ADVERTISEMENT

കൊച്ചി∙ സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ വി.എസ്. നവാസിനെ (50) കാണാതായെന്നു പരാതി. ഭാര്യ ആരിഫ സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. നവാസും ഒരു ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ ബുധനാഴ്ച രാത്രി വയർലെസിൽ വാക്കുതർക്കമുണ്ടായതായും ഈ ഉദ്യോഗസ്ഥൻ നവാസിനെ ശാസിച്ചതായും വിവരമുണ്ട്.

ഔദ്യോഗിക സിം കാർഡും വയർലെസ് സെറ്റും ജീപ്പിന്റെ താക്കോലും നവാസ് ബുധനാഴ്ച രാത്രിയിൽ തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ സമ്മർദങ്ങളാകാം മാറി നിൽക്കാൻ കാരണമെന്നും കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളില്ലെന്നും ആരിഫയുടെ മൊഴിയിലുണ്ട്. സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്.

ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

നവാസ് ഇന്നലെ രാവിലെ പത്തോടെ, ചേർത്തലയിൽ നിന്നു കായംകുളം വരെ ഒരു പൊലീസുകാരന്റെ കാറിൽ യാത്ര ചെയ്തതായി വിവരമുണ്ടെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ മൊഴി ഇന്നലെ രാത്രി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയിലെ ഒരു എസ്ബിഐ എടിഎമ്മിൽ നിന്ന് ഇന്നലെ രാവിലെ 10,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. തൃക്കാക്കര അസി. കമ്മിഷണർ സ്റ്റുവർട് കീലർ, ഇൻസ്പെക്ടർ പി.എസ്. ശ്രീജേഷ്, എസ്ഐ രാജൻ ബാബു എന്നിവരും സംഘത്തിലുണ്ട്.

പൊലീസുകാരുടെ സംഘങ്ങളെ ചില സ്ഥലങ്ങളിൽ തിരച്ചിലനായി നിയോഗിച്ചതായി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു നവാസ് സെൻട്രൽ സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്. മട്ടാഞ്ചേരി സ്റ്റേഷനിലേക്കു സ്ഥലം മാറ്റപ്പെട്ട അദ്ദേഹം ഇന്നു ചുമതലയേൽക്കാനിരിക്കെയാണു സംഭവം. 

നവാസിനു മേൽ കടുത്ത സമ്മർദങ്ങൾ

കൊച്ചി∙ സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള വി.എസ്.നവാസിന്റെ മേൽ കടുത്ത സമ്മർദങ്ങളുണ്ടായിരുന്നതായി സൂചന. ബുധനാഴ്ച രാത്രി സിറ്റി പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസിൽ രൂക്ഷമായ വാക്കുതർക്കം നടന്നിട്ടുണ്ടെങ്കിലും തിരോധാനത്തിനു പിറകിൽ മറ്റു പല ഔദ്യോഗിക സമ്മർദങ്ങളുണ്ടെന്നാണു സൂചന. വയർലെസിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രി നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. ഡ്യൂട്ടി ആബ്സന്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ തന്നെ അറിയിക്കാതിരുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥൻ നവാസിനോടു വിശദീകരണം ചോദിച്ചു. ഇരുവരും പരിധിവിട്ട്, പരുഷമായ വാക്കുകളാണു പരസ്പരം പ്രയോഗിച്ചതെന്നു സൂചനയുണ്ട്. സിറ്റി പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇതു കേട്ടിട്ടുണ്ട്.

സെൻട്രൽ സ്റ്റേഷനിൽ നവാസ് ഏറെ സമ്മർദം അനുഭവിച്ചിരുന്നതായാണു സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത നവാസിന്റെ പ്രവർത്തനങ്ങളിൽ ചില മേലുദ്യോഗസ്ഥർ ഇടപെട്ടിരുന്നു. പണമിടപാടു സംബന്ധിച്ച പരാതിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് നഗരത്തിലെ ഒരു ജ്വല്ലറി ഉടമയെ നവാസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. കേസ് എടുത്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യിക്കുമെന്നു വരെ ഈ ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ ഭീഷണിപ്പെടുത്തിയതായാണു സൂചന. ജ്വല്ലറി ഉടമകളുടെ സംഘടന ധനമന്ത്രി തോമസ് ഐസക്കിനു പരാതി നൽകി. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് ഉന്നതങ്ങളിൽ നിന്നു സിറ്റി പൊലീസിനു നിർദേശം ലഭിച്ചതോടെ കേസെടുക്കാൻ നിർദേശിച്ച ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ കൈയൊഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com