ADVERTISEMENT

തിരുവനന്തപുരം∙ എറണാകുളത്ത് റേഷനരിയിൽ പുഴുക്കളും പുഴുക്കട്ടയും കാണപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഡിപ്പോകളിലും വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്ന മൊത്തം അരിയും പരിശോധിക്കാൻ നിർദേശം. സപ്ലൈകോ മേഖലാ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ ആസ്ഥാനത്തു നിന്ന് ഇതുസംബന്ധിച്ച് അടിയന്തര നിർദേശം നൽകി. എറണാകുളം സിറ്റി റേഷനിങ് ഓഫിസിനു കീഴിലുള്ള രണ്ടാം നമ്പർ റേഷൻ കടയിൽ മേയ് മാസ വിതരണത്തിനായി പെരുമ്പാവൂരിലെ മില്ലിൽ നിന്ന് 93, 96 ബാച്ചുകൾ പ്രകാരം വിതരണം ചെയ്ത 39 ചാക്ക് കുത്തരിയിലാണു പുഴു കാണപ്പെട്ടത്. കടയുടമ നൽകിയ പരാതി പരിശോധിച്ച് ഉദ്യോഗസ്ഥർ ഇതു സ്ഥിരീകരിച്ചു.

അരിയിൽ കീടബാധ കണ്ടെത്തിയതായ പരാതികൾ സപ്ലൈകോ ആസ്ഥാനത്തു ലഭിച്ചതായി മാനേജരുടെ കത്തിൽ പറയുന്നുണ്ട്. അതിനാൽ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുളള അരി ക്വാളിറ്റി കൺട്രോളർമാർ പരിശോധിച്ചു ഗുണമേന്മ ഉറപ്പാക്കിയിട്ടേ വിതരണം നടത്താവൂ. മില്ലുകളിൽ നിന്ന് അരി ഏറ്റെടുക്കുന്ന വേളയിൽ ഗുണമേന്മ ക്വാളിറ്റി കൺട്രോളർമാർ വ്യക്തമായി പരിശോധിച്ച ശേഷമേ ഡിപ്പോകളിലേക്ക് അയയ്ക്കാവൂ എന്നും കത്തിൽ നിർദേശിച്ചു.

പ്രളയകാലത്തു പെരുമ്പാവൂരിലെ മില്ലിൽ സൂക്ഷിച്ചിരുന്ന ടൺ കണക്കിന് അരി വെള്ളം കയറി നശിച്ചിരുന്നു. ഇതു നീക്കാൻ കരാർ എടുത്ത കമ്പനി ഇടനിലക്കാരനു കൂടിയ വിലയ്ക്കു മറിച്ചു വിറ്റു. ആ അരി പിന്നീടു കോയമ്പത്തൂരിനു സമീപത്തെ അരി മില്ലിൽ എത്തിച്ചതു വിവാദമായിരുന്നു. പെരുമ്പാവൂരിലെ അതേ മില്ലിൽ നിന്ന് ഇപ്പോൾ വിതരണം ചെയ്ത അരിയിലാണു പുഴുവും പുഴുക്കട്ടയും കണ്ടത്. സാധാരണ മില്ലുകളിൽ നിന്ന് അരി എടുക്കുന്നതിനു മുൻപും ഡിപ്പോകളിൽ നിന്ന് അതു റേഷൻ കടകളിലേക്കു വിതരണത്തിനു കൊണ്ടു പോകുന്നതിനു മുൻപും ഗുണനിലവാര പരിശോധന നടത്തണമെന്നാണു ചട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com