ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിലൂടെ 25 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി വ്യാഴാഴ്ച ഡിആർഐ കൊച്ചി ഓഫിസിൽ വിളിച്ചു വരുത്തിയ ശേഷം ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ജൂൺ 6 വരെ റിമാൻഡ് ചെയ്തു. നേരത്തെ ഡിആർഐ സംഘം രാധാകൃഷ്ണനെ നാലുവട്ടം ചോദ്യം ചെയ്യുകയും തിരുവനന്തപുരത്തെ വീട് പരിശോധിക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്തിൽ ഇടനിലക്കാരനായ അഡ്വ.ബിജു സ്വർണം വിറ്റ തിരുവനന്തപുരം കിഴക്കേകോട്ടയിലെ സ്വർണക്കടയുടമ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ബിജു, സഹായികളായ വിഷ്ണു, പ്രകാശൻ തമ്പി, സ്വർണക്കടയുടമ ഹക്കീം എന്നിവർ ഒളിവിലാണ്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. വിഷ്ണുവുമായാണു കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഇടപാടുകൾ നടത്തിയിരുന്നതെന്നാണു ഡിആർഐ കണ്ടെത്തൽ. ഇവർ തമ്മിൽ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.

സ്വർണക്കടത്തിൽ അറസ്റ്റിലായ കഴക്കൂട്ടം സ്വദേശിനി സെറീന (42) വിമാനത്താവളത്തിൽ എത്തുമ്പോഴെല്ലാം എക്സ്റേ മെഷീനിൽ രാധാകൃഷ്ണനായിരുന്നു ഡ്യൂട്ടിയിലെന്നു കണ്ടെത്തി. ഒരിക്കൽ മറ്റൊരു ഉദ്യോഗസ്ഥനെ എഴുന്നേൽപിച്ചു മാറ്റി രാധാകൃഷ്ണൻ സെറീനയുടെ ഹാൻഡ് ബാഗേജ് മെഷീനിലൂടെ കടത്തി വിടുന്നതും മറ്റൊരിക്കൽ ഇവർ സുരക്ഷിതയായി പുറത്തിറങ്ങിയോ എന്നു നോക്കുന്നതും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. ഈ മാസം 13 ന് 25 കിലോ സ്വർണവുമായി പിടിയിലാകും മുൻപ് 6 പ്രാവശ്യമാണു സെറീന ദുബായിൽ പോയിവന്നത്.

സ്വർണക്കടത്തുകാർ എത്തുന്ന വിവരം വിഷ്ണുവാണു സൂപ്രണ്ടിനെ അറിയിച്ചിരുന്നത്. അതനുസരിച്ചു രാധാകൃഷ്ണൻ ഡ്യൂട്ടിയിലുള്ളവരെ മാറ്റി ബാഗ് പരിശോധന നേരിട്ടു ചെയ്തിരുന്നു. കടത്തുകാർ സുരക്ഷിതമായി പുറത്തെത്തുമ്പോൾ ഇദ്ദേഹവും പരിശോധനാ സ്ഥലത്തു നിന്നു മാറും. ഡ്യൂട്ടി മാറുമ്പോൾ റജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയും പാലിച്ചിരുന്നില്ല.

തിരുമല സ്വദേശി കെഎസ്ആർടിസി കണ്ടക്ട‍ർ സുനിൽകുമാറും (45) സെറീനയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. ദുബായിൽ നിന്നു മസ്കത്ത് വഴി ഒമാൻ എയർവേയ്സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണു ബിജുവിനെയും സംഘത്തെയും കുറിച്ചുള്ള വിവരം ലഭിച്ചത്. അന്വേഷണ സംഘത്തിലെ ഒരാൾ ചാനലുകൾക്ക് ഈ വിവരം നൽകിയതോടെ ഇവർ മുങ്ങിയെന്നാണു കേന്ദ്ര ഇന്റലിജൻസ് സംഘത്തിനു ലഭിച്ച വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com