ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസെടുക്കാൻ കലക്ടറോടു നിർദേശിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കള്ളവോട്ട് കേസുകൾ 17 ആയി.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166-ാം ബൂത്തിൽ 9 പേർ 12 വോട്ടുകൾ ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ കുന്നിരിക്ക യുപിഎസിലെ 52-ാം ബൂത്തിൽ ഒരു കള്ളവോട്ട് നടന്നു. പാമ്പുരുത്തിയിൽ ലീഗുകാരും ധർമടത്ത് സിപിഎമ്മുകാരനും കള്ളവോട്ടു ചെയ്തെന്നാണ് ആരോപണം. എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർഥി കെ. സുധാകരന്റെയും പോളിങ് ഏജന്റുമാരുടെ പരാതിയിലാണു പാമ്പുരുത്തിയിൽ 12 കള്ളവോട്ട് കണ്ടെത്തിയത്.

യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ ഏജന്റിന്റെ പരാതിയിലാണു ധർമടത്തെ കള്ളവോട്ട് സ്ഥിരീകരിച്ചത്. പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്ത 9 ൽ 6 പേർ കുറ്റം സമ്മതിച്ചു. ഈ ബൂത്തിലെ പ്രിസൈഡിങ് ഓഫിസർ എൻ. പ്രകാശൻ (ജൂനിയർ സൂപ്രണ്ട്, ഗവ. ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മാടായി), ഒന്നാം പോളിങ് ഓഫിസർ സണ്ണി പാനോസ് (ഹൈസ്കൂൾ അസിസ്റ്റന്റ്, പെരിങ്കരി ജിഎച്ച്എസ്എസ്), മൈക്രോ ഒബ്‌സർവർ രൂദ്രമണി എന്നിവർക്കെതിരെ ജനപ്രാതിനിധ്യ നിയമം 134 വകുപ്പ് അനുസരിച്ചാണു ക്രിമിനൽ കേസ്.

അബ്ദുൽ സലാം, മർഷദ്, കെ.പി. ഉനിയാസ്, എന്നിവർ 2 തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൽ സലാം, കെ.പി. സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഒരു തവണയും കള്ളവോട്ട് ചെയ്തു. ധർമടത്ത് സായൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തത്. 47-ാം ബൂത്തിലെ വോട്ടറായ സായൂജ് അവിടെയും 52-ാം ബൂത്തിലും വോട്ടു ചെയ്തു. കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസെടുക്കും.

കള്ളവോട്ട് ചെയ്യാൻ സായൂജിനെ സഹായിച്ചെന്നു കരുതുന്ന കെ.പി. മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ ബൂത്തിലെ ഉദ്യോഗസ്ഥരും പോളിങ് ഏജന്റും കള്ളവോട്ടിനു കൂട്ടുനിന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com