ADVERTISEMENT

കൊച്ചി ∙ നിപ്പ രോഗ ലക്ഷണങ്ങളോടെ ഒരാളെ കൂടി ഇന്നലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചെങ്കിലും ഐസലേഷൻ വാർഡിൽ തുടരും. രോഗമില്ലെന്നു സ്ഥിരീകരിച്ച മറ്റൊരാളെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. നിലവിൽ മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലുള്ള 7 പേർക്കും നിപ്പ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി കലക്ടർ മുഹമ്മദ് സഫിറുല്ല പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച ഒരാളിന്റെ രക്ത സാംപിളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻഐവി) നടത്തിയ പരിശോധനയിൽ യുവാവിന്റെ സാംപിളുകളിൽ ഒന്നിൽ മാത്രമാണു രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. വിദ്യാർഥിയുമായി സമ്പർക്കം പുലർത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു നിരീക്ഷണത്തിലുള്ള 329 പേരിൽ ആരും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ്പ രോഗം സംശയിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അതീവ സുരക്ഷാ വാർഡിൽ പ്രവേശിപ്പിച്ച യുവാവിന് നിപ്പ രോഗം ഇല്ലെന്നു സ്ഥിരീകരിച്ചു. കൊച്ചിയിൽ നിപ്പ ബാധിച്ചു ചികിത്സയിൽ കഴിയുന്ന രോഗിയെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ചെറിയ പനിയുമായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്കും നിപ്പ വൈറസ് ബാധയില്ലെന്നു തെളിഞ്ഞു.

നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര വിദഗ്ധ സംഘം തൊടുപുഴയിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. കൊല്ലം ജില്ലയിൽ നിപ്പ ബാധിതരെന്നു സംശയിക്കുന്ന 4 പേർക്കും നിലവിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ല. എങ്കിലും നിരീക്ഷണം തുടരും. നിപ്പയുടെ ലക്ഷണങ്ങളുമായി തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 2 പേരുടെ സാംപിൾ കൂടി വിദഗ്ധ പരിശോധനയ്ക്കയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com