ADVERTISEMENT

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ഏതാണെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയതായി അറിവില്ല. ‘ദുരഭിമാനക്കൊല’ പുതിയ വാക്കാണ്. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന, ജന്മിമാരുടെ ഇരുളടഞ്ഞ കാലത്താകണം അതു സംഭവിച്ചത്. പ്രതികൾക്കു പിന്നെ എന്തു സംഭവിച്ചെന്ന് അറിയില്ല. പത്തനംതിട്ട, റാന്നി ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ശക്തൻ വേലന്റെ കഥയിൽ ദുരഭിമാനക്കൊലയുടെ അറിയപ്പെടാത്ത ചരിത്രമുണ്ട്.

റാന്നി ഇടമുറിയിൽ ജീവിച്ചിരുന്ന ശക്തൻ വേലൻ അഭ്യാസിയും മാന്ത്രികനുമായിരുന്നു. ശക്തൻ കീഴ്ജാതിയിൽപെട്ട ആളായിരുന്നു, കരുത്തനായിരുന്നു. അയാളുടെ സഹായം പല ഉന്നതർക്കും ആവശ്യമായിരുന്നു. ഒരിക്കൽ ജാത്യഭിമാനികളുടെ കുടുംബത്തിൽപെട്ട ഒരു സ്ത്രീയുമായി ശക്തൻ പ്രണയത്തിലായി. സ്ത്രീയുടെ വീട്ടുകാർ ശക്തനെ വകവരുത്താൻ പദ്ധതിയിട്ടു. 

drawing-1

കുടുംബത്തിനുണ്ടാകാനിടയുള്ള ‘മാനക്കേട്’ തന്നെയായിരുന്നു ആ ദുഷ്ക‍ൃത്യത്തിനു പ്രേരണ. ആ കുടുംബത്തിലെ ആണുങ്ങൾ വേലനെ സൂത്രത്തിൽ വിളിച്ചുവരുത്തുകയും സൗഹൃദസൽക്കാരത്തിൽ പങ്കാളിയാക്കുകയും ചെയ്തു.

drawing-2

കിഴങ്ങു ചുട്ടെടുക്കുന്നതിനു വേണ്ടി കൂട്ടിയ തീയിലിട്ട് ഒരു ഇരുമ്പുകുന്തം പഴുപ്പിച്ചെടുത്തു. മദ്യം വേണ്ടുവോളം കൊടുത്ത ശേഷം കുന്തം കൊണ്ടു ശക്തനെ കുത്തിയത്രേ. മുറിവേറ്റ ശക്തനെ കൊലയാളിസംഘം പെരുന്തേനരുവിയിലേക്കു വലിച്ചെറിഞ്ഞു. വെളളത്തിൽ നിന്ന് ഉയർന്നുവന്ന ശക്തനെ 6 പേർ ചേർന്നു മുക്കിക്കൊല്ലാൻ ശ്രമിച്ചു.  ശക്തൻ അവരെയും കൊണ്ടു പെരുന്തേനരുവിയുടെ അഗാധതയിലേക്ക് ആഴ്ന്നുപോയി എന്നാണു നാട്ടിൽ പ്രചരിച്ച കഥ.

murder-representational-image

ശക്തൻ വേലൻ കൊല്ലപ്പെട്ടതിന്റെ കഥ വാമൊഴിയായി പിൻതലമുറകളിൽ കുടിയേറി. തെക്കൻ വേലൻ എന്നും അറിയപ്പെടുന്ന ഈ പുരാവ‍‍ൃത്തത്തിന് അഞ്ഞൂറു വർഷത്തെയെങ്കിലും പഴക്കമുണ്ടെന്നു പഴമക്കാർ പറയുന്നു. റാന്നി ഇടമുറിയിൽ, ശക്തൻ വേലൻ പിൽക്കാലത്ത് ആരാധനാമൂർത്തിയായി മാറിയെന്നതാണ് ഈ ദുരഭിമാനക്കൊലയുടെ കൗതുകപരിണാമമെന്ന്, ഈ വിഷയത്തെക്കുറിച്ചു പഠനം നടത്തുന്ന ചരിത്രഗവേഷകൻ ഡോ. സുരേഷ് മാധവ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com