ADVERTISEMENT

കൊച്ചി∙ നെട്ടൂർ കൊലക്കേസിൽ അന്വേഷണം വഴിതെറ്റിച്ചു വിടാൻ കൃത്യമായ ആസൂത്രണമാണ് പ്രതികൾ നടത്തിയത്. ഇതിനുള്ള ആശയം സ്വീകരിച്ചതാകട്ടെ ‘ദൃശ്യം’ സിനിമയിൽനിന്ന്. 

കൊലയ്ക്കു ശേഷം പലതവണ ചോദ്യം ചെയ്യലിനു വിധേയരായെങ്കിലും പ്രതികൾ ആദ്യം പതറാതെ പിടിച്ചുനിന്നു. സംഘത്തിലെ എല്ലാവരും ഒരേ തരത്തിൽ മൊഴിനൽകി പൊലീസിനെ വട്ടം കറക്കി. ഇവരെ അർജുന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴും ഇതേ മൊഴിതന്നെ പലതവണ ആവർത്തിച്ചു. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ‘പൊലീസ് മുറയിൽ’ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായതെന്നാണു വിവരം.

 കൊലയ്ക്കു ശേഷം പ്രതികൾ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, ഉയർന്നു വരാതിരിക്കാൻ മുകളിൽ വേലിക്കല്ലുകൾ ചവിട്ടിയുറപ്പിച്ചു. മടങ്ങും മുൻപു ഒരു തെരുവുനായയെ തല്ലിക്കൊന്നു മൃതദേഹം ചവിട്ടിത്താഴ്ത്തിയ സ്ഥലത്തിനു സമീപം കൊണ്ടിട്ടു. ദുർഗന്ധം വമിച്ചാലും നായ് ചത്തതിനാലാണെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം.  ഉദരഭാഗം പൂർണമായും അഴുകി എല്ലു പുറത്തു കാണുന്ന നിലയിലായിരുന്നു. മൃതദേഹം ചതുപ്പിൽ നിന്ന് ഉയർന്നു പോകാതിരിക്കാൻ ഉദരം കീറിയിട്ടുണ്ടാകാമെന്നു പൊലീസ് സംശയിക്കുന്നു. 

 അർജുന്റെ മൊബൈൽ ഫോൺ പ്രതികൾ ഒരു ലോറിയിൽ വച്ചു വിടുകയും ചെയ്തു. പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകൾ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സ‍ഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു. പനങ്ങാട്, മറയൂർ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായേ പൊലീസ് ആദ്യം പരിഗണിച്ചുള്ളൂ. 

പിടിയിലായ ശേഷവും മൃതദേഹം മറവുചെയ്ത സ്ഥലം സംബന്ധിച്ച വിവരം തെറ്റിച്ചു പറഞ്ഞ് പ്രതികൾ പൊലീസിനെ കുഴക്കി. 

ചതുപ്പിനു നടുവിലായി ഇവർ ആദ്യം ചൂണ്ടിക്കാണിച്ച സ്ഥലത്തേക്കു മണ്ണുമാന്തി ഉൾപ്പെടെ എത്തിച്ചു വഴി വെട്ടിയൊരുക്കിയാണു പൊലീസ് എത്തിയത്. എന്നാൽ മൃതദേഹം ഇവിടെ ഉണ്ടായിരുന്നില്ല. വീണ്ടും ചോദ്യം ചെയ്തതിനു ശേഷമാണു യഥാർഥ സ്ഥലം കണ്ടെത്തിയത്. 

 

English summary: Kochi Nettoor Arjun murder inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com