ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം.കോടതി റിമാൻഡ് ചെയ്തിട്ടും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെയാണു ജാമ്യം ലഭിച്ചത്. രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന ലാബ് പരിശോധനാ റിപ്പോർട്ട് ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. അപകടം നടന്ന് 9 മണിക്കൂർ വൈകി രക്തസാംപിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചതു പ്രതിയെ രക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. മെഡിക്കൽ റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച മജിസ്ട്രേട്ട് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി.

മദ്യപിച്ചതിനും അമിത വേഗത്തിനും തെളിവു ഹാജരാക്കാത്ത പൊലീസ് വീഴ്ചയാണ് ആദ്യ അപേക്ഷയിൽ തന്നെ ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെയെന്ന പോലെ ശ്രീറാമിനെയും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയിൽ കെട്ടിച്ചമച്ചതാണു കേസെന്നു പ്രതിഭാഗം വാദിച്ചു. സമൂഹത്തിനു മാതൃകയാകേണ്ട ഉന്നത ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു കൃത്യം ചെയ്തതു ഗുരുതര തെറ്റാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ മദ്യപിച്ചതിനും അമിത വേഗത്തിനുമുള്ള തെളിവു കോടതി ആവശ്യപ്പെട്ടു.

രാവിലെ കേസ് പരിഗണിച്ചപ്പോൾ രക്തപരിശോധനാ ഫലത്തിന്റെ പകർപ്പു പോലും പ്രോസിക്യൂഷൻ കൊണ്ടുവന്നിരുന്നില്ല. ഉച്ചയ്ക്കു ശേഷമാണു കേസ് ഡയറി ഹാജരാക്കിയത്. രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന പരിശോധനാ ഫലവും അമിതവേഗം തെളിയിക്കാൻ ഒരു സിസിടിവി ദൃശ്യം പോലും ഹാജരാക്കാതിരുന്നതും പ്രതിക്കു സഹായകരമായി.

നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞ കേസിൽ പ്രതിക്ക് ആദ്യാവസരത്തിൽ തന്നെ ജാമ്യം ലഭിക്കുന്നതിൽ അങ്ങനെ പൊലീസിന്റെ പങ്കും നിർണായകമായി. നേരത്തെ കോടതി റിമാൻഡ് ചെയ്ത ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലെ വിഐപി മുറിയിലും പിന്നീടു ജയിലിലേക്കു റിമാൻഡ് ചെയ്തതിനു പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലിൽ നിന്നു മണിക്കൂറുകൾക്കകം സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലെ ഐസിയുവിലും പ്രവേശിപ്പിച്ചതിനു പിന്നിൽ ഒത്തുകളി നടന്നതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ മുഖ്യമന്ത്രി പൊലീസിനു നിർദേശം നൽകി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com