ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന നേതാവ് സി.എഫ് തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാൻ ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ് ചെയർമാനും ജോസഫ് കക്ഷി നേതാവുമായുള്ള ഫോർമുല അദ്ദേഹം തന്നെ മുന്നോട്ടുവച്ചു. ഇതനുസരിച്ചു നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡപ്യൂട്ടി ചെയർമാൻ പദവി മാത്രമാണു ജോസ്.കെ മാണിക്കു ലഭിക്കുക.

ഈ നിർദേശം മാണി വിഭാഗം തള്ളി. പി.ജെ. ജോസഫ് പറയുന്ന ഒത്തുതീർപ്പു സമവാക്യം സംബന്ധിച്ചു ചർച്ചയൊന്നും നടന്നിട്ടില്ലെന്നു ജോസ് കെ. മാണി എംപി കോട്ടയത്ത് പ്രതികരിച്ചു. ഇതോടെ ജോസഫ് വിഭാഗം തലസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാമും ഉന്നതാധികാര സമിതി അംഗം തോമസ് ഉണ്ണിയാടനുമടക്കം യോഗത്തിൽ പങ്കെടുത്തുവെന്നറിയുന്നു. സി.എഫ്.തോമസിന്റെ സാന്നിധ്യവും അവകാശപ്പെടുന്നണ്ടെങ്കിലും യോഗം ചേർന്നതു തന്നെ നേതാക്കൾ നിഷേധിച്ചു.

ചെയർമാൻ പദവിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണു മാണി വിഭാഗത്തിലെ മുതിർന്ന നേതാവും എംഎൽഎയുമായ സി.എഫ്. തോമസിനെ മുന്നിൽ നിർത്തിയുളള കളിക്കു ജോസഫ് തയാറായത്. സിഎഫിനെ ചെയർമാനാക്കുകയെന്ന നിർദേശം നേരത്തെ ജോസ് കെ. മാണി വിഭാഗം തന്നെ മുന്നോട്ടുവച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ജോസ് കെ. മാണി വർക്കിങ് ചെയർമാനാകുക എന്നതായിരുന്നു ആദ്യത്തെ ഒത്തുതീർപ്പ് നിർദേശം. എന്നാൽ വർക്കിങ് ചെയർമാൻ പദവി വിട്ടുകൊടുക്കാനാവില്ലെന്നു ജോസഫ് വ്യക്തമാക്കി. പുതിയ ഫോർമുല പ്രകാരം കക്ഷിനേതാവ് പദവിക്കൊപ്പം വർക്കിങ് ചെയർമാൻ പദവിയിലും ജോസഫ് തുടരും.

പാർട്ടിയുടെ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതു മാധ്യമങ്ങളുമായി ചർച്ച ചെയ്തല്ലെന്ന് ഇതിനോടു ജോസ് കെ.മാണി പ്രതികരിച്ചു. അതിന് അധികാരമുള്ള സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തുതീർപ്പെന്നു പുറമേ പറയുകയും ഗ്രൂപ്പ് യോഗം വിളിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നു റോഷി അഗസ്റ്റിൻ ആരോപിച്ചു. പദവികൾ ആർക്കാണെന്നു സ്വയം പ്രഖ്യാപിച്ച ശേഷം ഐക്യത്തിനാണു ശ്രമിക്കുന്നതെന്നു പറഞ്ഞാൽ  അംഗീകരിക്കാൻ കഴിയില്ലെന്നും എംഎൽഎമാരായ റോഷിയും എൻ. ജയരാജും പറഞ്ഞു.

ജോസ് കെ. മാണി വിഭാഗത്തിനു കുറെ കാര്യങ്ങൾ കൂടി വൈകാതെ ബോധ്യപ്പെടുമെന്നു പി.ജെ. ജോസഫ് മറുപടി നൽകി. പാർട്ടിയിലെ ഉയർന്ന കമ്മിറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാന കമ്മിറ്റി അതിനു ശേഷമായിരിക്കുമെന്നും ജോസഫ് വ്യക്തമാക്കി. ഉന്നതാധികാര സമിതിയിൽ ഭൂരിപക്ഷം നേടി പാർട്ടിയിൽ പിടിമുറുക്കാനാണു ജോസഫ് ശ്രമിക്കുന്നതെന്നാണ് സൂചന. തലസ്ഥാനത്തെ ആശയ വിനിമയത്തിൽ  ആ സമിതിയിലുള്ള അറയ്ക്കൽ ബാലകൃഷ്ണപിള്ള, സാജൻ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.

മാണി വിഭാഗത്തിലുള്ള അഞ്ച് സമിതി അംഗങ്ങളുടെ കൂടി പിന്തുണ തങ്ങൾക്കാണെന്ന അവകാശവാദമാണ് ഇതോടെ ജോസഫ് മുന്നോട്ടുവയ്ക്കുന്നത്. 28 അംഗങ്ങളുള്ള സമിതിയിൽ 15 പേർ ഒപ്പമുണ്ടെന്നതാണു ജോസ് കെ. മാണി വിരുദ്ധ വിഭാഗത്തിന്റെ വാദം. അതേസമയം ആവശ്യമെങ്കിൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടാനുള്ള തയ്യാറെടുപ്പുകൾ മാണി വിഭാഗം പൂർത്തിയാക്കി. യോഗത്തിനുള്ള ഹാൾ ബുക്കു ചെയ്യാനും ശ്രമം ആരംഭിച്ചു. മാണി വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളോട് അറിയിപ്പു ലഭിച്ചാലുടൻ കോട്ടയത്ത് എത്താനും നിർദേശിച്ചിട്ടുണ്ട്. 

എതിരാളികൾ ഓഫിസ് പിടിക്കാതിരിക്കാൻ പ്രവർത്തകർ രാപകൽ കാവൽ

കോട്ടയം ∙ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിനു മാണി വിഭാഗം കാവൽ ഏർപ്പെടുത്തി. രണ്ടാഴ്ചയായി രാപകൽ പാർട്ടി പ്രവർത്തകർ കാവൽ നിൽക്കുന്നു. ഇന്നലെ ഉച്ചയോടെ കൂടുതൽ പ്രവർത്തകർ  എത്തി.പിളർപ്പിലേക്കു നീങ്ങിയാൽ ജോസഫ് വിഭാഗം പാർട്ടി ഓഫിസ് പിടിച്ചെടുക്കാൻ ശ്രമം നടത്തുമെന്ന അഭ്യൂഹത്തെ തുടർന്നാണു കാവൽ. നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകർക്ക് ഊഴമനുസരിച്ചാണു കാവൽ ചുമതല. 15 പ്രവർത്തകർ രാത്രി ഓഫിസിനുള്ളിൽ താമസിക്കുന്നുണ്ട്. രാത്രി ഗേറ്റും പൂട്ടും.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ആസ്തികളിൽ പ്രധാനപ്പെട്ടതാണു സംസ്ഥാന കമ്മിറ്റി ഓഫിസ്. രണ്ടു നിലകളുള്ള ഓഫിസിൽ ഭാരവാഹികൾക്കുള്ള മുറികൾക്കു പുറമേ വലിയ ഹാളുമുണ്ട്. 1979 ൽ  പിളർന്നപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുക്കാൻ ജോസഫ് വിഭാഗം ശ്രമം നടത്തിയിരുന്നു. മൂന്ന് എംഎൽഎമാരെ ഓഫിസിൽ പൂട്ടിയിട്ടു. എന്നാൽ മാണി വിഭാഗം നേതാക്കൾ എത്തി ഓഫിസ് കൈക്കലാക്കി. മുൻ എംപി സ്കറിയാ തോമസ് തോക്കു ചൂണ്ടി എതിർ വിഭാഗത്തെ ഓടിച്ചത് വിവാദമായിരുന്നു. സ്കറിയ തോമസ് പിന്നീട് മാണി വിഭാഗത്തിൽ നിന്ന് വിട്ടുപോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com