ADVERTISEMENT

കളമശേരി ∙ എസ്എഫ്ഐയുടെ മാനസിക പീഡനം മൂലം സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്ന് കാണിച്ച് കളമശേരി ഗവ.പോളിടെക്നിക് കോളജിലെ അധ്യാപിക കെജിഒഎയ്ക്ക് (കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ) പരാതി നൽകി. 

പോളിടെക്‌നിക് ഹോസ്റ്റലിൽ പുറമേ നിന്നുള്ള വിദ്യാർഥികളും പഠനം കഴി‍ഞ്ഞു പോയവരും പ്രവേശിക്കുന്നത് വിലക്കിയതിന്റെ പേരിൽ ഹോസ്റ്റൽ കൺവീനറായ തന്നെ അപമാനിക്കുന്ന വിധത്തിൽ ക്യാംപസിൽ ബോർഡുകൾ വയ്ക്കുന്നുവെന്നാണ് അധ്യാപികയായ ലിസി ജോസഫ് പരാതി നൽകിയത്. വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും അതിനു ശേഷം 13 വർഷം എൻജിഒ യൂണിയൻ പ്രവർത്തകയും 10 വർഷമായി കെജിഒഎ അംഗവുമാണ് ലിസി ജോസഫ്.

പോളിടെക്നിക് പുരുഷ ഹോസ്റ്റലിൽ 2017ൽ റാഗിങ് നടന്നതിനു ശേഷം പുരുഷ അധ്യാപകർ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോഴാണ് പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം ലിസി ജോസഫ് ചുമതലയേറ്റത്. 2017–18 ൽ ഹോസ്റ്റലിൽ അച്ചടക്കം പാലിച്ചു. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് കൃത്യസമയത്ത് ആഹാരം നൽകുകയും ഫുൾടൈം വാച്ച്മാനെ നിയമിക്കുകയും ചെയ്തു. എല്ലാ മാസവും ഹോസ്റ്റൽ പിടിഎ വിളിച്ചു, ഹോസ്റ്റൽ സൗകര്യം വ‍ർധിപ്പിച്ചു.

കഴിഞ്ഞ ജൂണിൽ പുതിയ കുട്ടികൾക്ക് പ്രവേശനം നൽകിയപ്പോൾ മുറി വൃത്തിയാക്കുന്നതിനിടയിൽ അധ്യാപിക മനഃപൂർവം ബുക്ക് നഷ്ടപ്പെടുത്തിയെന്ന് ഒരു വിദ്യാർഥി പരാതി നൽകി. പ്രിൻസിപ്പൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.  അന്വേഷണത്തിൽ ഹോസ്റ്റലിലെ കുട്ടികളാരും അധ്യാപികയെ കുറ്റപ്പെടുത്തിയില്ല. എന്നാൽ തന്നെ അപമാനിക്കുന്ന വിധത്തിൽ എസ്എഫ്ഐ പേരുവച്ചു ക്യാംപസിൽ ബോർഡുകൾ വച്ചു. 

രോഗിയായ ഭർത്താവിനൊപ്പം ക്യാംപസിൽ തന്നെയാണ് ലിസി ജോസഫ് താമസിക്കുന്നത്.  ഇതുമൂലം അനധികൃതമായി ആർക്കും ക്യാംപസിൽ കയറാൻ കഴിയാത്തതാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്കു കാരണമെന്നും പരാതിയിൽ അധ്യാപിക വ്യക്തമാക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com