ADVERTISEMENT

കണ്ണൂർ∙ പ്രവേശന ഫീസ് അടച്ചതിന്റെ രസീത് നമ്പർ (ഡിയു നമ്പർ) അപേക്ഷയ്ക്കൊപ്പം ചേർക്കാൻ കഴിയാത്തതിനാൽ കണ്ണൂർ സർവകലാശാലയിൽ ഒരു വിഭാഗം വിദ്യാർഥികളുടെ ബിരുദ പ്രവേശനം അനിശ്ചിതത്വത്തിൽ. അക്ഷയ കേന്ദ്രങ്ങളിൽ സംഭവിച്ച പിഴവാണു കാരണമെന്നാണു വിവരം. നൂറിലേറെ വിദ്യാർഥികൾ പരാതിയുമായി സർവകലാശാലയെ സമീപിച്ചു. 17നു സർവകലാശാലയുടെ പ്രവേശന സമിതി ഇവരുടെ പ്രവേശന വിഷയം ചർച്ച ചെയ്യും.

ഒന്നാം ഘട്ട അലോട്മെന്റിനുശേഷം പ്രവേശനം കാത്തിരുന്ന വിദ്യാർഥികൾക്കാണ് അബദ്ധം പിണഞ്ഞത്. പ്രവേശനം ആഗ്രഹിച്ചവർ അക്ഷയ കേന്ദ്രങ്ങൾ മുഖേനെ ഫീസ് അടച്ചു. എന്നാൽ എസ്ബിഐ കലക്ട് വഴി ഫീസടച്ചതിനു തെളിവായി ലഭിക്കുന്ന നമ്പർ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാൻ വിട്ടുപോയി. ഫീസടച്ചതിനുശേഷം നമ്പർ അപ്‌ലോഡ് ചെയ്യണമെന്നു സർവകലാശാല മുൻകൂട്ടി നിർദേശിച്ചിരുന്നു. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർക്ക് ഇതു സംബന്ധിച്ചു ശിൽപശാലയും നടത്തിയിരുന്നു.

പയ്യന്നൂർ ഭാഗത്തെ ചില അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിച്ചവരാണ് അബദ്ധം പിണഞ്ഞവരിൽ ഏറെയും. ഇവർ ഫീസ് അടച്ചില്ലെന്നു കണക്കാക്കി ഈ ഒഴിവുകൾ രണ്ടാംഘട്ട അലോട്മെന്റിലെ വിദ്യാർഥികൾക്ക് അനുവദിച്ചു. ഇതോടെയാണ് ഇവർക്കു പ്രവേശനം നഷ്ടമായത്. 24നാണു ക്ലാസ് തുടങ്ങുക. 17ന് മൂന്നാം അലോട്മെന്റ് പട്ടിക വരും. അന്നുതന്നെ പ്രവേശന സമിതി യോഗം ചേരുന്നുണ്ട്. അന്ന് ഉച്ചവരെ ലഭിക്കുന്ന പരാതികൾ പരിഗണിച്ചു പകരം സംവിധാനമൊരുക്കാൻ ശ്രമിക്കുമെന്നാണു സർവകലാശാല പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com