ADVERTISEMENT

കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് സ്മാർട് സിറ്റിയിലേക്കുള്ള മെട്രോ രണ്ടാംഘട്ട വികസനത്തിനു ഉടൻ അനുമതി നൽകുമെന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചു. കൊച്ചിയിൽ വാട്ടർ മെട്രോ അടുത്തവർഷം യാഥാർഥ്യമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. കൊച്ചി മെട്രോയുടെ മഹാരാജാസ് – തൈക്കൂടം ലൈൻ ഉദ്ഘാടന ചടങ്ങിലാണ് കൊച്ചിയുടെ കുതിച്ചു ചാട്ടത്തിനു പ്രതീക്ഷയേകുന്ന രണ്ടു പ്രഖ്യാപനങ്ങളും.

കടവന്ത്ര സ്റ്റേഷനു സമീപം രാജീവ് ഗന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പ്രൗഢ ഗംഭീമായ ഉദ്ഘാടന ചടങ്ങ്. കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ മെട്രോമാൻ ഇ. ശ്രീധരന്റെ പേരു പറഞ്ഞപ്പോൾ കാണികൾ വൻ കരഘോഷത്തോടെ നന്ദി അറിയിച്ചു. പുതിയ ലൈൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷനായി. മന്ത്രി എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്ര നഗര വികസന സെക്രട്ടറിയും കെഎംആർഎൽ ചെയർമാനുമായ ദുർഗാ ശങ്കർ മിശ്ര, ഹൈബി ഇൗഡൻ എംപി, എംഎൽഎ മാരായ പി.ടി. തോമസ്, എം. സ്വരാജ്, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ എസ്. സുഹാസ്, ജർമൻ ഏംബസിയിലെ ചാർജ് ഡി അഫയേഴ്സ് ഡോ. ജാസ്പർ വിക്, ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ സ്വാഡ് എന്നിവർ പ്രസംഗിച്ചു.

പുതിയ പാത തുറന്ന് മുഖ്യമന്ത്രി നാട മുറിച്ച മഹാരാജാസ് സ്റ്റേഷനിൽ നിന്നു മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം വിശിഷ്ടാതിഥികൾ ആദ്യ യാത്രക്കാരായി കടവന്ത്ര സ്റ്റേഷനിൽ വന്നിറങ്ങി. നിപ പ്രതിരോധത്തിൽ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിലെ നഴ്സുമാർക്കു വേണ്ടി സമർപ്പിച്ച ഉദ്ഘാടന യാത്രയിൽ മന്ത്രി കെ.കെ. ശൈലജയ്ക്കൊപ്പം 300 നഴ്സുമാർ പങ്കാളികളായി. വൃദ്ധ സദനങ്ങളിലെ അന്തേവാസികൾക്കു വേണ്ടിയും സർവീസ് നടത്തി.

തൈക്കൂടം സർവീസ്  ഇന്നു മുതൽ

കൊച്ചി∙ മെട്രോയുടെ തൈക്കൂടം സർവീസ് ഇന്നു രാവിലെ ആരംഭിക്കും. രാവിലെ 6നു തൈക്കൂടം സ്റ്റേഷനിൽ നിന്നും ആലുവയിൽ നിന്നും ആദ്യ സർവീസ് തുടങ്ങും. അവസാന സർവീസ് രാത്രി 10ന് ഇൗ രണ്ടു സ്റ്റേഷനുകളിൽ നിന്നും പുറപ്പെടും. തൈക്കൂടത്തു നിന്ന് ആലുവ വരെ 53 മിനിറ്റാണ് ഇപ്പോൾ യാത്രാസമയം. ഒരു മാസത്തിനു ശേഷം ഇത് 43 മിനിറ്റാവും. ടിക്കറ്റ് ചാർജ് 60 രൂപ. ഇൗ മാസം 18 വരെ മെട്രോ യാത്രാ നിരക്കിൽ 50 % ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. 25 വരെ പാർക്കിങ് സൗജന്യം.

ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടം. തൈക്കൂടത്തു നിന്നു പേട്ട വരെയുള്ള ലൈൻ അടുത്തവർഷം ജനുവരിയിൽ പൂർത്തിയാക്കുമെന്നു കെഎംആർഎൽ അറിയിച്ചു. പേട്ട – എസ്എൻ ജംക്‌ഷൻ നിർമാണ ഉദ്ഘാടനവും വാട്ടർ മെട്രോയുടെ വൈറ്റില ടെർമിനൽ നിർമാണവും മുഖ്യമന്ത്രി നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ അതേ സമയത്തുതന്നെ എസ്എൻ ജംക്‌ഷനിലേക്കുള്ള മെട്രോ നിർമാണത്തിന്റെ പൈലിങ്ങിനും തുടക്കമായി. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com