ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ പ്രളയം ആവർത്തിച്ച പശ്ചാത്തലത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തും. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘമാവും കേരളത്തിലെത്തുക. എന്നാൽ, സന്ദർശനത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് ഇക്കാര്യം അറിയിച്ചത്. 

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം ദുരിതാശ്വാസ ക്യാംപുകൾ, രക്ഷാപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളും സംഘം സ്വീകരിക്കും. ഇതടക്കമുള്ള റിപ്പോർട്ട് പരിഗണിച്ചാവും ധനസഹായം അടക്കമുള്ള കേന്ദ്ര ഇടപെടലുകൾ. വിവിധ സംഘങ്ങളായി തിരിഞ്ഞു പ്രളയബാധിത മേഖല സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ചയുണ്ടാവും. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറി ബി.ആർ. ശർമയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞതവണ സംഘമെത്തിയത്. നിതി ആയോഗിൽ നിന്നും വിവിധ മന്ത്രാലയങ്ങളിൽ നിന്നും കൂടുതൽ പേർ സംഘത്തിന്റെ ഭാഗമായേക്കും. പ്രളയം ആവർത്തിച്ചതിനാൽ ‘സ്പെഷൽ പാക്കേജ്’ എന്ന ആവശ്യമാണു കേരളം ഉയർത്തുന്നത്.

റിപ്പോർട്ട് ലഭിച്ചാൽ ഉടൻ പ്രളയസഹായം: മന്ത്രി വി. മുരളീധരൻ 

കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ പ്രളയ നഷ്ടം സംബന്ധിച്ചു കേരളത്തിനു കേന്ദ്ര  സഹായം നൽകുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കണക്കെടുപ്പ് പൂർത്തിയാക്കാനുള്ള താമസമാണ് സഹായം വൈകാൻ കാരണം. കേന്ദ്ര സർക്കാർ നിയോഗിക്കുന്ന സംഘം പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. അടിയന്തര സഹായമായി 52.27 കോടി രൂപ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com