sections
MORE

ചൂർണിക്കര നിലം നികത്ത് കേസ്: 3 പേർ കൂടി അറസ്റ്റിൽ

HIGHLIGHTS
  • അറസ്റ്റിലായവരിൽ വ്യാജ ഉത്തരവു തയാറാക്കിയ അരുൺകുമാറും
arun
അറസ്റ്റിലായ അരുൺകുമാർ
SHARE

ആലുവ∙ ചൂർണിക്കര മുട്ടത്തു ദേശീയപാതയോടു ചേർന്നു തണ്ണീർത്തടം പുരയിടമാക്കി മാറ്റാൻ വ്യാജ ഉത്തരവ‌് തയാറാക്കിയ കേസിൽ അറസ്റ്റിലായ ശ്രീമൂലനഗരം അപ്പേലി അബുവിന് 7 ലക്ഷം രൂപ പ്രതിഫലം കിട്ടിയപ്പോൾ ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ഓഫിസ് അസിസ്റ്റന്റ് കെ. അരുൺകുമാറിനു ലഭിച്ചതു 30,000 രൂപ.

തിരുവനന്തപുരത്തും പറവൂരിലുമുള്ള ഡിടിപി സെന്ററുകളുടെ സഹായത്തോടെ അബു (39) ആണ് ലാൻഡ് റവന്യു കമ്മിഷണറുടെയും ആർഡിഒയുടെയും വ്യാജ ഉത്തരവുകളും സർട്ടിഫിക്കറ്റും തയാറാക്കിയത്. അതിൽ കമ്മിഷണറേറ്റിലെ സീനിയർ സൂപ്രണ്ടിന്റെ നെയിം സീലും ഒപ്പും പതിച്ചു നൽകുകയാണ് അരുൺകുമാർ (34) ചെയ്തത്. ജീവനക്കാർ ഉച്ചയൂണിനു പോയ സമയത്താണ് ഇതു ചെയ്തതെന്ന് അരുൺകുമാർ പൊലീസിനു മൊഴി നൽകി. അരുൺകുമാറിനെയും ഏഴാറ്റുമുഖത്ത് അബുവിന് ഒളിത്താവളമൊരുക്കിയ ബന്ധുക്കളായ അഷ‌്റഫ‌്, റഷീദ‌് എന്നിവരെയും അറസ‌്റ്റ‌് ചെയ‌്തു.

സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: തൃശൂർ മതിലകം സ്വദേശി ഹംസയുടെയും ഭാര്യയുടെയും മകളുടെയും പേരിലാണ് മുട്ടത്തെ കോടികൾ വിലമതിക്കുന്ന 71 സെന്റ് സ്ഥലം. നിലം ബിടിആറിൽ പുരയിടമാക്കാൻ ഹംസയുടെ പക്കൽ നിന്ന‌് അബു 7 ലക്ഷം രൂപ വാങ്ങി. 6 മാസം മുൻപു മാറമ്പള്ളിയിലെ കല്യാണച്ചടങ്ങിലാണ് ഹംസയും അബുവും തമ്മിൽ ഇതു സംബന്ധിച്ചു ധാരണയായത്. പണവും ആവശ്യമായ രേഖകളും ബന്ധു ബഷീർ മുഖേന‌ ഹംസ എത്തിച്ച‌ുനൽകി. തുടർന്നു വില്ലേജ‌് ഓഫിസിലും ആർഡിഒ ഓഫിസിലും അബു അപേക്ഷ നൽകിയെങ്കിലും നടപടിയായില്ല.

അങ്ങനെയാണ് ബന്ധുവിന്റെ സുഹൃത്തായ അരുണിനെ സമീപിച്ചത്. ഹംസയുടെ പേരിലുള്ള അപേക്ഷയ്ക്കു കമ്മിഷണറേറ്റിൽ നിന്നു നൽകിയ നമ്പർ റഫറൻസ‌് ഉപയോഗിച്ചാണ് വ്യാജ ഉത്തരവ‌് നിർമിച്ചത്. കമ്മിഷണറേറ്റിൽ നിന്ന് അരുണിന്റെ സഹായത്തോടെ മുൻ ഉത്തരവുകൾ സംഘടിപ്പിച്ച് അതിന്റെ മാതൃകയിൽ തിരുവനന്തപുരത്തു ഡിടിപി എടുത്തു. ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവുമായി അബു വീണ്ടും വില്ലേജ‌് ഓഫിസിൽ ചെന്നെങ്കിലും ആർഡിഒയുടെ ഉത്തരവ‌ു വേണമെന്നു വില്ലേജ‌് ഓഫിസർ ശഠിച്ചു.

തുടർന്ന് അബുതന്നെ പറവൂരിലെ ഡിടിപി സെന്ററിൽ ആർഡിഒയുടെ വ്യാജ ഉത്തരവ‌് തയാറാക്കി ഡിജിറ്റൽ സിഗ‌്നേച്ചർ ഒട്ടിച്ചു. ഇതിൽ സംശയം തോന്നിയ വില്ലേജ‌് ഓഫിസർ ആർ. ശശിലേഖ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഹംസയെ ഒന്നാം പ്രതിയാക്കിയാണ് ലാൻഡ‌് റവന്യു കമ്മിഷണറും ആർഡിഒയും പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ഇതിൽ മാറ്റം വന്നേക്കും. വില്ലേജ‌് ഓഫിസ് മുതൽ കമ്മിഷണറേറ്റ‌് വരെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസ‌് പരിശാേധിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. സമാനമായ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാനാണിത്.

അബുവിനു റവന്യു ഭാഷ മനഃപാഠം

ആലുവ∙ റവന്യു ഭാഷയിൽ ഉത്തരവുകൾ തയാറാക്കാൻ അബുവിനുള്ള പ്രാവീണ്യം അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ അബുവിനെക്കൊണ്ട് റവന്യു ഉത്തരവുകൾ പൊലീസ് എഴുതിച്ചുനോക്കിയാണ് ഇതുറപ്പു വരുത്തിയത്. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബുവിനെയും അരുണിനെയും വെവ്വേറെ ചോദ്യം ചെയ്തു. പ്രതികൾ ഇതേ മാതൃകയിൽ വേറെയും സ്ഥലങ്ങൾക്കു വ്യാജരേഖ ഉണ്ടാക്കിയിട്ടുണ്ടോ എന്ന‌ു പൊലീസ‌് പരിശോധിക്കും. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ എന്നും അന്വേഷിക്കും.

സർവീസിലിരിക്കെ മരിച്ച അച്ഛന‌ു പകരമാണ് പത്താം ക്ലാസുകാരനായ പാങ്ങോട് വാഴൂട്ട് കവല അരുൺ നിവാസിൽ അരുൺകുമാറിനു ജോലി ലഭിച്ചത‌്. ഡിവൈഎസ‌്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സിഐ എൻ.എസ്. സലീഷ‌്, എസ‌്ഐ പി.കെ. മോഹിത‌്, എഎസ‌്ഐമാരായ സുരേഷ്, മനോജ്, സീനിയർ സിപിഒമാരായ അബ‌്ദുൽ റഹ‌്മാൻ, സിജൻ, റോണി, നിജു, സിപിഒമാരായ നവാബ്, ഷെമീർ, ജെറി, ജോയി എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA