ADVERTISEMENT

തിരുവനന്തപുരം ∙ കരകുളത്ത് വീടിനു മുന്നിൽ പെൺമക്കൾക്കും ഭർതൃമാതാവിനും മുന്നിൽ യുവതി കുത്തേറ്റും കഴുത്തറുക്കപ്പെട്ടും മരിച്ചു. കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ സ്മിതയാണു (38) ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കൊല്ലപ്പെട്ടത്. തുടർന്നു നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഭർത്താവ് സജീവിനെ (48) അറസ്റ്റ് ചെയ്തു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

നെടുമങ്ങാട്ട് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയാണു സ്മിത. കൂലിപ്പണിക്കാരനായ സജീവ് മദ്യപിച്ചെത്തി ദിവസവും ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയും വഴക്കുണ്ടായപ്പോൾ സ്മിത അടുത്ത വീട്ടിൽ അഭയം തേടി. രാത്രി തിരിച്ചെത്തിയപ്പോൾ വീടിനു മുന്നിൽ കാത്തുനിന്ന സജീവ് കത്തി കൊണ്ടു വലതു ചെവിക്കു പിന്നിൽ കുത്തി. പിന്നീടു വീട്ടുമുറ്റത്തേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു മറ്റൊരു കഠാര കൊണ്ടു കഴുത്തറുത്തെന്നും പൊലീസ് പറഞ്ഞു.

ദമ്പതികൾ തമ്മിലുള്ള കലഹം പതിവായിരുന്നതിനാൽ സ്മിതയുടെ കരച്ചിൽ കേട്ടിട്ടും നാട്ടുകാർ ശ്രദ്ധിച്ചില്ല. സജീവിന്റെ അമ്മ ശാന്തകുമാരിയും മക്കൾ പത്താം ക്ലാസ് വിദ്യാർഥിനി പാർവതിയും ഒൻപതാം ക്ലാസ് വിദ്യാർഥിനി ഭദ്രയും വീട്ടിലുണ്ടായിരുന്നു. കൊലയ്ക്കു ശേഷം വീടിന്റെ വാതിൽ പുറത്തുനിന്ന് അടച്ചിട്ട സജീവ് സാരി കൊണ്ടു സ്മിതയുടെ ജഡം മൂടി. ഭാര്യയെ കൊലപ്പെടുത്തിയെന്നും കുട്ടികൾ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും അയൽവീട്ടിൽ പറഞ്ഞ ശേഷം ഇയാൾ സ്കൂട്ടറിൽ സ്റ്റേഷനിലെത്തുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്താണു സജീവിന്റെ വീട്. ഇവരുടേതു പ്രണയവിവാഹമായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന സ്മിത ഭർത്താവിന്റെ എതിർപ്പു മൂലം അതെല്ലാം വേണ്ടെന്നു വച്ചെന്ന് അയൽക്കാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com