ADVERTISEMENT

കുമളി ∙ തേക്കടിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരിൽ തമിഴ്നാട് സ്വദേശി ജീവയുടേത് കൊലപാതകമാണെന്നും മറ്റു 2 പേരും തൂങ്ങി മരിച്ചത‌ാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന.

തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന( 60), മകൻ കരിക്കാട്ടുവിള പ്രമോദ്  (40),  ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ്  ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മേയ് മുതൽ മൂവരും ലോഡ്ജിൽ താമസിക്കുകയായിരുന്നു.

ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് സൂചനകൾ. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.

 കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ശോഭനയുടെയും മകന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

ജീവയുടെ പണം ഉപയോഗിച്ച് ആർഭാട ജീവിതം

കുമളി ∙ മൂവർ സംഘം ആർഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ്. കൈവശം ഉണ്ടായിരുന്ന പണം തീർന്നപ്പോൾ ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം. 

ജീവയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വർണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു എന്നാണ് മകളുടെ മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ പൊലീസിനു നൽകിയ വിവരം. ഇതു മുഴുവൻ ചെലവാക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 

ജീവ ധരിച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കൾ മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോൾ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കിൽ നിക്ഷേപിച്ചു.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാർ ഒരു സ്ഥാപനത്തിൽ ജോലി ശരിയാക്കിയെങ്കിലും ജോലിക്ക് പോകാനും കൂട്ടാക്കിയില്ല. ഇതിന്റെ പേരിൽ വീട്ടുകാരുമായി പിണങ്ങി ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഒരുവർഷമായി മകളുടെ ഒരു കാര്യങ്ങളും അറിയില്ല എന്നും മാതാപിതാക്കൾ പറ‍ഞ്ഞു.

പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.  മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്.

വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായും  കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയെ വിശ്വസിപ്പിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. മേയിൽ കുമളിയിൽ ലോഡ്ജിൽ താമസം തുടങ്ങിയ ഇവർ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങൾ കണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 

ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാൽ മകളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com