ADVERTISEMENT

തിരുവനന്തപുരം ∙ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു പിഎസ്‌സി നടത്തിയ പരീക്ഷയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയും ഇടതു നേതാക്കളും നടത്തിയ പ്രസ്താവനകൾ തിരിഞ്ഞുകൊത്തുന്നു. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തി വീഴ്ത്തിയ കേസിലെ പ്രതികളായ ആർ.ശിവരഞ്ജിത്ത്, പി.പി.പ്രണവ്, എ.എൻ. നസീം എന്നിവർ പിഎസ്‌സി പരീക്ഷയിൽ ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകൾ നേടിയതു പുറത്തുവന്നതോടെയാണ് ആരോപണങ്ങൾ ഉയർന്നത്. 

ആരോപണങ്ങൾ പിഎസ്‌സിയെ തകർക്കാനാണെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികരിച്ചത്. എന്നാൽ, ക്രമക്കേട് പിഎസ്‌സി സ്ഥിരീകരിച്ചതോടെ പ്രസ്താവനകളുടെ മുനയൊടിഞ്ഞു. കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നത്തിന്റെ മറവിൽ പിഎസ്‌സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണു വന്നതെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം. 18 നു നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. അനേകായിരങ്ങൾ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതു ശരിയാണോയെന്നു ചിന്തിക്കണം. യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിച്ചിട്ടില്ല. കർശന നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ സർക്കാർ അലസത കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ലെന്നും അന്നു മുഖ്യമന്ത്രി പ്രതികരിച്ചു. 

എന്തിനു വേണ്ടിയാണു കെഎസ്‌യു സമരം നടത്തുന്നതെന്നും എന്ത് ആവശ്യങ്ങളാണു സമരത്തിനുള്ളതെന്നും പിണറായി പിന്നീട് ആരാഞ്ഞിരുന്നു. പിഎസ്‌സി പരീക്ഷ സംബന്ധിച്ചു കൂടുതൽ അന്വേഷണമുണ്ടോ എന്ന ചോദ്യങ്ങൾക്ക് എന്ത് അന്വേഷിക്കാൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. 

പിഎസ്‌സിയിൽ ക്രമക്കേടാണെന്ന പ്രസ്താവനകളും വാർത്തകളും സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും സെക്രട്ടറി എ.എ. റഹീമും 21നു പത്രസമ്മേളനം നടത്തി കുറ്റപ്പെടുത്തിയത്.

ചോദ്യച്ചോർച്ചയില്ല, പിഎസ്‌സിയുടെ പിഴവല്ല: ചെയർമാൻ

തിരുവനന്തപുരം ∙ ചോദ്യക്കടലാസ് ചോർന്നതായോ പിഎസ്‌സി ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായോ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ലെന്നു ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. ഉദ്യോഗാർഥികൾ തിരിച്ചു മെസേജ് അയച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. വാട്സാപ് ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണത്തിലേ വ്യക്തമാകൂ. ആരോപണ വിധേയർ പിഎസ്‌സിയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ ഇല്ല. 

പരീക്ഷ നടക്കുന്ന സ്കൂളുകളിൽ സിസിടിവിയോ മൊബൈൽ ജാമറോ വയ്ക്കാനാകില്ല. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ക്രമക്കേട് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളാണു നടപടി സ്വീകരിക്കേണ്ടതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന പിഎസ്‍സിയുടെ ആഭ്യന്തര വിജിലൻസാണ് ക്രമക്കേട് അന്വേഷിച്ചത്. കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സാധിക്കില്ല എന്നതൊഴിച്ചാൽ മറ്റെല്ലാം പൊലീസ് രീതിയിൽ തന്നെയായിരുന്നു. പരീക്ഷാ കൺട്രോളർക്ക് ഇതിൽ പങ്കില്ല. പിഎസ്‌സിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണമല്ല നടന്നത്. സത്യം കണ്ടെത്തണമെന്ന് പിഎസ്‌സിക്കു വാശിയുണ്ട്. അതുകൊണ്ടാണു റിപ്പോർട്ട് ലഭിച്ചു മണിക്കൂറുകൾക്കകം നടപടി എടുത്തതെന്നും ചെയർമാൻ പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com