ADVERTISEMENT

തിരുവനന്തപുരം∙ തപാൽ ബാലറ്റ് തിരിമറിയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന 4 പൊലീസുകാരെ പഞ്ചാബിലെ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ നിന്നു തിരിച്ചു വിളിച്ചു. ഇന്ത്യാ റിസർവ് ബറ്റാലിയനിലെ പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ് കുമാർ, മണിക്കുട്ടൻ എന്നിവരെയാണ് അടിയന്തരമായി മടക്കി വിളിച്ചത്. ക്രൈംബ്രാഞ്ച് ഐജിയുടെ ആവശ്യ പ്രകാരം ബറ്റാലിയൻ എഡിജിപിയാണു നിർദേശം നൽകിയത്. 4 പേരും ഇന്നലെ വൈകിട്ടു ട്രെയിൻ മാർഗം മടങ്ങിയെത്തി.

തെറ്റായ മേൽവിലാസം നൽകി ഒന്നിലേറെ തപാൽ ബാലറ്റുകൾ ശേഖരിച്ചെന്ന ആരോപണം നേരിടുന്നവരാണു 4 പേരും. ഇന്റലിജൻസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിൽ ഇവരുടെ പേരെടുത്തു പരാമർശിച്ചതിനാൽ പ്രത്യേക അന്വേഷണത്തിനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചിരുന്നു. എന്നാൽ പഞ്ചാബിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലായതിനാൽ ഇവരുടെ മൊഴിയെടുക്കാനായില്ല.

അതേസമയം ഇവരുടെ ഫോൺവിളിയുടെ വിശദാംശം ഉൾപ്പെടെ അന്വേഷണസംഘം പരിശോധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴിയെടുത്ത ശേഷമാകും തുടർനടപടി. തപാൽ ബാലറ്റ് ക്രമക്കേടു സംബന്ധിച്ചു ഡിജിപി നൽകിയ ഇടക്കാല റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇതുവരെ നടപടിയെടുത്തിട്ടില്ല. 23 വരെ തപാൽ വോട്ട് രേഖപ്പെടുത്താൻ സമയം ഉള്ളതിനാൽ അന്വേഷണം പൂർത്തിയാക്കാൻ ഡിജിപി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ തുടർനടപടി.

ഐആർ ബറ്റാലിയനിലെ ഒരു പൊലീസുകാരനെ പ്രതിയാക്കി ഇതിനോടകം ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. തപാൽ ബാലറ്റ് ശേഖരിക്കാൻ ഇയാൾ ഫോണിലൂടെ  ശബ്ദസന്ദേശം നൽകിയതു പുറത്തായതോടെയാണിത്. സിപിഎം അനുകൂല പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ സംഘടനകളുടെ നേതാക്കൾ ഭീഷണിപ്പെടുത്തി തപാൽ വോട്ടുകൾ കൈക്കലാക്കിയെന്നാണ് ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com