ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ സർക്കാർ നിലപാടു ശരിയാണെങ്കിലും വിശ്വാസികളുടെ വികാരം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നു സിപിഐ സംസ്ഥാന കൗൺസിലിന്റെ വിലയിരുത്തൽ. പരാജയത്തെക്കുറിച്ചു ബൂത്ത് തലം വരെ അന്വേഷണം നടത്താനും കൗൺസിൽ തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫിനു സ്ഥിരമായി വോട്ട് ചെയ്യുന്നവർക്കിടയിൽ പോലും സംശയമുണ്ടായി.

പിണറായി ആണെങ്കിലും ഫഡ്നാവിസ് ആണെങ്കിലും സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണ്. വിശ്വാസത്തെ രാഷ്ട്രീയസമരമായി യുഡിഎഫും ബിജെപിയും മാറ്റി. തെറ്റിദ്ധാരണ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിശ്വാസികൾ തങ്ങളെ വിശ്വസിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 85% പേരും മതനിരപേക്ഷതയ്ക്കു വേണ്ടിയാണ് വോട്ട് ചെയ്തത്. എന്നാൽ നിർഭാഗ്യവശാൽ അതിൽ ഭൂരിപക്ഷവും ലഭിച്ചതു യുഡിഎഫിനാണ്.

മുൻവർഷങ്ങളെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുണ്ടായ അന്തരം വർധിച്ചതു ഗൗരവകരമാണ്. 2014ൽ 2% ആയിരുന്ന വ്യത്യാസം ഇത്തവണ 12% ആയി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ പ്രതികൂലമായിട്ടുണ്ടാകാം. വിശ്വാസികളെ കാര്യം പറഞ്ഞു മനസിലാക്കി തിരികെ കൊണ്ടുവരും. പരാജയം താൽക്കാലികമാണ്. ഭരണഘടനയ്ക്കു മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാൻ എൽഡിഎഫിനു സാധിക്കില്ല. യുഡിഎഫും ബിജെപിയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി നേടിയ വിജയമാണിത്.

തിരഞ്ഞെടുപ്പിനെ വൈകാരികതലത്തിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചു. സർക്കാർ 3 വർഷം ചെയ്തതൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയായില്ല. എൻഎസ്എസുമായി ഇണക്കവുമില്ല, പിണക്കവുമില്ല. പരാജയത്തിന്റെ പശ്ചാത്തലത്തിലും സമുദായ സംഘടനകളുമായി ചർച്ചയ്ക്കില്ലെന്നും കാനം പറഞ്ഞു.

∙ ‘മുഖ്യമന്ത്രിയുടെ  ശൈലിയോടു സിപിഐക്ക് വിയോജിപ്പില്ല. അദ്ദേഹം ഇതേ ശൈലി പിന്തുടർന്നാണു മുഖ്യമന്ത്രിയായതും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ജയിച്ചതും. ഇത്രയും വയസ്സായ ഒരാളുടെ ശൈലി ഞങ്ങൾ വിചാരിച്ചാൽ മാറ്റാൻ കഴിയുമോ.’ - കാനം രാജേന്ദ്രൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com