ADVERTISEMENT

തൃശൂർ ∙  ഈ ‘തിരഞ്ഞെടുപ്പ്’ കഠിനം!  ഇപ്പൂരത്തിൽ ആർക്കാണു ജനസമ്മതി?. വോട്ടുമഷിപുരണ്ട ചൂണ്ടുവിരൽ താളം വിടാതെ വാനിലുയർത്തി പൂരക്കാണികൾ പിന്തുണ പ്രഖ്യാപിച്ചത് മഠത്തിൽവരവ് പഞ്ചവാദ്യത്തിനോ ഇലഞ്ഞിത്തറ മേളത്തിനോ കുടമാറ്റത്തിനോ വെടിക്കെട്ടിനോ..? അതോ ‘ഘ‌ടകകക്ഷി’കളായി നിരന്ന 8 ഘടകപൂരങ്ങൾക്കോ?

എണ്ണാമെങ്കിൽ എ‌‌ണ്ണിക്കോ, എല്ലാത്തിനും‘ മുന്നണി’യിൽ നിൽക്കാൻ മൽസരിച്ച കാണികൾക്കു കണക്കില്ല. ആ ആൾപ്പൂരം തേക്കിൻകാട്ടിൽ സൃഷ്ടിച്ചതാണ് ജനസാഗരം; ‘ജനാധിപത്യം’!

thrissur-pooram-2

തിരുവമ്പാടി, പാറമേക്കാവ് മുന്നണികൾ വാശിയോടെ മൽസരിച്ചപ്പോൾ  വടക്കുന്നാഥനായിരുന്നു ‘നിരീക്ഷകൻ’. പൂരത്തിൽ പങ്കാളിയല്ല, സാക്ഷിയാണല്ലോ സാക്ഷാൽ വടക്കുന്നാഥൻ.

തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ  കോങ്ങാട് ‘മധു’രം നുകർന്നു അണികൾ. പഴയ പല്ലാവൂർ ചിട്ട ഓർമിപ്പിച്ച് മഠത്തിൽവരവിന്റെ മടങ്ങിവരവ്. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഉണ്ണിക്കണ്ണന്റെ കോലത്തിൽ ഭഗവതിയുടെ തിടമ്പേറ്റിയത്.

pooram-kudamattam-special-show

അടുത്ത സ്വീകരണസ്ഥലം പാറമേക്കാവ് നട. ഭഗവതിയുടെ ഇറക്കിയെഴുന്നള്ളിപ്പിനു ചെമ്പട കഴിഞ്ഞപ്പോൾ ആനയുടെ ‘ചിന്നംവിളി’പോലെ കൊമ്പുകൾ മുഴങ്ങി. ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. താളം പാണ്ടിയിലേക്കു  കയറിയപ്പോഴാണു പ്രമാണി പെരുവനം കുട്ടൻമാരാർക്കു ദേഹാസ്വാസ്ഥ്യം. താളം തെല്ലിടറാതെ മേളം മുന്നോട്ട്. നടപ്പാണ്ടി കൊട്ടിയെത്തിയ സംഘം ഇലഞ്ഞിത്തറയിൽ മേളം തുടങ്ങിയപ്പോഴേക്കും ആശുപത്രിയിൽ നിന്നു കുട്ടൻ മാരാർ എത്തി. പ്രമാണം എന്ന പ്രാണൻ ഏറ്റെടുത്തു.

kudamattam-pooram-thrissur

കുടമാറ്റത്തിന് 15 വീതം ഗജവീരന്മാർ ഇരുപക്ഷത്തും നിരന്നപ്പോൾ അതുവരെ വാദ്യമേളാസ്വാദനത്തിൽ ലയിച്ചുനിന്ന ജനം മൈതാനത്തിനു നടുവിലേക്കു പാഞ്ഞടുത്തു. പിന്നാലെ നിശബ്ദ പ്രചാരണം പോലെ, വെടിക്കെട്ടിനു തുടക്കമിടുന്ന പുലർച്ചെവരെയുള്ള ഇടവേളയുടെ നിശബ്ദ മണിക്കൂറുകൾ.  ഒടുവിൽ, വോട്ടുപെട്ടി പോലെ രഹസ്യം ഒളിപ്പിച്ചുവച്ചിരിക്കുന്ന വെടിക്കെട്ടിന്റെ മായികപ്പെട്ടി തുറക്കാനുള്ള കാത്തിരിപ്പ്‍... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com