ADVERTISEMENT

കോട്ടയം ∙ കെവിനെ തട്ടിക്കൊണ്ടു പോയ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘത്തെ പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിൽ കണ്ടുവെന്ന മൊഴി 27–ാം സാക്ഷി അലൻ  ഇന്നലെ കോടതിയിൽ നിഷേധിച്ചു. പൊലീസിന്റെ തെളിവെടുപ്പു വേളയിൽ എട്ടാം പ്രതി നിഷാദിന്റെ വീട്ടിൽ നിന്നു മൊബൈൽ ഫോൺ കണ്ടെടുക്കുന്നതു കണ്ടുവെന്ന മുൻമൊഴി 98–ാം സാക്ഷി സുലൈമാനും നിഷേധിച്ചു. ഇതോടെ കെവിൻ വധക്കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. പുനലൂർ നെല്ലിപ്പള്ളി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്  അലൻ. പ്രതി നിഷാദിന്റെ അയൽവാസിയാണ് സുലൈമാൻ.

അലന്റെ മുൻമൊഴി ഇങ്ങനെ:  2018 മെയ് 26നു കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം പെട്രോൾ പമ്പിൽ പ്രതികൾ വന്നു. 3 കാറുകളിൽ 13 പേർ ഉണ്ടായിരുന്നു. ഫാൻസി നമ്പറുള്ള ഇന്നോവ, ഐ10, വാഗൺ ആർ എന്നിവയായിരുന്നു കാറുകൾ. അവർ ഇവിടെ കൂട്ടമായി നിന്നു സംസാരിച്ചു. മഞ്ഞ ടീ ഷർട്ടിട്ട സാനു ചാക്കോ ക്രെഡിറ്റ് കാർഡ് വഴി പെട്രോളിന്റെ പണം നൽകി. തുടർന്നു കോട്ടയത്തേക്കു പോയി. ഇന്നലെ ഈ മൊഴി അലൻ മാറ്റി. അന്നു കാറുകൾ വന്നതായി ഓർമയില്ല. 13 പേർ വന്നതായും കണ്ടില്ല. ഞാൻ പറഞ്ഞതല്ല പൊലീസ് എഴുതിയത്. ശരിയാണെന്നു പറഞ്ഞില്ല. പകരം തലയാട്ടുക മാത്രമാണു ചെയ്തതെന്നു അലൻ കോടതിയിൽ പറഞ്ഞു.

തെളിവെടുപ്പു വേളയിലെ മൊഴിയാണു സുലൈമാൻ മാറ്റിയത്. അയൽവാസിയായ സുലൈമാന്റെ സാന്നിധ്യത്തിലാണു പൊലീസ് നിഷാദിന്റെ മൊബൈൽ വീട്ടിൽ നിന്ന് എടുത്തത്. നിഷാദിനെ ഇന്നലെ കോടതിയിൽ സുലൈമാൻ തിരിച്ചറിഞ്ഞു. എന്നാൽ നിഷാദ് മൊബൈൽ ഫോൺ പൊലീസിനു കൈമാറുന്നതു കണ്ടില്ലെന്നു പറഞ്ഞു. 3–ാം പ്രതി ഇഷാന്റെ അയൽവാസിയായ രജനീഷ് തെളിവെടുപ്പ് സമയത്തു ഇഷാൻ സ്വന്തം വീട്ടിലെ അലമാരയിൽ നിന്നു മൊബൈൽ ഫോൺ എടുത്ത് പൊലീസിനു നൽകിയതു കണ്ടെന്നു പറഞ്ഞു.പ്രതി റിയാസിന്റെ അയൽവാസിയായ രതീഷ് റിയാസ് പൊലീസിനു മൊബൈൽ ഫോൺ കൈമാറുന്നതും കണ്ടെന്നും  പറഞ്ഞു. രജനീഷ് ഇഷാനെയും രതീഷ് റിയാസിനെയും തിരിച്ചറിഞ്ഞു. ഇരുവരും അതാതു മൊബൈൽ ഫോണുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ 28–ാം സാക്ഷി എബിൻ, 91–ാം സാക്ഷി സുനീഷ്, 92–ാം സാക്ഷി മുനീർ എന്നിവർ മൊഴി മാറ്റിയിരുന്നു. 4 സാക്ഷികളെയാണ് ഇന്നലെ വിസ്തരിച്ചത്. ഇവരിൽ 93–ാം സാക്ഷി രജനീഷും 95–ാം സാക്ഷി രതീഷും പ്രോസിക്യൂഷനു അനുകൂലമായ മൊഴിയാണ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com