ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കിടയിൽ അസംതൃപ്തിയില്ലാതിരുന്നിട്ടും 7 മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടിൽ യുഡിഎഫും ബിജെപിയും മുന്നിലെത്തിയെന്ന ആശങ്ക പങ്കുവച്ചു മന്ത്രി ടി.പി രാമകൃഷ്ണൻ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അഞ്ചിടത്ത് യുഡിഎഫും രണ്ടിടത്തു ബിജെപിയും പോസ്റ്റൽ വോട്ടിൽ മുന്നിലെത്തി. എൽഡിഎഫിനെ പരാജയപ്പെടുത്താൻ 5 മണ്ഡലങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നും മന്ത്രി ആരോപിച്ചു.

എൽഡിഎഫിന്റെ പരാജയം തെറ്റിദ്ധാരണകളിൽ നിന്നുണ്ടായ താൽക്കാലിക തിരിച്ചടി മാത്രമാണ്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നു. പക്ഷേ തീവ്രപ്രചാരണം അഴിച്ചുവിട്ട് ഒരു വിഭാഗം ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കി. സംഘപരിവാർ ഹിന്ദു ധ്രുവീകരണം നടത്തിയപ്പോൾ മുസ്‍ലിം ലീഗ് മുസ്‍ലിം ധ്രുവീകരണത്തിനു കളമൊരുക്കി. കോൺഗ്രസ് കേന്ദ്ര ഭരണത്തിൽ വരുമെന്നു തെറ്റിദ്ധരിച്ചവർ യുഡിഎഫിന് വോട്ട് ചെയ്തു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിക്കാൻ യുഡിഎഫിനും മാധ്യമങ്ങൾക്കും കഴിഞ്ഞു. 

യുഡിഎഫിന് വോട്ട് ചെയ്തവരെല്ലാം കോൺഗ്രസ് പക്ഷത്തേക്കു മാറിയെന്നു ധരിക്കേണ്ട. ഇടതുപക്ഷം അപ്രസക്തമായെന്നു ധരിക്കുന്നവർക്കു തിരുത്തേണ്ടി വരും. എല്ലാ വിഭാഗങ്ങളും എൽഡിഎഫിനൊപ്പം നിൽക്കുമെന്നു കാലം തെളിയിക്കും. വോട്ട് വിഹിതവും സീറ്റും കുറഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ ബഹുജന അടിത്തറ തകർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എൻജിഒ യൂണിയൻ പ്രസിഡന്റ് ഇ.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എഐഎസ്ജിഇഎഫ് ജനറൽ സെക്രട്ടറി എ.ശ്രീകുമാർ, എഫ്എസ്ഇടിഒ പ്രസിഡന്റ് കെ.സി. ഹരികൃഷ്ണൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com