ADVERTISEMENT

തിരുവനന്തപുരം∙ വീട് വാങ്ങാമെന്നറുപ്പ് നൽകിയ ബാലരാമപുരം സ്വദേശി വാക്കുമാറിയതോടെ തകർന്നത് ഒരു കുടുംബത്തിന്റ നിലനിൽപ്പിനായുള്ള കണക്കുകൂട്ടലുകൾ. 45 ലക്ഷം രൂപ വിലപറഞ്ഞ സ്ഥലവും വീടും ഒടുവിൽ 23 ലക്ഷം രൂപയ്ക്കു വിൽക്കാൻ ചന്ദ്രനും കുടുംബവും തയാറായിരുന്നു. സമീപവാസിയായ ഒരു ബ്രോക്കർ വഴി ബാലരാമപുരം സ്വദേശി വാങ്ങാമെന്നും ഏറ്റു. ഈ ഉറപ്പിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അഭിഭാഷക കമ്മിഷണറും സംഘവും ജപ്തി നടപടികൾക്കായി എത്തിയപ്പോൾ 14 വരെ സാവകാശം ചോദിച്ചത്.

കമ്മിഷണറോട് ബാലരാമപുരം സ്വദേശി അഭിഭാഷക ഫോണിൽ സ്ഥലവും വീടും വാങ്ങുമെന്ന് ഉറപ്പു നൽകിയതായും സമീപവാസി സെബാസ്റ്റ്യൻ പറഞ്ഞു. അവധി തീരുന്ന അവസാന ദിവസമായ ഇന്നലെ പക്ഷേ കച്ചവടം ഉഴപ്പി. കുടുംബത്തിന്റെ പ്രതിസന്ധി മുതലെടുത്ത് വില വീണ്ടും കുറയുമോ എന്ന് വാങ്ങുന്നയാൾ നോക്കിയിരിക്കാമെന്ന് സെബാസ്റ്റ്യൻ പറയുന്നു. ഗൾഫിൽ നിന്ന് ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും വായ്പയെടുത്ത 5 ലക്ഷം രൂപയും ചേർത്താണ് വീട് പണിത്. സമീപത്തുള്ള ചെറിയ സ്ഥലങ്ങൾ പോലും 27 ലക്ഷത്തിന് പോയപ്പോഴാണ് കണ്ണായ ഈ സ്ഥലം 24 ലക്ഷത്തിന് വിൽക്കാൻ അവർ തയ്യാറായതെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.

സ്വപ്നങ്ങളെല്ലാം അഗ്നിയിൽ നഷ്ടപ്പെട്ട് ചന്ദ്രൻ

തിരുവനന്തപുരം ∙ മോളൂട്ടി എംബിഎക്കാണു പഠിക്കുന്നത്... എങ്ങനെയെങ്കിലും കടം തീർക്കുമായിരുന്നു... മോളുവിനും അവൾക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്നു കരുതിയില്ല.
ജപ്തി ഭീഷണിയെ തുടർന്നു ജീവനൊടുക്കിയ നെയ്യാറ്റിൻകരയ്ക്കു സമീപം മഞ്ചവിളാകം സ്വദേശി ലേഖയുടെ ഭർത്താവ് ചന്ദ്രൻ രുദ്രന്റെ വാക്കുകൾ മുറിഞ്ഞു. മകൾ വൈഷ്ണവി മരിക്കുകയും ഭാര്യ ലേഖ ഐസിയുവിനുള്ളിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലും കഴിയമ്പോഴായരുന്നു ചന്ദ്രനെ കണ്ടത്. പക്ഷേ 90 % പൊള്ളലേറ്റ ലേഖയും പിന്നീട് മരിച്ചു.

തങ്ങളാൽ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടയ്ക്കാൻ ശ്രമം നടത്തി വരികയായിരുന്നുവെന്നു ചന്ദ്രൻ പറയുന്നു. പുതിയ വീടു പണിതു സന്തോഷത്തോടെ ജീവിക്കാമെന്നു കരുതിയതാണ്. എന്നാൽ വിധി ഇങ്ങനെയാകുമെന്നു തീരെ കരുതിയില്ല. താൻ വിദേശത്തായിരുന്നപ്പോഴാണു വായ്പ എടുത്തതെന്നു ചന്ദ്രൻ പറഞ്ഞു. ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിയതോടെ തിരച്ചടവു മുടങ്ങി. ജീവിതം തന്നെ ബുദ്ധിമുട്ടിലായി. ഇപ്പോൾ മരപ്പണിയിലൂടെ കിട്ടുന്ന കാശുകൊണ്ടാണു ജീവിതം. മോളു (വൈഷ്ണവി) നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.

അഞ്ചു ലക്ഷം രൂപ 15 വർഷം മുൻപ് എടുത്തത് 15 ലക്ഷമായി. ഇതിൽ എട്ടു ലക്ഷത്തോളം രൂപ അടച്ചിട്ടുണ്ട്. ഇനിയും ഏഴു ലക്ഷം അടയ്ക്കണമെന്നാണു ബാങ്ക് പറയുന്നത്. സി.കെ. ഹരീന്ദ്രൻ എംഎൽഎ ഇടപെട്ട് സ്റ്റേ വാങ്ങി തന്നിരുന്നതാണ്. തന്റെ അറിവോടെ മാത്രമേ ഇനി നടപടികൾ ആകാവൂയെന്നു എംഎൽഎ ബാങ്കു മാനേജരെ അറിയിച്ചിരുന്നതാണ്. ബാങ്ക് അധികൃതർ അതു പാലിച്ചില്ല. ഇന്നലെ ഉച്ചയ്ക്കു 12.30ന് മുൻപ് പണം അടച്ചില്ലെങ്കിൽ ജപ്തി നടത്തുമെന്ന് അറിയിച്ച ബാങ്ക് അധികൃതർ, എന്തായി എന്ന് ചോദിച്ചു തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നതായും ചന്ദ്രൻ പറഞ്ഞു.

ഒരാഴ്ചകൂടി തന്നിരുന്നെങ്കിൽ...

തിരുവനന്തപുരം∙ 'ഇനി നിങ്ങളീ വീട്ടിൽ കയറിയാൽ ഞങ്ങൾ ഇവിടെ കിടന്നു മരിക്കും'-വെള്ളിയാഴ്ച ജപ്തിക്കായി വീട്ടിലെത്തിയ പൊലീസ് സംഘം മുറിയിൽ നിന്നിറങ്ങാൻ പറഞ്ഞപ്പോൾ ലേഖയുടെ മറുപടി ഇതായിരുന്നുവെന്ന് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ഓർമിക്കുന്നു. മരുമകളും ചെറുമകളും മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കൃഷ്ണമ്മ മുക്തയായിട്ടില്ല.

സ്ഥലം വാങ്ങുന്ന കക്ഷി പണം കൊണ്ടുവരുന്നതും കാത്ത് രാവിലെ മുതൽ സമീപത്തുള്ള സെബാസ്റ്റ്യന്റെ വീടിനു മുന്നിലിരിക്കുകയായിരുന്നു കൃഷ്ണമ്മയും ചന്ദ്രനും. രാവിലെ മുതൽ നിർത്താതെ ബാങ്കിൽ നിന്നുള്ള ഫോൺ വിളികളായിരുന്നു. സാക്ഷിയായി ഒപ്പിട്ട സെബാസ്റ്റ്യന്റെ ഫോണിലും വിളികളെത്തി. ആഹാരം പോലും കഴിക്കാതെയായിരുന്നു ഇരിപ്പ്. ആധി കൂടുമ്പോൾ ഓടിച്ചെല്ലുന്നത് സെബാസ്റ്റ്യന്റെ വീട്ടിലാണ്. രാവിലെ 8 മണിക്കും പൈസ കിട്ടുമെന്നുറപ്പിക്കാനായി ചന്ദ്രൻ ബ്രോക്കറുടെ വീട്ടിൽ പോയിരുന്നു.

ഒരാഴ്ച കൂടി അവർക്ക് തന്നൂടായിരുന്നോ?– കണ്ണീരോടെ കൃഷ്ണമ്മ ചോദിക്കുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ സ്വന്തം വീട്ടിൽ ശുചിമുറിയുപയോഗിക്കാനായി പോകുന്നതിനിടെയാണ് മുറിക്കുള്ളിലെ പുക കണ്ടത്. കൃഷ്ണമ്മയുടെ നിലവിളി കേട്ടാണ് സെബാസ്റ്റ്യനും ചന്ദ്രനും ഓടിയെത്തിയത്. ബാങ്കിന്റെ സമ്മർദമുണ്ടായിരുന്നതിനാൽ ഊണും ഉറക്കവുമില്ലാത്ത രാത്രികളായിരുന്നുവെന്ന് കൃഷ്ണമ്മ പറയുന്നു. ഗൾഫിൽ നിന്നെത്തിയ ചന്ദ്രൻ ആശാരിപ്പണിക്ക് പോകുമായിരുന്നെങ്കിലും കാര്യമായ വരുമാനമുണ്ടായിരുന്നില്ല.

കാത്തിരുന്നു മടുത്തു; ഒടുവിൽ കടുംകൈ

നെയ്യാറ്റിൻകര ∙ ‘‘പൂട്ടിയിട്ട കതകിനു താഴെക്കൂടി കറുത്ത പുക ഉയർന്നപ്പോൾ, നെഞ്ചിലൂടെ ഒരു മിന്നൽ..’’– മരിച്ച ലേഖയുടെയും വൈഷ്ണവിയുടെയും അയൽവാസിയായ സെബാസ്റ്റ്യന്റെ വാക്കുകൾ മുറിഞ്ഞു. സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തിയതും സെബാസ്റ്റ്യൻ തന്നെ. 14നു മുൻപു പണം അടയ്ക്കാമെന്ന് കുടുംബം കഴിഞ്ഞയാഴ്ച ബാങ്കിന് എഴുതി നൽകിയപ്പോൾ സാക്ഷിയായി ഒപ്പിട്ടതും സെബാസ്റ്റ്യനായിരുന്നു. നിസ്സഹായവസ്ഥയും സങ്കടവും നിറഞ്ഞ ഇന്നലത്തെ പകലിനെക്കുറിച്ചു സെബാസ്റ്റ്യൻ പറയുന്നു:

‘‘ബാങ്ക് നൽകിയ അവധിയുടെ അവസാന ദിവസമായതിനാൽ പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ എന്റെ വീടിന്റെ വരാന്തയിലുണ്ടായിരുന്നു. കുറഞ്ഞ വിലയാണെങ്കിലും വീടും സ്ഥലവും ബാലരാമപുരം സ്വദേശിക്കു വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. സമീപവാസിയായ ബ്രോക്കറുമുണ്ടായിരുന്നു. ഇതാ വരുന്നു എന്ന പല തവണ പറഞ്ഞതല്ലാതെ പണം കിട്ടിയില്ല. കുറച്ചു കഴിഞ്ഞു ബ്രോക്കർ സ്ഥലം വിട്ടു.

ബാങ്ക് മാനേജർ രാവിലെ തന്നെ പല തവണ വിളിച്ചു സമ്മർദത്തിലാക്കി. കോടതി ഉത്തരവാണ്, വേറെ മാർഗമില്ലെന്നാണു പറഞ്ഞത്. ഉച്ചയ്ക്ക് 12നു മുൻപു പണമടയ്ക്കാമെന്നായിരുന്നു വാഗ്ദാനം. കച്ചവടം അലസിയതോടെ എല്ലാം തകിടം മറിഞ്ഞു. അൽപസമയത്തിനുള്ളിൽ ചന്ദ്രന്റെ നിലവിളി കേട്ടാണ് ഓടിച്ചെന്നത്. കൃഷ്ണമ്മ മുറ്റത്തിരുന്നു കരയുകയായിരുന്നു. കിടപ്പുമുറിയിൽ നിന്നു പുക. ചവിട്ടിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറ്റത്തുകിടന്ന കരിങ്കല്ല് ഉപയോഗിച്ചു ഇടിച്ചുതുറക്കാൻ ശ്രമിച്ചു. ഒടുവിൽ കമ്പിപ്പാര ഉപയോഗിച്ചാണു കുത്തിത്തുറന്നത്’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com