ADVERTISEMENT

തിരുവനന്തപുരം ∙പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് കാണിച്ചവർ  ആരായാലും കർശന നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണം എന്ന ആവശ്യം അദ്ദേഹം തള്ളി. ക്രമക്കേടു നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. ക്രമക്കേട്  കണ്ടെത്തി നടപടി സ്വീകരിച്ചതു പിഎസ്‌സി ആണെന്നും അവരുടെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണു താൻ മുൻപ് പറഞ്ഞത്. വിശ്വാസ്യത  ദുർബലപ്പെടുത്തരുത്. പിഎസ്‌സി മുൻ ചെയർമാന്റെ വീഴ്ച സംബന്ധിച്ചു രണ്ടു തരത്തിലുള്ള അന്വേഷണത്തിനുള്ള നിർദേശം തന്റെ മുന്നിൽ വന്നിരുന്നു. അന്ന് അദ്ദേഹം കോൺഗ്രസിലാണ്. വിജിലൻസ് അന്വേഷണമോ വകുപ്പു തല അന്വേഷണമോ നടത്താനായിരുന്നു നിർദേശം. താൻ വകുപ്പു തല അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. പിഎസ്‌സിയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും ആ സ്ഥാപനത്തോടുള്ള സമീപനത്തിന്റെ ഭാഗമായുമാണ് അത്തരം തീരുമാനം എടുത്തത്.

പിഎസ്‌സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായെന്ന ആക്ഷേപം  ആഭ്യന്തര വിജിലൻസ് അന്വേഷിക്കുകയും ആരോപണ വിധേയരെ അയോഗ്യരാക്കുകയും ചെയ്തു. 2003ൽ ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് എൽഡി ക്ലാർക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. അന്നും ആഭ്യന്തര വിജിലൻസ് അന്വേഷിച്ച ശേഷം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. 2010ൽ എസ്ഐ പരീക്ഷ റദ്ദാക്കേണ്ടി വന്നു. ഇതെല്ലാം ചെയ്തതു ബാഹ്യ സമ്മർദം മൂലമല്ല. പിഎസ്‌സിയുടെ വിശ്വാസ്യത ഉറപ്പാക്കാനായിരുന്നു. പിഎസ്‌സിക്ക് അന്വേഷണം നടത്താൻ അവരുടേതായ രീതിയുണ്ട്. അതുവച്ച് കണ്ടെത്തുകയാണു ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എംഎസ് അയച്ചവരിൽ പൊലീസുകാരനും

തിരുവനന്തപുരം ∙ പിഎസ്‍‌സിയുടെ സിവിൽ പൊലീസ് ഓഫിസർ പരീക്ഷാ ക്രമക്കേടിൽ പൊലീസുകാരനും!. രണ്ടാം റാങ്കുകാരൻ പി.പി.പ്രണവിന്റെ മൊബൈ‌ൽ ഫോണിലേക്കു പരീക്ഷാ സമയത്തു സന്ദേശം അയച്ചവരിൽ  പേരൂർക്കട എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ഗോകുലും ഉണ്ടെന്നു  കണ്ടെത്തി. 2017ൽ സർവീസിൽ പ്രവേശിച്ച ഗോകുലിന്റെ നിയമനവും സംശയ നിഴലിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com