ADVERTISEMENT

മാവേലിക്കര ∙ സ്പെഷൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതി കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബിനെ ജയിലിലെ 3 ഉദ്യോഗസ്ഥർ മർദിക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണിക്കൃഷ്ണൻ. 

ബുഹാരി, ബിനോയ്, സുജിത് എന്നീ ഉദ്യോഗസ്ഥരാണു ജേക്കബിനെ മർദിച്ചതെന്ന് ഇന്നലെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ മറ്റൊരു കേസിന് ഹാജരാക്കാൻ എത്തിച്ചപ്പോൾ ഉണ്ണിക്കൃഷ്ണൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

‘മാർച്ച് 21 നു രാത്രി 11–ാം നമ്പർ സെല്ലിൽ നിന്നു നിലവിളി കേട്ടു. തൊട്ടടുത്ത സെല്ലിൽ ഉണ്ടായിരുന്ന ഞാൻ ജനാലയിലൂടെ നോക്കിയപ്പോൾ ഒരാളെ ഉദ്യോഗസ്ഥർ മർദിക്കുന്നതു കണ്ടു. മർദനത്തിനിടെ ജേക്കബ് ഉദ്യോഗസ്ഥരുടെ അടുക്കൽ നിന്നു കുതറി ഓടി. എന്നെ പാർപ്പിച്ചിരുന്ന 9-ാം നമ്പർ സെല്ലിന്റെ വാതിലിൽ വച്ചു ജയിൽ വാർഡൻമാർ ജേക്കബിന്റെ പുറത്തു കയറിയിരുന്നു മർദിക്കുന്നതു കണ്ടു’– ഉണ്ണിക്കൃഷ്ണൻ കോടതിവളപ്പിൽ വച്ചു പറഞ്ഞു.

ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ടു മജിസ്ട്രേട്ടിനു മൊഴി നൽകിയതിന്റെ  പേരിൽ ജയിലിൽ ക്രൂരപീഡനമേറ്റെന്നും കസ്റ്റഡി മരണം ഭയപ്പെടുന്നെന്നും ഉണ്ണിക്കൃഷ്ണൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സങ്കട ഹർജി സമർപ്പിച്ചു. 

തന്റെ ജീവനു സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട ഉണ്ണിക്കൃഷ്ണനോട് പരാതി എഴുതി നൽകാൻ മജിസ്ട്രേട്ട് നിർദേശിച്ചു. ഉണ്ണിക്കൃഷ്ണൻ എഴുതി നൽകി. 

മാവേലിക്കര സബ് ജയിലിൽ നിന്നുള്ള നിർദേശപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലെ ഇടുങ്ങിയ മുറിയിൽ പാർപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും മരുന്നും ഭക്ഷണവും നൽകാതെ ഉപദ്രവിക്കുകയും ചെയ്യുന്നതായി ഹർജിയിൽ പറയുന്നു.

യിലിൽ കർശന പരിശോധന

മാവേലിക്കര ∙ സ്പെഷൽ സബ് ജയിലിൽ തടവുകാരുടെ പരിശോധന കർശനമാക്കി. റിമാൻഡിൽ എത്തുന്ന പ്രതികളെ സെല്ലിലേക്കു മാറ്റുമ്പോൾ അവർ ധരിച്ച വസ്ത്രം മാത്രമേ അനുവദിക്കൂ. മുൻപ് കൊതുകു തിരി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം ഉണ്ടായപ്പോൾ സെല്ലിലേക്കു കൊതുകു തിരി കൊടുത്തു വിടുന്നതു നിരോധിച്ചിട്ടുണ്ട്. 

മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കുന്നതിനൊപ്പം തടവുകാരന്റെ ആരോഗ്യ സ്ഥിതി ജയിൽ അധികൃതർ ചോദിച്ച് ഉറപ്പാക്കും.  ഡോക്ടറുടെ കുറിപ്പോടെ ബന്ധുക്കൾ എത്തിക്കുന്ന മരുന്നുകളെക്കുറിച്ച്, ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ വിളിച്ചു കൃത്യത ഉറപ്പാക്കും. മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും റിപ്പോർട്ടുകളും വന്നതോടെയാണു ജയിൽ അധികൃതരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com