ADVERTISEMENT

തിരുവനന്തപുരം ∙ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമീപിക്കുമ്പോൾ മേലിൽ അതീവജാഗ്രതയും ശ്രദ്ധയും പുലർത്താൻ സിപിഎം തീരുമാനം. ആരാധനാലയങ്ങളുമായി അടുത്തു പ്രവർത്തിക്കും. വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയാകെ രംഗത്തിറങ്ങും. 

സിപിഎം വിശ്വാസികൾക്കൊപ്പമാണെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിലും പുറത്തു മാധ്യമങ്ങളോടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതോടെ 6 ദിവസത്തെ നേതൃയോഗത്തിനു ശേഷമുള്ള കരണംമറിച്ചിൽ പൂർത്തിയായി.

ശബരിമലയിലെ സർക്കാർ നടപടികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ പോസ്റ്റ്മോർട്ടത്തിനു മുതിർന്നില്ല. അതിനെ തള്ളിപ്പറഞ്ഞുമില്ല. എന്നാൽ ‘ശബരിമല’ ഇടതുവോട്ടുകളിൽ വൻ ചോർച്ചയുണ്ടാക്കിയെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുള്ള നിർദേശങ്ങൾ സംസ്ഥാന കമ്മിറ്റി രേഖയിൽ ഇടംപിടിച്ചു. വിശ്വാസ കാര്യങ്ങളിൽ ഒരു തരത്തിലും പ്രകോപനങ്ങൾക്കു വഴങ്ങരുതെന്നു സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തിൽ കോടിയേരി നിർദേശിച്ചു. ‘ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടിയോ സർക്കാരോ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിൽ ശത്രുവർഗം വിജയിച്ചു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോടതി മറിച്ചൊരു നിലപാടെടുത്താൽ അതും സർക്കാർ നടപ്പിൽ വരുത്തും’ – കോടിയേരി കമ്മിറ്റിയിൽ പറഞ്ഞു. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തില്ല. വിശ്വാസികൾക്കൊപ്പം പ്രവർത്തിച്ചു തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയിലാകെ റിപ്പോർട്ട് ചെയ്യും.

∙ വിശ്വാസമാകാം; വിലക്കില്ല

വിശ്വാസവുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രേഖയിൽ വിശദമാക്കി. ക്ഷേത്രങ്ങളും കാവുകളും അടക്കം എല്ലാ ആരാധാനാലയങ്ങളുമായും പാർട്ടിക്കാർ ബന്ധപ്പെട്ടു പ്രവർത്തിക്കണം. ആരാധനാലയങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യമൊരുക്കണം. മതകാര്യങ്ങളിൽ പങ്കെടുക്കുന്നതിനു പാർട്ടി വിലക്കില്ല. വിശ്വാസികൾക്കു പാർട്ടി അംഗമാകാം. അംഗത്തിനു വിശ്വാസവും അവലംബിക്കാം. അതേസമയം നേതൃതലത്തിൽ പ്രവർത്തിക്കുന്നവർ പാർട്ടി സമീപനം ഉയർത്തിപ്പിടിക്കണം. 

സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ ഇടതുപക്ഷത്തിനു തിരഞ്ഞെടുപ്പിൽ ദോഷം ചെയ്തെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ആ വിഭാഗങ്ങൾ ഇപ്പോഴും ശത്രുപക്ഷത്താണ്. തിരിച്ചുകൊണ്ടുവരിക ശ്രമകരമായ ജോലിയാണ്. നേരത്തെ യുഡിഎഫിനെ നേരിട്ടിരുന്ന സ്ഥാനത്ത് ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സ്വാധീനവും പിൻ‍ബലവുമുള്ള ബിജെപി കടന്നുവന്നെന്ന രാഷ്ട്രീയമാറ്റം ഉൾക്കൊള്ളണം. ഹിന്ദു വർഗീയതയും മുസ്‍ലിം വർഗീയതയും വേരു പടർത്തുകയാണ്. കേരളത്തെ പൂർണമായി തഴയുന്ന കേന്ദ്രസർക്കാരിനെ തുറന്നുകാണിക്കുന്ന പ്രചാരണത്തിനും തീരുമാനിച്ചു. 

രണ്ടാം മോദി സർക്കാർ ഉന്നമിടുന്ന ഭരണരാഷ്ട്രീയ ലക്ഷ്യങ്ങൾക്കെതിരെ ജാഗ്രതയ്ക്കു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കം കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടു.

ഞാൻ വിശ്വാസിയല്ല, മകൻ മുമ്പും പോയി: കോടിയേരി 

താൻ വിശ്വാസിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മകൻ ബിനോയ് മുമ്പും ശബരിമലയിൽ പോയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പോകുന്നതിനോ വിശ്വാസം അവലംബിക്കുന്നതിനോ കുടുംബാംഗങ്ങൾക്കു നേരത്തെയും വിലക്കില്ല. അതു മനസ്സിലാക്കാതെയാണു പലരും വാർത്തയാക്കുന്നത്. പാർട്ടിക്കാർ ക്ഷേത്രത്തിൽ പോയെന്നു കേട്ടാലുടനെ നടപടിയെടുക്കാറില്ല. എന്നു കരുതി സിപിഎമ്മുകാരെല്ലാം ക്ഷേത്രകാര്യങ്ങൾക്കു പോകണമെന്നു പറയാൻ തന്നെ കിട്ടില്ല. സംസ്ഥാന സെക്രട്ടറിയായ താൻ അമ്പലത്തിൽ പോയിരുന്നാൽ പാർട്ടിയുടെ കാര്യം ആരു നോക്കുമെന്നും കോടിയേരി ചോദിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com