ADVERTISEMENT

കൊച്ചി ∙ സിറ്റി എസിപി പി.എസ്. സുരേഷും സെൻട്രൽ എസ്എച്ച് ഒ ആയ ഇൻസ്പെക്ടർ വി.എസ്. നവാസും തമ്മിൽ രാത്രിയിൽ വയർലെസിലൂടെ നടന്ന ചൂടേറിയ സംഭാഷണം റെക്കോർഡ് ചെയ്തിട്ടില്ലെന്നു വിവരം. അതതു ദിവസത്തെ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതിനുള്ള രാത്രി 9ന് എസിപി പതിവായി വയർലെസിൽ എത്താറുണ്ട്. കീഴുദ്യോഗസ്ഥരെല്ലാം ഈ സമയത്ത് വയർലെസിലുണ്ടാകണമെന്നാണു ചട്ടം. ബുധനാഴ്ച രാത്രി എസിപി, ഇൻസ്പെക്ടർ നവാസിനെ അന്വേഷിച്ചുവെങ്കിലും വയർലെസിൽ ലഭിച്ചില്ല.

നവാസ് എവിടെയെന്ന് എസിപി കൺട്രോൾ റൂമിനോടു ചോദിക്കുകയും ചെയ്തു. നവാസിനോടു തന്നെ വിളിക്കാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൽപം കഴിഞ്ഞ്, നവാസ് വയർലെസിൽ വന്നു. എസിപിയെ ഫോണിൽ വിളിച്ചുവെന്നും തന്നെ തെറി പറഞ്ഞുവെന്നും കൺട്രോൾ റൂമിനോടു പറയുകയും ചെയ്തു. പിന്നീടും ഇരുവരും വയർലെസിൽ വരികയും വ്യാഴാഴ്ച പുലർച്ചെ 2.45 വരെ ഇടയ്ക്കിടെ ചൂടേറിയ വാഗ്വാദത്തിലേർപ്പെടുകയും ചെയ്തതായി പൊലീസുകാർ പറയുന്നു.

നവാസിനോടു ഫോണിൽ സംസാരിച്ചതു താൻ റെക്കോ‍ഡ് ചെയ്തിട്ടുണ്ടെന്ന് ഇതിനിടെ എസിപി, കൺട്രോൾ റൂമിനോടു പറഞ്ഞു. വയർലെസ് സംഭാഷണം റെക്കോർഡ് ചെയ്യണമെന്നും കൺട്രോൾ റൂമിനു നിർദേശം നൽകി. വയർലെസ് സംഭാഷണങ്ങൾ ഓട്ടമാറ്റിക്കായി റെക്കോർഡ് ചെയ്യാറുണ്ട്. എന്നാൽ, ബുധനാഴ്ച രാത്രിയിൽ ഇരുവരും തമ്മിൽ നടന്ന സംഭാഷണങ്ങൾ സാങ്കേതിക തകരാർ മൂലം റെക്കോർഡ് ചെയ്തിട്ടില്ലെന്നാണു സൂചന. കൂടുതൽ പ്രശ്നമൊഴിവാക്കാൻ ഇത് ആരെങ്കിലും ഒഴിവാക്കിയതാണോയെന്നു വ്യക്തമല്ല.

നവാസ് കൊച്ചിയിൽനിന്നു പണമെടുത്തു; കൊല്ലത്ത് ബസിറങ്ങി

ci-navas-kochi

കൊച്ചി ∙ വ്യാഴാഴ്ച പുലർച്ചെ കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ വി.എസ്. നവാസ് എറണാകുളത്തെ എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിന്റെയും വ്യാഴാഴ്ച ചേർത്തലയിൽ നിന്നു സുഹൃത്തായ പൊലീസുകാരന്റെ കാറിൽ കായംകുളത്ത് കാറിൽ വന്നിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇവിടെനിന്നു കെഎസ്ആർടിസി ബസിൽ കൊല്ലത്തെത്തിയതായും തെളിവുണ്ട്. കൊല്ലത്ത് ഇറങ്ങിയതായി ബസ് കണ്ടക്ടർ മൊഴി നൽകി. പക്ഷേ, തുടർന്നുള്ള വിവരങ്ങൾ അജ്ഞാതമായി തുടരുന്നു.

നവാസിനെ കണ്ടെത്താൻ ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘം വിപുലമാക്കി. 20 അംഗ സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണു മേൽനോട്ടച്ചുമതല. നവാസിനെ കണ്ടെത്താൻ സൈബർ ഡോമിന്റെ സഹായം തേടിയതായും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും തിരച്ചിൽ നടക്കുന്നതായും അഡീഷനൽ കമ്മിഷണർ കെ.പി. ഫിലിപ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് അടക്കമുള്ള വിഭാഗങ്ങളും അന്വേഷണത്തിൽ സഹായിക്കുന്നുണ്ട്.

എസിപി ചെയ്തത് ദൈനംദിന കാര്യങ്ങൾ മാത്രം: പൊലീസ് ഉന്നതർ

നവാസിന്റെ തിരോധാനത്തെത്തുടർന്ന് ആരോപണ വിധേയനായ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷിൽ നിന്ന് ബുധനാഴ്ച രാത്രിയുണ്ടായ സംഭവങ്ങളെ പറ്റിയുള്ള വിശദാംശങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്. സാഖറെ, അഡീഷനൽ കമ്മിഷണർ കെ.പി. ഫിലിപ്, ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി എന്നിവർ ചോദിച്ചറിഞ്ഞു. സുരേഷിൽ നിന്നു വിശദാംശങ്ങൾ ശേഖരിച്ചതാണെന്നും പൊലീസിൽ ദൈനംദിന കാര്യങ്ങൾ മാത്രമാണു നടന്നതെന്നും പീഡിപ്പിക്കുന്നതോ ദ്രോഹിക്കുന്നതോ ആയ നടപടികൾ എസിപിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

ഗൗരവമായി കാണണം: പൊലീസ് അസോസിയേഷൻ

കൊച്ചി ∙ ഇൻസ്പെക്ടർ നവാസിന്റെ തിരോധാനം ഗൗരവമായി കാണണമെന്നു കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. സത്യസന്ധനായ ഉദ്യോഗസ്ഥനായ അദ്ദേഹം തിരിച്ചെത്തും. എസിപിയുമായുണ്ടായതായി പറയുന്ന പ്രശ്നങ്ങൾ മാത്രമാണ് കാരണമെന്നു കരുതുന്നില്ല. അതും ഒരു കാരണമെന്നു മാത്രം. നവാസിനെ പോലുള്ള ഓഫിസർമാരെ പോലും മാനസികമായി തകർക്കുന്ന ചില ശരികേടുകൾ പൊലീസിൽ നിലനിൽക്കുന്നുവെന്നു ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com