ADVERTISEMENT

തൃശൂർ ∙ ഗുരുക്കന്മാർ അലിഞ്ഞുചേർന്ന നിളാതീരത്ത് പഞ്ചവാദ്യ പ്രതിഭ അന്നമനട പരമേശ്വര മാരാർക്ക് അന്ത്യവിശ്രമം. തൃശൂർ പൂരത്തിന്റെ മഠത്തിൽവരവ് പ്രമാണിയായിരുന്ന അന്നമനടയെ ഔദ്യോഗിക ബഹുമതികളോടെ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഗുരുക്കന്മാരായ പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാരുടെയും പല്ലാവൂർ മണിയൻ മാരാരുടെയും അന്ത്യകർമങ്ങൾ നടത്തിയ മണ്ണിൽ തന്നെ ശിഷ്യനും ചിതയൊരുങ്ങി.

മൂന്നു പതിറ്റാണ്ടുകാലം അന്നമനട പരമേശ്വര മാരാർ ജീവിച്ച കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രത്തിനരികിലെ കാവിൽ പ്രശാന്തിയിൽ വീടിനു മുന്നിൽ എൻഎസ്എസ് കരയോഗം ഹാളിൽ മൃതദേഹം മൂന്നുമണിക്കൂർ പൊതുദർശനത്തിനു വച്ചു. വാദ്യ–മേള പ്രമാണിമാരും ആസ്വാദകരും പൂരപ്രേമികളുമടക്കം നൂറുകണക്കിനു പേർ അന്തിമോപചാരം ചൊല്ലാനെത്തി.

തിമിലയിൽ വിസ്മയം സൃഷ്ടിച്ച കലാപ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പെരുവനം കുട്ടൻ മാരാർ, കോങ്ങാട് മധു, കിഴക്കൂട്ട് അനിയൻ മാരാർ, കുനിശേരി ചന്ദ്രൻ, ചോറ്റാനിക്കര വിജയൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ മാരാർ, തിച്ചൂർ മോഹനൻ, കുനിശേരി അനിയൻ‌ മാരാർ തുടങ്ങിയ മേള കുലപതികളെത്തിയിരുന്നു. കൊടകരയിൽനിന്ന് അന്നമനട വഴിയാണ് മൃതദേഹം തിരുവില്വാമലയിലെത്തിച്ചത്. വിലാപയാത്രയായി നിളാതീരത്തെത്തിച്ച ശേഷം മകൻ ഹരീഷ് മാരാർ ചിതയ്ക്കു തീ കൊളുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com