ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഈ വർഷം 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219 കോടി രൂപ കേന്ദ്രവിഹിതമാണ്. സംസ്ഥാനം ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചു. ഇതു കഴിഞ്ഞ വർഷത്തെക്കാൾ 20 കോടി കൂടുതലാണ്. സംസ്ഥാനത്തിനു വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് 342 കോടിയുടെ പദ്ധതി കേന്ദ്ര അംഗീകാരത്തിനു സമർപ്പിച്ചത്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകൾക്കും പച്ചക്കറിത്തോട്ടം സ്ഥാപിക്കാൻ 5000 രൂപ വീതം അനുവദിച്ചു. 1285 സ്കൂളിൽ പാചകപ്പുര നവീകരണത്തിനു സ്കൂൾ ഒന്നിനു 10,000 രൂപ വീതം അനുവദിച്ചു. 3031 സ്കൂളിൽ ഈ വർഷം പാചകപ്പുര നിർമാണം പൂർത്തിയാക്കും. കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ അധ്യയന വർഷം അനുവദിച്ച കേന്ദ്രവിഹിതം കൃത്യമായി ചെലവഴിക്കുകയും ധനവിനിയോഗ രേഖകൾ കൃത്യമായി കേന്ദ്രത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു.

കൃഷി വകുപ്പുമായി ചേർന്നു സ്കൂളുകളിൽ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്കൂൾ കുട്ടികൾക്കു മുട്ടയും പാലും നൽകൽ, ഭക്ഷണ സാംപിൾ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പാചകത്തൊഴിലാളികൾക്കു നൽകുന്ന പരിശീലനം എന്നിവയെ യോഗം പ്രശംസിച്ചു. പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ പ്രതിഫലം എന്നീ ഇനങ്ങളിൽ കേന്ദ്ര നിർദേശത്തെക്കാൾ കൂടുതൽ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയും അഭിനന്ദിക്കപ്പെട്ടു. എന്നാൽ പാചകത്തൊഴിലാളികളുടെ പ്രതിഫലം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജെസി ജോസഫ് ഉൾപ്പെടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com