ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ വീടുനിർമാണത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നു നിയമസഭാ പരിസ്ഥിതി സമിതി ശുപാർശ. വ്യക്തികളുടെ വരുമാനസ്രോതസിന് ആനുപാതികമായ നിർമാണച്ചെലവ്, ഭൂമിയുടെ അളവിനനുസരിച്ച് പരമാവധി തറവിസ്തൃതി, വലിപ്പം, ഉപയോഗിക്കേണ്ട നിർമാണ വസ്തുക്കൾ എന്നിവ സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നാണു നിർദേശം. 

പ്രളയത്തിലുണ്ടായ പരിസ്ഥിതി ആഘാതത്തെ സംബന്ധിച്ച റിപ്പോർട്ടിലാണ് നിർദേശം. മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ സമർപ്പിച്ചത്. 

മോഡുലാർ വീടുകൾ പ്രോൽസാഹിപ്പിക്കണം. പ്രകൃതിസൗഹൃദ നിർമാണ രീതികൾ നിർബന്ധമാക്കണം. പുറംഭിത്തി നല്ല കനത്തിലും അകത്തെ ഭിത്തികൾ കനംകുറച്ചും നിർമിക്കാൻ ബോധവൽക്കരണം നടത്തണം. കല്ല്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള മതിൽ നിർമാണത്തിനു പകരം ജൈവവേലി പ്രോൽസാഹിപ്പിക്കണം. വീടുകളുടെ അനുബന്ധ നിർമിതികൾക്കും പരിസ്ഥിതി സൗഹൃദ വ്യവസ്ഥകൾ ബാധകമാക്കണം. 

സമഗ്രമായ പാർപ്പിടനയം രൂപീകരിക്കണം. കുറഞ്ഞ സ്ഥലത്തുള്ള ഭവനസമുച്ചയങ്ങൾ, ആൾത്താമസമില്ലാത്ത ‘തരിശുവീടു’കളുടെ പുനർവിതരണം, ഒന്നിലധികം വീടുകളുള്ളവരിൽ നിന്ന് അധിക കെട്ടിട നികുതി ഈടാക്കൽ, പ്രകൃതിസൗഹൃദ വീടുകൾക്ക് പ്രത്യേക പരിഗണന നൽകൽ എന്നിവ നയത്തിൽ ഉൾപ്പെടുത്തണം. നിർമാണപ്രവർത്തനം ജലസൗഹൃദമാക്കണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും നിർമിക്കാനുള്ള ഇടങ്ങൾ വേർതിരിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com