ADVERTISEMENT

കൊച്ചി∙ റോഡ് വികസനത്തിന് അധിക സെസ് പിരിച്ച സർക്കാർ ബാധ്യത നിറവേറ്റാത്തതു വാഗ്ദാന ലംഘനവും പൊതുജനങ്ങളുടെ വിശ്വാസം തകർക്കലുമാണെന്ന് ഹൈക്കോടതി. കൊച്ചി നഗരത്തിലെ തമ്മനം– പുല്ലേപ്പടി റോഡ് വികസന പദ്ധതി വൈകുന്നതു സംബന്ധിച്ച ഹർജിയിലാണ് വിമർശനം. ഒരു വർഷമാണു പദ്ധതി പൂർത്തീകരണത്തിനു കോടതി അനുവദിച്ചത്.

തമ്മനം– പുല്ലേപ്പടി റോഡ് വികസനം ജില്ലാ ഫ്ലാഗ്ഷിപ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിൽ സർക്കാർ ഉൾപ്പെടുത്തിയതായി 2015ലെ ഉത്തരവുണ്ട്. ഓരോ ജില്ലയിലെയും പ്രധാന റോഡുകൾ ഉൾപ്പെടുത്തി 21 റോഡുകളുടെ വികസനത്തിന് 3771.47 കോടി രൂപയുടെ പദ്ധതിക്കാണു സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. ഫണ്ടിന്റെ പകുതി തുക കണ്ടെത്താൻ സർക്കാർ ഇന്ധന വിലയിൽ ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി.

അധിക സെസ് പിരിച്ചതും റോഡ് പദ്ധതി ജില്ലാ ഫ്ലാഗ്ഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തിയതും പൊതു ജനങ്ങളോടുള്ള സർക്കാരിന്റെ വാഗ്ദാനം കൂടിയാണെന്ന് കോടതി പറഞ്ഞു. അധിക നികുതി നൽകി ജനങ്ങൾ ആ വാഗ്ദാനം സ്വീകരിച്ച നിലയ്ക്കു സർക്കാരിന് അതിൽനിന്നു പുറകോട്ടു പോകാനാവില്ല. ഇൗ തുകതന്നെ പ്രതിവർഷം 200 കോടി രൂപ വരും. റോഡിന്റെ പദ്ധതിചെലവ് 300 കോടിയാണ്. പദ്ധതിക്കായി നഗരത്തിന്റെ കണ്ണായ പ്രദേശത്തെ ഭൂമി സൗജന്യമായി നൽകി പരിസരവാസികൾ പലരും സഹകരിച്ചു. ഇതൊക്കെയായിട്ടും പൊതുജനം നൽകിയ സ്ഥലങ്ങളിൽ റോഡ് വീതികൂട്ടിയതല്ലാതെ പദ്ധതി നടത്തിപ്പിന് ഒന്നും ചെയ്തില്ലെന്നു കോടതി കുറ്റപ്പെടുത്തി.

ഇന്ധന നഷ്ടം, അപകടങ്ങൾ , സമയ നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്കു പുറമേ ഗതാഗതക്കുരുക്കും വാഹനപ്പുകയും മൂലം കൊച്ചി നഗരം പരിസ്ഥിതി പ്രശ്നങ്ങളും നേരിടുകയാണ്. ഈ സാഹചര്യത്തിൽ റോ‍ഡ് വികസനത്തിനായുള്ള നിക്ഷേപങ്ങൾക്കു ഫലമുണ്ടായേ തീരൂ. ചില പ്രവർത്തനങ്ങൾ ചെയ്യാമെന്നു സർക്കാർ സമ്മതിക്കുകയും പലരും ഭൂമി വിട്ടകൊടുക്കുകയും ജോലി ഭാഗികമായി നടപ്പാക്കുകയും ചെയ്തശേഷം പിന്നോട്ടു പോകുന്നതു ശരിയായ പൊതുഭരണമല്ല. വാഗ്ദാനം നിറവേറ്റുന്നതിലുള്ള നിഷ്ക്രിയത്വം സ്വേഛാപരവും നിയമവിരുദ്ധവുമാണെന്നു കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com